കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ജനവിധി അനുകൂലമായി മാറിയതിൻ്റെ ആശ്വാസത്തിലാണ് ലോകം. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനും റിപബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ ചരിത്ര മുന്നേറ്റം നടത്തിയിരിക്കുകയാണ്.
റിപബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടകളായി അറിയപ്പെട്ടിരുന്ന സംസ്ഥാനങ്ങൾ പോലും കൈവിടേണ്ടിവന്നതോടെ അവശേഷിക്കുന്ന ഭരണകാലം ട്രംപിന് കടുത്തപരീക്ഷണങ്ങളുടേതായി മാറുമെന്നുറപ്പായിരിക്കുകയാണ്. പതിവിൽനിന്ന് വിഭിന്നമായി റിപബ്ലിക്കൻ പാർട്ടിയുടെ പരാജയം സാമൂഹ്യമാധ്യമങ്ങളിലൂടെയടക്കം ലോകമാസകലം ആഘോഷിക്കപ്പെടു ന്നതിൽനിന്നുതന്നെ ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രസക്തി പ്രകടമാണ്. ആഗോള സമാധാനത്തിനു ഭീഷണിയായി ട്രംപ് മാറുമ്പോൾ അതിനെതിരായി അമേരിക്കൻ ജനത തന്നെ നിലകൊണ്ടുവെന്നതാണ് ഏറ്റവും ആശ്വാസകരവും സന്തോഷകരവും.
വർത്തമാന സാഹചര്യത്തിൽ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പദവിയായ അമേരിക്കൻ പ്രസിഡന്റു് പദവിയിലിരുന്നുകൊണ്ട് ഭ്രാന്തമായ അഭിനിവേഷത്തോടെയാണ് ട്രംപ് പെരുമാറുന്നത്. നേരും നെറിയും മാത്രമല്ല, വെളിവും വിവേകവുമില്ലാത്ത അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും ലോകത്തിന്റെ ഉറക്കംകെടുത്തുകയാണ്. ഭൂമുഖത്തെ ഏറ്റവും വലിയ സൈനികശക്തിയായ രാജ്യത്തിൻ്റെ അധിപനാണ് ഈ അവിവേകി എന്നതാണ് ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളൊന്നുമില്ലാത്ത ആ ആശങ്കകളുടെ നിദാനം. പ്രതിഷേധിക്കാനും പ്രതികരിക്കാനുമെല്ലാം എല്ലാവർക്കും അധികാരമുണ്ടെങ്കിലും സംഭ്രമജനകമായ ഈ സാഹചര്യത്തിന് അറുതിവരുത്താൻ അമേരിക്കൻ ജനതക്കുമാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ തങ്ങളുടെ വ്യക്തിജീവിതത്തിനും ലോകത്തിൻ്റെ സമാധാനത്തിനും വെല്ലുവിളി ഉയർത്തുന്ന ഭരണാധികാരിയെ പാഠം പഠിപ്പിക്കാനും ശക്തമായ മുന്നറിയിപ്പുനൽകാനും അവർക്ക് സാധിച്ചിരിക്കുന്നു.
അമേരിക്ക ഫസ്റ്റ് എന്ന ദേശീയതയെ ഇളക്കിവിടുന്ന മുദ്രാവാക്യങ്ങളെയെല്ലാം തൃണവൽക്കരിച്ചുകൊണ്ടാണ് അവർ കൃത്യമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രാഷ്ട്രങ്ങളുടെ പരമാധികാരത്തിൻ്റെ മേൽ കടന്നുകയറുകയന്നെ ഏറ്റവും അപകടകരമായ പ്രവണതയെ വിനോ ദമാക്കിമാറ്റിയ ഭരണാധികാരിയാണ് ട്രംപ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് മുൻ മാതൃകയുണ്ടെങ്കിലും ഇത്ര നഗ്നമായ രീതിയിൽ നീതിയും ന്യായവും കാറ്റിൽപറത്തിക്കൊണ്ടുള്ള നടപടി ഇതാദ്യമാണ്. ഇറാനെതിരെയുള്ള നീക്കം ഈ തീക്കളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു. അധിനിവേശത്തിനിരയാക്കപ്പെട്ട മറ്റു പലരാഷ്ട്രങ്ങളും അമേരിക്കയുടെ അധീശാധിപത്യത്തിന് മുന്നിൽ ഒന്നു കുതറാൻപോലും കെൽപില്ലാതെ കീഴടങ്ങിയപ്പോൾ ഇറാന്റെ കാര്യത്തിൽ സകല കണക്കുകൂട്ടലും തെറ്റിയെ ന്നുമാത്രമല്ല, ശക്തമായ തിരിച്ചടിയേൽക്കുകയുമായിരുന്നു. ഇസ്രാഈലുമായി ചേർന്ന് പശ്ചിമേഷ്യയിൽ പല ഗുഢതാൽപര്യങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ട ട്രംപിന് ഇറാന്റെ ചെറുത്തുനിൽപ്പിനും തന്ത്രപരമായ തിരിച്ചടിക്കും മുന്നിൽ മറുപടിയുണ്ടായിരുന്നില്ല.
തുടങ്ങിവെച്ച ആക്രമണം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ട്രംപ് നട്ടംതിരിയുമ്പോഴും അദ്ദേഹത്തിന്റെ നീക്കങ്ങളെക്കുറിച്ച് ലോകം എപ്പോഴും അങ്കലാപ്പിലായിരുന്നു. ഈ ഘട്ടത്തിലാണ് അമേരിക്കൻ ജനത അധിനിവേശത്തിനും അതികമങ്ങൾക്കും ബാലറ്റിലൂടെ കടുത്ത താക്കീത് നൽകിയിരിക്കുന്നത്. ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടമായതോടെ അക്ഷരാർത്ഥത്തിൽ അദ്ദേഹം ബന്ധനസ്ഥനായിരിക്കുകയാണ്. വഴിവിട്ട നീക്കങ്ങൾക്കെല്ലാമുള്ള കെൽപ് അദ്ദേഹത്തിന് നഷ്ടമായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ, താൻ മത്സര രംഗത്ത് ഇല്ലാതിരുന്നതാണ് പരാജയത്തിന് കാരണമെന്ന് പ്രതികരിച്ച ട്രംപ്, പരാജയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതോടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും തിരുത്തിയിരിക്കുകയാണ്. ജനപ്രതിനിധി സഭയുടെ നിയന്ത്രണം ലഭിക്കുന്നതോടെ ട്രംപ് ഭരണകൂടത്തിനെതിരേ അന്വേഷണം നടത്താൻ ഡെമോക്രാറ്റുകൾ ക്ക് അധികാരം ലഭിക്കും. ഇറാനിൽ ട്രംപ് ആരംഭിച്ച യുദ്ധത്തെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ യുദ്ധത്തിൻ്റെ ഭാവിയും ചോദ്യം ചെയ്യപ്പെട്ടേക്കും. നീലക്കൊടുങ്കാറ്റിൽ പ്രതീക്ഷാ നിർഭരവും ത്രസിപ്പിക്കുന്നതുമായ പല വിജയങ്ങൾക്കും അമേരിക്ക സാക്ഷിയായിരിക്കുകയാണ്.
മിഷിഗണിൽ നിന്ന് സെനറ്റിലേക്കുള്ള ഡോ. അബ്ദുൽ അൽ സഈദിൻ്റെ വിജയം ചരിത്രപരമാണ്. അമേരിക്കൻ രാഷ്ട്രീയത്തിൽ മുസ്ലിം സ്വത്വം ചർച്ചയാകുമ്പോഴെല്ലാം വിദ്വേഷ പ്രചാരണങ്ങളും തീവ്രവാദ ആരോപണങ്ങളും ഉയരാറുണ്ട്. അത്തരം പ്രചാരണങ്ങൾക്കു മുന്നിൽ പതറാതെയാണ് അൽ സഈദ് മുന്നേറിയത്. രാഷ്ട്രീയ പ്രവേശനകാലം മുതൽ അൽ സഈദിന് വംശീയവും മതപരവുമായ അധിക്ഷേപങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിലും സമാനമായ ആരോപണങ്ങൾ ആവർത്തിച്ചു. ഒടുവിൽ വിദ്വേഷ പ്രചാരണങ്ങളെയും ഇസ്ലാ മോഫോബിക് അജണ്ടകളെയും മറികടന്നാണ് മിഷിഗണിൽ വിജയിച്ചത്. ഫലസ്തീനിയൻഅമേരിക്കൻ ആക്ടിവിസ്റ്റ് ആബിർ കവാസിൻ്റെ വിജയവും സമാനമാണ്. ന്യൂയോർക്ക് സ്റ്റേറ്റ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെ ടുന്ന ആദ്യത്തെഫലസ്തീനിയൻ വനിതയെന്ന ചരിത്രനേ ട്ടമാണ് 35 കാരിയായ ആബിർ സ്വന്തമാക്കിയത്. നെതന്യാഹുവിന് പിന്നാലെ ട്രംപും പരാജയപ്പെട്ടത് കേന്ദ്രസർക്കാറിന് വലിയ മുന്നറിയിപ്പാണെന്നതിൽ സംശയമില്ല.
ജനാധിപത്യത്തെ അട്ടിമറിച്ചും ധ്രുവീകരണത്തിലൂടെയും പ്രതിഷേധങ്ങളെ അടിച്ചമർത്തിയും ഫാസിസ്റ്റ് സമീപന ത്തിലൂടെ അധികാരം നിലനിർത്താമെന്ന മോദിയുടെയും കൂട്ടരുടെയും അഹന്തക്കുള്ള ശക്തമായ മുന്നറിയിപ്പാണിത്. അമേരിക്കൻ മുൻ പ്രസിഡൻ്റ് ബരാക് ഒബാമ പ്രതിക രിച്ചതുപോലെ വിശ്വേഷത്തിനും വിഭജനത്തിനുമെതിരായ ജനവിധിയാണ് ഇവിടങ്ങളിലെല്ലാം സംഭവിച്ചിരിക്കുന്നത്. ജനഹിതം മാനിക്കാത്ത ഒക്കച്ചങ്ങാതിമാർക്ക് കിട്ടിയ തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊണ്ട് ജനാധിപത്യത്തിന്റെയും മതേതരത്തത്തിന്റെയും വഴിയിലൂടെ സഞ്ചരിക്കാൻ കേന്ദ്രസർക്കാർ തയാറാകേണ്ടതുണ്ട്.


