ചണ്ഡീഗഢ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ നിർണ്ണായക മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ തകർപ്പൻ സെഞ്ചുറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ആഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും ശ്രദ്ധ നേടുന്നത്.
ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പേരെഴുതിയ ബാറ്റുമായി ക്രീസിലിറങ്ങിയ അസ്ഹറുദ്ദീൻ, സെഞ്ചുറി തികച്ചതിന് പിന്നാലെ ബാറ്റുയർത്തി ആ പേര് ക്യാമറയ്ക്ക് മുന്നിൽ കാണിച്ചുകൊടുത്തു. ഡ്രസ്സിംഗ് റൂമിലിരുന്ന സഞ്ജു സാംസൺ ചെറിയൊരു പുഞ്ചിരിയോടെയാണ് ഈ സ്നേഹപ്രകടനത്തെ വരവേറ്റത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുന്നോട്ട് പോകാൻ കേരളത്തിന് ജയം അനിവാര്യമായ മത്സരത്തിലാണ് അസ്ഹറുദ്ദീൻ തകർപ്പൻ ഇന്നിംഗ്സ് പുറത്തെടുത്തത്. ഓപ്പണറായി ഇറങ്ങിയ താരം 57 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 101 റൺസാണ് അടിച്ചുകൂട്ടിയത് (സ്ട്രൈക്ക് റേറ്റ്: 177.19).
ടൂർണമെന്റിലുടനീളം മിന്നും ഫോമിലാണ് അസ്ഹറുദ്ദീൻ; പോണ്ടിച്ചേരിക്കെതിരെ 48 പന്തിൽ 78 റൺസും അസമിനെതിരെ 37 പന്തിൽ പുറത്താകാതെ 93 റൺസും നേടിയതിന് പിന്നാലെയാണ് ഈ സെഞ്ചുറി നേട്ടം.
ഐപിഎൽ 2027 ലേലത്തിൽ പ്രതീക്ഷ
തുടർച്ചയായ വെടിക്കെട്ട് പ്രകടനങ്ങളിലൂടെ വരാനിരിക്കുന്ന ഐപിഎൽ 2027 ലേലത്തിൽ അസ്ഹറുദ്ദീന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നേരത്തെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീമിന്റെ ഭാഗമായിരുന്നെങ്കിലും അന്ന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
പിന്നീട് മറ്റു ടീമുകളിലും താരം ഇടംനേടിയിരുന്നില്ല. വിക്കറ്റ് കീപ്പർ-ബാറ്റർ എന്ന നിലയിലും മികച്ച ടി20 റെക്കോർഡുകളുടെ കരുത്തിലും ഇത്തവണ ലേലത്തിൽ പേഴ്സിൽ കൂടുതൽ തുക ബാക്കിയുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ ടീമുകൾ അസ്ഹറുദ്ദീനെ പരിഗണിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ സഞ്ജു സാംസൺ, വിഷ്ണു വിനോദ്, വിഘ്നേഷ് പുത്തൂർ എന്നീ മലയാളി താരങ്ങളാണ് ഐപിഎല്ലിൽ സജീവമായുള്ളത്.
കേരളത്തിന് 268 റൺസിന്റെ കൂറ്റൻ സ്കോർ
ഹിമാചൽ പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ഓപ്പണർ രോഹൻ കുന്നുമ്മൽ 16 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 35 റൺസെടുത്ത് മികച്ച തുടക്കം നൽകി.
ക്യാപ്റ്റൻ സഞ്ജു സാംസൺ 21 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 44 റൺസെടുത്ത് പുറത്തായി. വിഷ്ണു വിനോദ് 11 പന്തിൽ 22 റൺസും സംഭാവന നൽകി.
അവസാന ഓവറുകളിൽ സൽമാൻ നിസാറും അബ്ദുൽ ബാസിതും ചേർന്ന് നടത്തിയ തകർപ്പൻ ബാറ്റിംഗാണ് സ്കോർ 268-ൽ എത്തിച്ചത്.
സൽമാൻ നിസാർ 15 പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഉൾപ്പെടെ 26 റൺസും, അബ്ദുൽ ബാസിത് വെറും അഞ്ച് പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം 24 റൺസും നേടി പുറത്താകാതെ നിന്നു. ഹിമാചലിനായി മൃദുൽ സുരോച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി.
കേരളം മത്സരത്തിൽ 67 റൺസിൻ്റെ വമ്പൻ ജയമാണ് സ്വന്തമാക്കിയത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശിനെ 201 റൺസിൽ ഒതുക്കുകയായിരുന്നു കേരളം.


