മുംബൈ: രാജസ്ഥാൻ റോയൽസിൽ താൻ കളിച്ചിരുന്ന കാലത്ത് ഏഴ് വയസ്സുമാത്രമുണ്ടായിരുന്ന വൈഭവ് സൂര്യവംശി, അന്നുതന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയിരുന്നിരിക്കാമെന്ന അമ്പരപ്പിക്കുന്ന അവകാശവാദവുമായി ന്യൂസിലൻഡ് സ്പിന്നർ ഇഷ് സോധി. റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ 15-കാരൻ സൂര്യവംശി നേടിയ റെക്കോർഡ് ഇരട്ടസെഞ്ച്വറിക്ക് പിന്നാലെയാണ് സോധിയുടെ പ്രശംസ.
ദോഹയിൽ നടന്ന മത്സരത്തിൽ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ വെറും 14.2 ഓവറിൽ ഏഴ് വിക്കറ്റിന് ജയിച്ചപ്പോൾ, 53 പന്തിൽ 28 സിക്സറുകളും ഏഴ് ഫോറുകളും ഉൾപ്പെടെ 204 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. 214 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇന്ത്യ എയുടെ തകർപ്പൻ വിജയം.
” കരിയറിൽ അവൻ ചെയ്യുന്നതുപോലെ സ്ഥിരതയോടെ പന്ത് അടിക്കുന്നത് ഞാൻ കണ്ടിട്ടില്ല”
പിടിഐയോട് സംസാരിക്കവെയാണ് സൂര്യവംശിയുടെ ബാറ്റിംഗ് കരുത്തിനെ ഇഷ് സോധി വാഴ്ത്തിയത്. “ഞാൻ രാജസ്ഥാൻ റോയൽസിനൊപ്പമുണ്ടായിരുന്നപ്പോൾ അവന് ഏകദേശം ഏഴ് വയസ്സ് പ്രായമുണ്ടാകുമായിരുന്നു. പക്ഷേ ആ ഘട്ടത്തിൽ തന്നെ അവൻ രാജ്യത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനായിരുന്നിരിക്കാം.
അവന്റെ സ്ട്രൈക്കിംഗ് പവർ അവിശ്വസനീയമാണ്. സ്വന്തം ലോകത്ത് അവൻ വേറെ തന്നെയാണ്. എന്റെ കരിയറിൽ അവൻ ചെയ്യുന്നതുപോലെ സ്ഥിരതയോടെ പന്ത് അടിക്കുന്നത് ഞാൻ കണ്ടിട്ടില്ല,” സോധി പറഞ്ഞു.
സൂര്യവംശിക്കൊപ്പം അഭിഷേക് ശർമ്മയും ഇഷാൻ കിഷനും കൂടി ചേരുന്നതോടെ യശസ്വി ജയ്സ്വാളിനെപ്പോലൊരു താരത്തിന് പോലും ടി20 ടീമിൽ ഇടംകിട്ടാത്ത സാഹചര്യമാണുള്ളതെന്നും സോധി ചൂണ്ടിക്കാട്ടി.
“സൂര്യവംശിയിൽ എന്തോ പ്രത്യേകതയുണ്ട്. അവനെ ഇത്ര മികച്ചതാക്കുന്നത് എന്താണെന്നതിനെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
2026 ഐപിഎല്ലിലെ റെക്കോർഡ് കുതിപ്പ്
2026-ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 16 മത്സരങ്ങളിൽ നിന്ന് 48.50 ശരാശരിയിലും 237.30 സ്ട്രൈക്ക് റേറ്റിലും 776 റൺസ് നേടി സൂര്യവംശി ചരിത്രം കുറിച്ചിരുന്നു.
ഓറഞ്ച് ക്യാപ്പ്, മോസ്റ്റ് വാല്യുബിൾ പ്ലെയർ (MVP), സീസണിലെ എമർജിംഗ് പ്ലെയർ പുരസ്കാരങ്ങളും താരത്തെ തേടിയെത്തി.
2012-ൽ ക്രിസ് ഗെയ്ൽ സ്ഥാപിച്ച ഒരു ഐപിഎൽ സീസണിലെ 59 സിക്സറുകളെന്ന റെക്കോർഡ് തകർത്ത സൂര്യവംശി 72 സിക്സറുകൾ നേടുകയും, ഒരൊറ്റ സീസണിൽ പവർപ്ലേയിൽ 521 റൺസ് അടിച്ചുകൂട്ടി പുതിയ ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.


