മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് പുട്ട്. കടലക്കറിയും പഴവും പപ്പടവും ചേർത്ത് കഴിക്കാൻ ഏറെ രുചികരമാണെങ്കിലും, വീട്ടിൽ തയ്യാറാക്കുമ്പോൾ പലപ്പോഴും പുട്ട് കല്ലുപോലെ കട്ടിയായിപ്പോകുന്നു എന്ന പരാതി മിക്കവർക്കുമുണ്ട്. എത്ര ശ്രദ്ധയോടെ നനച്ചാലും കടകളിൽ ലഭിക്കുന്നതുപോലെ മൃദുവായ പുട്ട് വീട്ടിൽ കിട്ടാറില്ല. എന്നാൽ അടുക്കളയിലുള്ള ഒരു ലളിതമായ ചേരുവ ഉപയോഗിച്ച് ഈ പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കാണാം.
സാധാരണ പുട്ടുപൊടിക്കൊപ്പം അൽപ്പം വേവിച്ച ചോറ് കൂടി ചേർത്ത് പൊടിച്ചെടുത്താൽ അത്യന്തം മൃദുവായ പുട്ട് തയ്യാറാക്കാം. പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ വിഭവം രാവിലത്തെ പ്രഭാതഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം. ‘മിയ കിച്ചൺ’ എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഈ എളുപ്പവഴി എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
അരിപ്പൊടി – 1 കപ്പ്
വേവിച്ച ചോറ് – 1 കപ്പ്
ചുവന്നുള്ളി – ആവശ്യത്തിന്
ജീരകം – അൽപ്പം
ഉപ്പ് – ആവശ്യത്തിന്
തേങ്ങ ചിരകിയത് – ആവശ്യത്തിന് (ലഭ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് അരിപ്പൊടിയിലേക്ക് ഒരു കപ്പ് വേവിച്ച ചോറ് ചേർക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, അൽപ്പം ജീരകവും, ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും ചേർത്ത് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക. (ചോറിലെ ഈർപ്പം ഉള്ളതിനാൽ പ്രത്യേകം വെള്ളം ഒഴിച്ച് നനയ്ക്കേണ്ടതില്ല).
പുട്ടുകുടത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വെച്ച് ചൂടാക്കുക.
പുട്ടുകുറ്റിയിലേക്ക് തയ്യാറാക്കിവെച്ച പൊടി നിറയ്ക്കുക; ലഭ്യമെങ്കിൽ ഇടയ്ക്കും മുകളിലുമായി അൽപ്പം തേങ്ങ ചിരകിയതും ചേർക്കാം.
ആവിയിൽ നന്നായി വേവിച്ചെടുത്ത ശേഷം ചൂടോടെ വിളമ്പാം. കറികൾക്കൊപ്പമോ അല്ലാതെയോ ഈ പഞ്ഞിപോലുള്ള പുട്ട് ആസ്വദിക്കാം.


