തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പിരി പോകുന്നയാളുകള്‍ ഉണ്ടാവാറുണ്ട്. അത്തരത്തില്‍ കിളി പോയവര്‍ ഇത്തവണ സി.പി.എമ്മുകാരായും സഹയാത്രികരായുമൊക്കെയുണ്ട്. മുന്‍ മന്ത്രി കെടിക്ക ഇത്തരത്തിലൊരാളാണ്. സി.പി.എമ്മിന്റെ ഇറയത്ത് വെയിലും മഴയും കൊണ്ട് കാലം കുറേ തള്ളി നീക്കിയ കെറ്റിക്ക അവസാനം ഗത്യന്തരമില്ലാതെ കാല് സഖാവില്‍ നിന്നും മുഴുസഖാവായി. എന്നിട്ടും വേണ്ടത്ര റീച്ച് കിട്ടുന്നില്ലെന്ന് കെറ്റിക്കയ്ക്ക് തന്നെ ഇടക്കിടക്ക് തോന്നും, പിന്നെ ചന്ദ്രഹാസവുമായി ഇറങ്ങുക പതിവാണ്. അധികാരത്തിലിരിക്കെ അഴിമതിയുടെ പേരില്‍ രാജിവെച്ചൊഴിയേണ്ടി വന്ന കൊച്ചാപ്പാ ഛായക്ക് അധികാരം പോയതോടെ അധികാരത്തിലിരിക്കുന്ന വരോടൊക്കെ കലിപ്പോട് കലിപ്പാണ്. മലപ്പുറത്ത് സി.പി.എമ്മുകാര്‍ക്ക് പറയത്തക്ക നേതാക്കന്മാരൊന്നും ഇല്ലാതായതോടെ ആ സ്ഥാനത്തേക്ക് ടിയാന് വലിഞ്ഞു കയറാന്‍ ശ്രമം ആരംഭിച്ചത്. അതിനെന്തു വഴി എന്നു ചോദിച്ചാല്‍ മലപ്പുറമാകുമ്പോള്‍ ലീഗിനെ ചൊറിഞ്ഞാല്‍ മതിയെന്ന് മൂപ്പര്‍ക്ക് നന്നായി അറിയാം. ജില്ലാ സെക്രട്ടറി മലപ്പുറത്തെ വര്ഗീയമാക്കിയപ്പോള് കെറ്റിക്കക്ക് ഇപ്പോള്‍ പട്ടികജാതിയായാല് പ്രശ്നമാണ്. കാണുന്നതെന്തും വര്‍ഗീയമാണ്.
മുസ്ലിം ലീഗ് 22 മണ്ഡലങ്ങളിലും ജയിച്ചത് മതം പ ഞ്ഞാണെന്നാണ് മുപ്പര് ഈയിടെ കണ്ടെത്തിയത്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നു പറഞ്ഞ് സിമിയുമായി വന്നയാളായിരുന്നു പിന്നെ പിന്നെ എ.കെ.ജിയും ഇ.എം.എസുമൊന്നും ഇല്ലാത്ത സ്വര്ഗത്തിലേക്കില്ലെന്ന് കട്ടായം പറയുന്നേടത്ത് വരെ കാര്യമെത്തി. അപ്പോള്‍ പിന്നെ ലീഗിനെ ചാരി ഞാനൊരു പത്തരമാറ്റ് മതേതരനാണെന്ന് തെളിയിക്കാനൊക്കെ ഈസിയാണ്. എല്ലാം കഴിഞ്ഞ് അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടി തോറ്റതിലും കെറ്റിക്ക കണ്ടെത്തിയത് മലപുറത്തെ വര്‍ഗീയതയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാ നാര്‍ഥി മുഹമ്മദ് അല്‍ സഈദിന്റെ വിജയത്തെ പ്രകീര്‍ത്തിച്ച് കെ.ടിക്ക ഫേസ്ബുക്കില്‍ നെടുങ്കനൊരു ഖണ്ഡ കാവ്യമങ്ങ് എഴുതി. മിഷിഗണില്‍ 3 ശതമാനം മാത്രം മുസ്ലിം ജനസംഖ്യയുള്ള ഇടത്ത് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി ജയിച്ചത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നങ്ങ് വെച്ചു കാച്ചി. പണ്ടത്തെ പിള്ളാരല്ലല്ലോ ജെന്‍സി പിള്ളാര് ഉരുളക്ക് ഉപ്പേരി പോലെ കെറ്റിക്കക്ക് അവരും കമന്റായി കനത്തിലൊന്നു താങ്ങി. കെറ്റിക്ക എട്ടു നിലയില്‍ തവനൂരില്‍ പൊട്ടിയിടത്ത് വി.എസ് ജോയിയുടെ വിജയവും ഇങ്ങനെ തന്നെയല്ലെ എന്നു അവരങ്ങ് ചോദിച്ചു. പുലിവാല് പിടിച്ച കെറ്റിക്ക് ഇതില്‍ നിന്നും കരകയറാന്‍ എന്ത് വഴിയെന്ന് നോക്കി. പിന്നെ ഒന്നും നോക്കിയില്ല ലിഗ് മതം പറഞ്ഞ് വോട്ടുപിടിച്ചുവെന്നങ്ങ് കാച്ചി. അതാവുമ്പോള്‍ ട്രംപൊക്കെ പോയി ലീഗില്‍ ഒതുങ്ങാമെന്ന് ടിയാന് കണക്ക് കൂട്ടി. സംവരണമില്ലാത്ത പഞ്ചായത്ത് പ്രസിഡന്റേറോ മുന്‍സിപ്പല്‍ ചെയര്‍മാനോ ലീഗിനില്ല എന്ന് കുടി അങ്ങ് വെച്ച് കാച്ചി. പക്ഷേ മലപ്പുറത്ത് നിന്നു തന്നെ വെടിപ്പിന് മറുപടിയും കിട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നെ മറുപടി കൊടുത്തതോടെ പത്തി താഴ്ത്തി മാളത്തിലേക്ക് വലിഞ്ഞിട്ടുണ്ട്.
രാഷ്ട്രീയമായി ലീഗിനെ നേരിടാന്‍ ശേഷിയില്ലാതെ വരുമ്പോള്‍ പച്ചക്കള്ളങ്ങളും മതവിദ്വേഷവും കുത്തിവെച്ച് മലപ്പുറത്തെയും ലീഗിനെയും അപരവല്‍ക്കരിക്കുക എന്നത് നേരത്തേയും സി.പി.എം നേതാക്കള്‍ പ്രയോഗിച്ച തന്ത്രമാണ്. പക്ഷേ വിലപ്പോവില്ലെന്ന് അനുഭവത്തിലൂടെ അവര്‍ മനസിലാക്കിയതുമാണ്. എന്നാലും ഇടക്കിടക്ക് ലീഗെന്ന് കേള്‍ക്കുമ്പോള്‍ തികട്ടി അറിയാതെ ഉള്ളിലെ വിദ്വേഷം പുറത്തേക്ക് വമിക്കും. കെറ്റിക്കക്ക് ഒരു ശൈലിയുണ്ട്. എന്തിനേയും ഏതിനേയും വെല്ലുവിളിക്കും. വേണ്ടി വന്നാല്‍ ഹിമാലയത്തെ പോലും വെല്ലുവിളിക്കും
അതാവുമ്പോള്‍ മറുപടി ഒന്നും കിട്ടില്ലല്ലോ. ധൈര്യമുണ്ടെങ്കില്‍ എന്നെ നേരിടാന്‍ തവനൂരിലേക്ക് വരു എന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വെല്ലുവിളി. ലീഗിനും കോണ്‍ഗ്രസിനും എന്നെ തൊടാനാവില്ലെ ന്നൊക്കെ ആഞ്ഞു തള്ളിയിരുന്ന ജലീല്‍ ഒടുവില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിക്കു മുന്നില്‍ കമിഴ്ന്നടിച്ച് വീണതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റുകളിലൊന്ന്. വീണതല്ല സ്രാഷ്ടാങ്കം പ്രണമിച്ചതാണെന്നൊക്കെയാണ് സി.പി.എമ്മുകാര്‍ തന്നെ പറയുന്നത്. ജലീലിനോളം കുബുദ്ധിയുള്ള മറ്റൊരാളും സി.പി.എമ്മിനൊപ്പം ഓടുന്നവരില്‍ നിലവിലുണ്ടാവില്ല. സി.പി.എമ്മുകാരാനായാല്‍ രണ്ട് തവണ മാത്രമേ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കൂ എന്നറിയുന്നത് കൊണ്ട് ആദ്യമൊക്കെ വീടിന്റെ ഇറയത്ത് ആട് കേറി നില്ക്കുന്ന പോലെ സി.പി.എമ്മിന്റെ ഇറയത്ത് കഴിഞ്ഞു. കിട്ടാവുന്നേടത്തോളം പുറത്ത് നിന്നും നേടി. നാലു തവണ എം.എല്‍.എയും ഒരു തവണ മന്ത്രിയുമായി. അധികാരത്തിന് ആര്‍ത്തിയില്ലെന്ന് നാഴികക്ക് നാല്പത് വട്ടം പറയും, പ്രയോഗത്തില്‍ വരുത്തില്ല താനും. ഇത്തവണ ദയനീയ തോല്‍വി വാങ്ങിയതോടെ ഇനി മത്സരിക്കാന്‍ ആരും സീറ്റ് നല്‍കില്ലെന്ന തിരിച്ചറിവ് ലഭിച്ചത് കൊണ്ട് ഇനി വിസിബിലിറ്റിക്കായി ലീഗിന്റെ മെക്കിട്ട് കേറ്റം ഔദ്യോഗികമാക്കുകയാണ്. ഇനിയും സംസ്ഥാനത്ത് പാര്‍ട്ടികള്‍ ഉള്ളതിനാലും പറഞ്ഞ വാക്ക് കെറ്റിക്ക പ്രായോഗിക വത്കരിക്കുന്നതില്‍ അച്ചട്ടാണെന്നതിനാലും ബി.ജെ.പിയിലേക്ക് ചേക്കേറിയാലും അത്ഭുതപ്പെടാനില്ല. അന്നും ന്യായീകരിക്കാന്‍ സ്വന്തമായി അടവുകള്‍ മുന്‍മന്ത്രി കൊണ്ടുവരും. ലീഗിന്റെ ചിലവില്‍ അല്ല ഞാന്‍ കഴിയുന്നത് ഭാര്യയോട് വായ്പ വാങ്ങിയിട്ടാണെന്ന ഒപ്പം രണ്ട് കിന്റല്‍ ഭാരത്തില്‍ മാസ് ഡയലോഗും ഫിറ്റാക്കും. എന്നിട്ട് താന്‍ പിടിച്ച മുയലിന് നാലു കൊമ്പെന്ന് കെറ്റിക്ക പോസ്റ്റിടും.


