അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാനൊരുങ്ങി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ. പോർച്ചുഗീസ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോയ്ക്ക് ദേശീയ കുപ്പായത്തിൽ ഒരു മത്സരം കൂടി കളിക്കാനുള്ള അവസരം ഫെഡറേഷൻ ഒരുക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ നിലവിലെ പരിശീലകൻ ഹൊർഗെ ജെസ്യൂസിന് കീഴിലായിരിക്കില്ല റൊണാൾഡോയും സംഘവും കളത്തിലിറങ്ങുകയെന്നാണ് വിവരം. ഈ മത്സരത്തിൽ പോർച്ചുഗലിനെ മറ്റൊരു കോച്ച് പരിശീലിപ്പിച്ചേക്കുമെന്ന് അന്താരാഷ്ട്ര സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർഗെ ജെസ്യൂസുമായി കടുത്ത ഭിന്നതയിൽ തന്നെയാണ് പോർച്ചുഗീസ് സൂപ്പർതാരമുള്ളത്. ടീം ക്യാമ്പ് വിട്ടതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് ഫെഡറേഷൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. സസ്പെൻഷൻ കാലാവധി അവസാനിച്ചതോടെ പുതിയ സ്ക്വാഡിൽ റോണോ ഉൾപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു.
എന്നാൽ സ്ക്വാഡ് പ്രഖ്യാപനത്തിന് തൊട്ട് മുൻപ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. അപ്രതീക്ഷിത തീരുമാനം പോർച്ചുഗീസ് ഫെഡറേഷനെയും ഞെട്ടിച്ചിട്ടുണ്ട്. വിടവാങ്ങൽ മത്സരത്തിനായി മുൻ പരിശീലകൻ ലൂയിസ് സ്കൊളാരി കോച്ചായി എത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റൊണാൾഡോയ്ക്ക് സ്കൊളാരിയുമായി അടുത്ത ബന്ധമുണ്ട്.
നേഷൻസ് ലീഗിൽ വെയ്ൽസിനെതിരായ മത്സര ശേഷമാണ് ജെസ്യൂസും റോണോയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നു. എന്നാൽ, നോർവേക്കെതിരായ മത്സരത്തിൽ താരത്തെ ഇറക്കിയിരുന്നില്ല. വാം അപ്പ് ചെയ്യിച്ച ശേഷമാണ് ഇറക്കാതിരുന്നത്. ഇക്കാര്യത്തിൽ പരിശീലകനും താരവും തമ്മിൽ ഭിന്നതയുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ഡെൻമാർക്കി നെതിരായ മത്സരത്തിൽ ഗോൺസാലോ റാമോസായിരിക്കും ആദ്യ ഇലവനിൽ ഇറങ്ങുകയെന്നും ക്രിസ്റ്റ്യാനോ ബെഞ്ചിലായിരിക്കുമെന്നും ജെസ്യൂസ് പ്രഖ്യാപിച്ചത്. ഇതാണ് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചതും ടീം വിടാൻ പ്രേരിപ്പിച്ചതും. അനുവാദമില്ലാതെ ടീം ക്യാമ്പ് വിട്ടതോടെ താരത്തിന് 30 ദിവസത്തെ സസ്പെൻഷൻ ലഭിച്ചു. എന്നാൽ നവംബറിലെ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് മുൻപ് സസ്പെൻഷൻ കാലാവധി അവസാനിച്ചതോടെ താരം തിരികെ ടീമിലെത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അതിനിടെയാണ് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപനം നടത്തുന്നത്.


