റോഹിംഗ്യൻ മുസ്ലിംകൾക്കെതിരെ മ്യാന്മർ ഭരണകൂടം നടത്തിയത് വംശഹത്യയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരിക്കുകയാണ്. മ്യാന്മറിൻ്റെ നടപടി യു.എന്നിനു കീഴിലെ വംശഹത്യാ കൺവൻഷൻ്റെ ലംഘനമാണെന്നാണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വിധിന്യായത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
മ്യാന്മറിലെ വടക്കൻ റകിനേസ്റ്റേറ്റിൽ ഭരണകൂടവും പട്ടാളവും ചേർന്ന് ക്രൂരപീഡനത്തിലൂടെ ലക്ഷക്കണക്കിന് റോഹിംഗ്യൻ മുസ്ലിംകളെ ആട്ടിപ്പായിച്ച നടപടിക്കെതിരെ ആഫ്രിക്കൻ രാജ്യമായ ഗാംബിയ ഫയൽ ചെയ്ത കേസിലാണ് അന്താരാഷ്ട്ര കോടതിയുടെ നിർണായക ഉത്തരവ്. ഇതാദ്യമായാണ് വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒരു രാജ്യം കുറ്റം ചെയ്തെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിക്കുന്നത്. നാസി കാലത്തെ ഹോളോകോസ്റ്റ് കൂട്ടക്കൊലക്കു ശേഷം വംശഹത്യാ കുറ്റം അന്താരാഷ്ട്ര കോടതിയിൽ സ്ഥാപിക്കപ്പെടുന്ന നാലാമത്തെ കേസുകൂടിയാണിത്.
2017 ലെ സൈനിക നടപടിയിൽ 7,30,000 ത്തിലധികം റോഹിംഗ്യർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതിനു പിന്നാലെയാണ് 2019ൽ ഗാംബിയ മ്യാന്മറിനെതിരെ അന്താരാഷട്ര കോടതിയിൽ ഹർജി ഫയൽ ചെയ്തത്. 1948ലെ വംശഹത്യാ വിരുദ്ധ ഉടമ്പടി മ്യാന്മർ ലംഘിച്ചതായും വംശഹത്യ തടയുന്നതിൽ രാജ്യം പരാജയപ്പെട്ടതായും കോടതി കണ്ടെത്തിയിട്ടുണ്ട്. മ്യാന്മർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് പഴയ പടിയാക്കാനും കോടതി ഉത്തരവിട്ടിട്ടുമുണ്ട്. പലായനം ചെയ്ത റോഹിംഗ്യകൾക്ക് സുരക്ഷിതമായും സ്വമേധയായും സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാനുള്ള സാഹചര്യം മ്യാന്മർ ഒരുക്കണം, നശിപ്പിക്കപ്പെട്ട എല്ലാ പൊതുസ്വത്തുക്കളും തിരികെ നൽകുകയോ പകരം നൽകുകയോ ചെയ്യണം, കാണാതായവരെ കണ്ടെത്താനുള്ള നടപടികൾ സുഗമമാക്കുകയും മരിച്ചവർക്ക് ഉചിതമായ രീതിയിൽ അന്ത്യകർമങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
വംശഹത്യാ ആക്രമണങ്ങളിൽ മാനസികമായും ശാരീരികമായും ആഘാതമേറ്റവർക്ക് ആവശ്യമായ ചികിത്സയും പുനരധിവാസവും നൽകണമെന്നും റോഹിംഗ്യൻ ജനതയെ തുടർന്നുള്ള പീഡനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെന്ന് മ്യാന്മർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ഇതിനു പുറമെ മ്യാന്മർ സുരക്ഷാ സേനപതി നായിരത്തോളം റോഹിംഗ്യകളെ കൊലപ്പെടുത്തിയതായും ലൈംഗികാതിക്രമങ്ങൾ, കുട്ടികൾക്കെതിരായ ക്രൂരതകൾ, പലായനം ചെയ്യുന്നവർക്കു നേരെയുള്ള പീഢനങ്ങൾ എന്നിവ നടത്തിയതിനുള്ള തെളിവുകളും കോടതി സ്ഥിരീകരിച്ചിരിക്കുകയാണ്. സായുധരായ സാധാരണക്കാരെ സൈനിക നീക്കത്തിൽ പങ്കെടുപ്പിച്ചതും ഗുരുതരമായ നിയമലംഘനമായി കോടതി നിരീക്ഷിക്കുകയുണ്ടായി. എന്നാൽ റാഖൈൻ റോഹിംഗ്യ സാൽവേഷൻ ആർമി പൊലീസ് പോസ്റ്റുകൾക്കെതിരെ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു സൈനിക നീക്കമെന്നായിരുന്നു മ്യാന്മറിന്റെ വാദം.
15 അംഗ ബെഞ്ചിലെ ഒൻപത് ജഡ്ജിമാരുടെ ഭൂരിപക്ഷത്തോടെ ‘റിപ്പബ്ലിക് ഓഫ് ദി യൂണിയൻ ഓഫ് മ്യാന്മർ റോഹിംഗ്യകൾക്കെതിരെ വംശഹത്യ നടത്തി’ എന്ന് കോടതി കണ്ടെത്തിയതായാണ് ഐ.സി.ജെ പ്രസിഡൻ്റ് യുജി ഇവാ സാവ പ്രഖ്യാപിച്ചത്. 2017 ലെ സൈനിക നടപടിക്കിടെ മ്യാന്മർ തങ്ങളുടെ റോഹിംഗ്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ വംശഹത്യ നടത്തിയെന്നായിരുന്നു ലോകത്തിലെ ഏറ്റവും ഉയർന്ന കോടതിയുടെ ചരിത്രപ്രധാനമായ വിധിയിൽ പറഞ്ഞത്. മ്യാൻമറിനെതിരെ ഗാംബിയ നൽകിയ കേസിൽ ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. ഭരണകൂടങ്ങൾ നടത്തുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളെ ലോകം എങ്ങനെ നേരിടുന്നു എന്നതിന്റെ നിർണായകമായൊരു ആഗോള പരീക്ഷണമായാണ് ഈ കേസ് വിലയിരുത്തപ്പെട്ടിരുന്നത്. 2016-17 കാലഘട്ടത്തിൽ മ്യാന്മമർ സൈന്യം നടത്തിയ അക്രമങ്ങളെത്തുടർന്ന് മുസ്ലിം ഭൂരിപക്ഷമുള്ള 7,00,000ത്തിലധികം റോഹിംഗ്യകൾക്ക് അതിർത്തി കടന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു. മുതിർന്നവരെയും കുട്ടികളെയും കൂട്ടക്കൊല ചെയ്തതായും, കൂട്ടബലാത്സം ഗങ്ങൾ നടന്നതായും, ഗ്രാമങ്ങൾ ചുട്ടെരിച്ചതായുമുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളുമായാണ് അവർ അഭയം തേടിയെത്തിയത്.
ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം, ബംഗ്ലദേശിലെ അഭയാർത്ഥി ക്യാമ്പിനു പുറത്ത് സ്ഥാപിച്ച ടി.വി സ്ക്രീനുകളിലൂടെ അന്തിമ വിധി തത്സമയം കണ്ടുകൊണ്ടിരുന്ന റോഹിംഗ്യൻ ജനക്കൂട്ടം, വിധി വായിച്ചുകേട്ട നിമിഷം ആഹ്ലാദ ത്തോടെ ചാടിയെഴുന്നേൽക്കുകയും കൈയടിച്ച് ആഘോഷിക്കുകയും ചെയ്തു. പല റോഹിംഗ്യകളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ദുരിതങ്ങൾക്ക് ലഭിച്ച ദീർഘകാലത്തെ അന്താരാഷ്ട്ര അംഗീകാരമാണ് ഈ വിധി. അന്താരാഷ്ട്ര നിയമരംഗത്താകട്ടെ, 1948 ലെ വംശഹത്യ കൺവെൻഷന്റെ വ്യാഖ്യാനത്തിൽ ഇതൊരു നിർണായക നാഴികക്കല്ലായി മാറിയേക്കാം. എന്നാൽ, മ്യാന്മർ വിധിയുടെ പ്രായോഗിക ഫലം എന്തായിരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. വിധികൾ നേരിട്ട് നടപ്പിലാക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് അധികാരമില്ല; അതിനായി അംഗരാജ്യങ്ങളെയും യു എൻ രക്ഷാസമിതിയെയുമാണ് ആശ്രയിക്കുന്നത്. എങ്കിലും, അന്താരാഷ്ട്ര കോടതികളിലെ മറ്റ് വംശഹത്യ കേസുകളെ ഈ തീരുമാനം സ്വാധീനിക്കുമെന്നും, ഗസ്സ ആമകണവുമായി ബന്ധപ്പെട്ട് ഇസ്രാഈലിനെതിരായ കേസിലുൾപ്പെടെ ക്രിമിനൽ അന്വേഷണങ്ങളിലൂടെ വ്യക്തികളെ ഉത്തര വാദികളാക്കാനുള്ള ശ്രമങ്ങൾക്ക് ഇത് കരുത്തുപകരുമെന്നും പ്രതീക്ഷിക്കാം.


