കാലിക്കറ്റ് സർവകലാശാലയിലേക്ക് സിപിഎം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് എ. വിജയരാഘവൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നേതാവും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. നജ്മ തബ്ഷീറ. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പി.കെ. അഹമ്മദിനെതിരായ പരാമർശം തികഞ്ഞ നന്ദികേടാണെന്ന് അവർ കുറ്റപ്പെടുത്തി. ഉത്തരവാദപ്പെട്ട നേതാക്കളുടെ നാവിൽനിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാതിരിക്കാൻ സിപിഎം കടിഞ്ഞാണിടണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ നജ്മ ആവശ്യപ്പെട്ടു.
കാലിക്കറ്റ് സർവകലാശാല സത്യൻ അന്തിക്കാട്, പി.കെ. അഹമ്മദ് തുടങ്ങിയ പ്രമുഖർക്ക് ഡി.ലിറ്റ് നൽകിയതിനെ പരാമർശിച്ച് ‘കണ്ട അരിപ്രാഞ്ചികൾക്കൊക്കെ ഡോക്ടറേറ്റ് നൽകി’ എന്നായിരുന്നു വിജയരാഘവന്റെ പ്രസംഗം. ഈ പരാമർശം പി.കെ. അഹമ്മദിനെ ലക്ഷ്യംവെച്ചുള്ളതാണെന്ന് നജ്മ തബ്ഷീറ ആരോപിച്ചു.
സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ എല്ലാവരോടും സഹകരിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് പി.കെ. അഹമ്മദെന്ന് നജ്മ പറഞ്ഞു. അദ്ദേഹത്തിന്റെ സാമൂഹിക സേവനങ്ങളുടെ പ്രയോജനം വിജയരാഘവന്റെ പാർട്ടി ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക സംഘടനകൾക്കും ലഭിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമൂഹിക ഐക്യത്തിന് ഇതുവരെ കോട്ടം വരുത്തുന്ന വാക്കോ പ്രവൃത്തിയോ നടത്തിയിട്ടില്ലാത്ത വ്യക്തിക്കെതിരെ ഇത്തരം ആക്ഷേപകരമായ പരാമർശങ്ങൾ നടത്താൻ വിജയരാഘവനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് അറിയില്ലെന്നും നജ്മ കുറിച്ചു.
‘വിശപ്പ് മാറിയശേഷം അരിപ്പുരയ്ക്ക് തീയിടുന്ന നന്ദികെട്ടവരുടെ കഥ പോലെയാണ് ഈ സമീപനം’ എന്നും അവർ വിമർശിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളുടെ ഭാഗത്തുനിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും വിജയരാഘവന്റെ പ്രസ്താവനകൾക്ക് കടിഞ്ഞാണിടാൻ സിപിഎം തയ്യാറാകണമെന്നും നജ്മ തബ്ഷീറ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം:
ഈ നന്ദികേട് നിങ്ങളറിയണം. തൻ്റെ വിശപ്പ് മാറിയ ശേഷം അരിപ്പുരക്ക് തീയിടുന്ന നന്ദി കെട്ടവരുടെ കഥ ഒരുപാട് കേട്ടിട്ടില്ലേ,
കഴിഞ്ഞ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് സിപിഎം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച എ.വിജയരാഘവൻ മറ്റെല്ലാ ആക്രമ ആഹ്വാനങ്ങൾക്കിടയിൽ ഒരു നന്ദികേട് പറയുകയുണ്ടായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കുറച്ച് മുമ്പ്, സത്യൻ അന്തിക്കാട്, പികെ അഹമ്മദ് തുടങ്ങി സാമൂഹിക രംഗത്ത് മികച്ച് നിൽക്കുന്നവർക്ക് ഡി.ലിറ്റ് നൽകിയിരുന്നു.
ഇവർക്ക് നൽകിയ ഹോണററി ഡോക്ടറേറ്റ് ഉദ്ധരിച്ച് വിജയരാഘവൻ പറഞ്ഞത് കണ്ട അരിപ്രാഞ്ചികൾക്ക് ഒക്കെ ഡോക്ടറേറ്റ് നൽകിയെന്നാണ്. പികെ അഹമ്മദിനെ ഉദ്ദേശിച്ചത് അയാളിത് പറഞ്ഞത്. നമുക്കറിയുന്ന പികെ അഹമ്മദ് എന്ന വ്യക്തിത്വം സാമൂഹികവും രാഷ്ട്രീയവുമായി എല്ലാവരോടും സഹകരിക്കുകയും സേവന, കാരുണ്യ രംഗത്ത് നിറഞ്ഞു നിൽക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ സാമൂഹിക സേവനത്തിൻ്റെ ഗുണം വിജയരാഘവൻ്റെ പാർട്ടി ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക സംഘടനകളും അനുഭവിച്ചിട്ടുണ്ടാകും.
കേരളത്തിൻ്റെ സോഷ്യൽ ഫാബ്രിക്കിന് കോട്ടം വരുത്തുന്ന എന്തെങ്കിലും വാക്കോ പ്രവർത്തനമോ ഇന്നേവരെ നടത്തിയിട്ടില്ലാത്ത പികെ അഹമ്മദെന്ന വ്യക്തിക്കെതിരെ വഴിവിട്ട ആക്ഷേപ വാക്കുകൾ പറയാൻ വിജയരാഘവനെ പ്രേരിപ്പിച്ച ഘടകം എന്താണെന്നറിയില്ല. തികഞ്ഞ നന്ദികേട് കൂടിയാണിത്. ഉത്തരവാദപ്പെട്ട വ്യക്തിയുടെ നാവിൽ നിന്ന് വരുന്ന ഇത്തരം അസുഖ പ്രസ്താവനകൾക്ക് കടിഞ്ഞാണിടാൻ സിപിഎം തയ്യാറാവണം.


