കേരള ബാങ്കിലെ വായ്പാ കുടിശ്ശിക ലുലു ഗ്രൂപ്പ് പൂർണമായും അടച്ചുതീർത്തു. ഇതോടെ സ്വന്തം വീട്ടിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അശ്വതിയും ആറംഗ കുടുംബവും.
നാളെ രാവിലെ ബാങ്ക് അധികൃതർ വീടിന്റെ താക്കോൽ അശ്വതിക്കും കുടുംബത്തിനും കൈമാറുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. 34 ലക്ഷം രൂപയോളം ഉണ്ടായിരുന്ന കടബാധ്യത ലുലു ഗ്രൂപ്പിന്റെ ഇടപെടലിനെ തുടർന്ന് ബാങ്ക് അധികൃതർ 24 ലക്ഷമായി കുറച്ചിരുന്നു.
മറ്റൊരു ആശ്രയമില്ലാത്തതിനാൽ ജപ്തി ചെയ്ത സ്വന്തം വീടിന്റെ അടുക്കള വരാന്തയിലായിരുന്നു അശ്വതിയും ചെറിയ കുട്ടികളുൾപ്പെടെയുള്ള കുടുംബവും കഴിഞ്ഞിരുന്നത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ലുലു ഗ്രൂപ്പ് സഹായവുമായി രംഗത്തെത്തിയത്.
അശ്വതിയുടെ ഭർത്താവ് നിതിന്റെ അമ്മ സുനില 2018-ലാണ് 35 സെന്റ് സ്ഥലം പണയംവെച്ച് കേരള ബാങ്കിൽനിന്ന് വായ്പയെടുത്തത്. ഇതിനിടെ മരം മുറിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ നിതിന് ജോലിക്ക് പോകാൻ കഴിയാതായി. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയടക്കം കുടിശ്ശിക 34 ലക്ഷത്തോളമായതോടെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്.
ലുലു ഗ്രൂപ്പിന്റെ സഹായത്തോടെ വായ്പാ ബാധ്യത അവസാനിച്ചതോടെ അശ്വതിക്കും കുടുംബത്തിനും സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയാനുള്ള വഴിയാണ് തുറന്നിരിക്കുന്നത്.


