അമിതമായ വിയര്‍പ്പും ശരീരദുര്‍ഗന്ധവും പലരെയും അലട്ടുന്ന പ്രശ്നമാണ്. വ്യക്തിശുചിത്വത്തിലും ദൈനംദിന ജീവിതശൈലിയിലും ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഒരു പരിധിവരെ ഇത് നിയന്ത്രിക്കാനാകും. ശരീരദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് മാര്‍ഗങ്ങള്‍ അറിയാം.
- ദിവസവും രണ്ടുനേരം കുളിക്കാം
ശരീരത്തിലെ വിയര്‍പ്പും അഴുക്കും നീക്കം ചെയ്യാന്‍ പതിവായി കുളിക്കുന്നത് സഹായിക്കും. കക്ഷം, കാലുകള്‍, ശരീരത്തിലെ മടക്കുകളുള്ള ഭാഗങ്ങള്‍ എന്നിവ പ്രത്യേകം വൃത്തിയായി സൂക്ഷിക്കണം.
- ശരീരം നന്നായി തുടച്ചശേഷം വസ്ത്രം ധരിക്കുക
കുളിച്ചശേഷം ശരീരത്തിലെ ഈര്‍പ്പം പൂര്‍ണമായും തുടച്ചുമാറ്റണം. ഈര്‍പ്പം തങ്ങിനില്ക്കുന്നത് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ദുര്‍ഗന്ധത്തിനും കാരണമാകാം.
- ശരീരത്തിലെ രോമങ്ങള്‍ വൃത്തിയായി പരിപാലിക്കാം
കക്ഷം പോലുള്ള ഭാഗങ്ങളിലെ രോമങ്ങളില്‍ വിയര്‍പ്പും ഈര്‍പ്പവും തങ്ങിനില്ക്കാന് സാധ്യതയുണ്ട്. അതിനാല്‍ ഈ ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
- അനുയോജ്യമായ സോപ്പ് ഉപയോഗിക്കാം
ചര്‍മ്മത്തിലെ ബാക്ടീരിയകള്‍ വിയര്‍പ്പുമായി ചേരുമ്പോഴാണ് ശരീരദുര്‍ഗന്ധം ഉണ്ടാകുന്നത്. അനുയോജ്യമായ ആന്റിബാക്ടീരിയല്‍ ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നത് ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിച്ചേക്കാം.
- എസെന്‍ഷ്യല്‍ ഓയിലുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം
ലാവെന്‍ഡര്‍, പെപ്പര്‍മിന്റ് തുടങ്ങിയ എസെന്‍ഷ്യല്‍ ഓയിലുകള്‍ക്ക് സുഗന്ധമുണ്ടെങ്കിലും നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടുന്നത് അലര്‍ജിക്കും അസ്വസ്ഥതയ്ക്കും കാരണമാകാം. അതിനാല്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം.
- ചെറുനാരങ്ങ നീര് നേരിട്ട് പുരട്ടരുത്
ശരീരദുര്‍ഗന്ധം അകറ്റാന്‍ നാരങ്ങാനീര് ഉപയോഗിക്കുന്നത് ചിലര്‍ പിന്തുടരുന്ന രീതിയാണ്. എന്നാല്‍ ഇതിലെ ആസിഡ് ചര്‍മ്മത്തില്‍ ചൊറിച്ചിലും നീറ്റലും ഉണ്ടാക്കാം. പകരം അനുയോജ്യമായ ഡിയോഡറന്റുകളോ ആന്റിപെര്സ്പിറന്റുകളോ ഉപയോഗിക്കാം.
- ഭക്ഷണക്രമത്തിലും ശ്രദ്ധ വേണം
എരിവേറിയ ഭക്ഷണങ്ങള്‍, അമിതമായ കഫീന്‍ തുടങ്ങിയവ ചിലരില്‍ വിയര്‍പ്പ് വര്‍ധിപ്പിച്ചേക്കാം. ഭക്ഷണശീലങ്ങള്‍ ശ്രദ്ധിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ശുചിത്വം പാലിച്ചിട്ടും ശരീരദുര്‍ഗന്ധം മാറാതിരിക്കുകയോ അമിതമായ വിയര്‍പ്പ് ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്താല്‍ ഡോക്ടറുടെ നിര്‍ദേശം തേടണം.


