Dr. Sijith K R
Senior Consultant – Pulmonology
Aster MIMS Kozhikode
ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ മൂലം പല രോഗികളും പറയുന്ന ഒരു സ്ഥിരം പല്ലവിയുണ്ട് ‘ഡോക്ടറേ, ഇപ്പോള്‍ പണ്ടത്തെപ്പോലെ വേഗത്തില്‍ നടക്കാനോ പടികള്‍ കയറാനോ കഴിയുന്നില്ല. കുറച്ചു ദൂരം നടക്കുമ്പോഴേക്കും കിതപ്പാണ്. പ്രായത്തിന്റേതായ ക്ഷീണമാണല്ലോ അല്ലേ?’. എന്നാല്‍ ശ്വാസതടസ്സത്തെയും കിതപ്പിനെയും കേവലം പ്രായത്തിന്റെ അസ്വസ്ഥതകള്‍ എന്ന് പറഞ്ഞ് പലരും തള്ളിക്കളയാറാണ് പതിവ്. എന്തെന്നാല്‍ വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ക്കപ്പുറം ശ്വാസകോശത്തെ കാര്‍ന്നുതിന്നുന്ന സി.ഒ.പി.ഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മൊണറി ഡിസീസ്) എന്ന ഗുരുതരമായ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാകാം ഈ കിതപ്പും ക്ഷീണവും. സി.ഒ.പി.ഡിയുടെ ആദ്യകാല മുന്നറിയിപ്പുകള്‍ എന്തെല്ലാമാണെന്നും അവ എങ്ങനെ തിരിച്ചറിയാമെന്നും ഒരു പള്‍മണോളജിസ്റ്റ് എന്ന നിലയില്‍ വിശദീകരിക്കാം.
എന്താണ് സി.ഒ.പി.ഡി?
ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുകയും, വായു അറകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്ന ഒരു ദീര്‍ഘകാല രോഗാവസ്ഥയാണ് സി.ഒ.പി.ഡി. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസീമ എന്നീ രണ്ട് അവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ഈ രോഗം. ഇത് പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കുകയില്ലെങ്കിലും തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ മികച്ച ചികിത്സയിലൂടെ രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കും.
പ്രായത്തിന്റെ അസ്വസ്ഥതകളാണെന്ന് തെറ്റിദ്ധരിക്കരുത്
സി.ഒ.പി.ഡി എന്നത് കാലക്രമേണ വളരെ സാവധാനത്തിലാണ് ശ്വാസകോശത്തെ നശിപ്പിക്കുന്നത്. അതിനാല്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴേക്കും രോഗിക്ക് 40-50 വയസ്സ് പിന്നിട്ടിരിക്കും. ഇതുകൊണ്ടാണ് പലരും ഈ ലക്ഷണങ്ങളെ പ്രായമാകുന്നതിന്റെ സ്വാഭാവിക മാറ്റങ്ങളായി തെറ്റിദ്ധരിക്കുന്നത്. തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം ശ്വാസതടസ്സം അനുഭവപ്പെടുമ്പോള്‍ മാത്രമാണ് പലരും ഡോക്ടറെ സമീപിക്കുക എന്നതാണ് വാസ്തവം. ഈ ഘട്ടത്തില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനശേഷി ഗണ്യമായി കുറഞ്ഞിട്ടുണ്ടാകും.
അവഗണിക്കരുത് ഈ പ്രാരംഭ ലക്ഷണങ്ങളെ
താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങളെയോ നിങ്ങളുടെ പ്രിയപ്പെട്ടവരിലോ കണ്ടാല്‍ അത് കേവലം പ്രായത്തിന്റെ പ്രശ്നമാണെന്ന് കരുതരുത്. സ്വയം തിരിച്ചറിയുക:
വിട്ടുമാറാത്ത ചുമ: രാവിലെ എഴുന്നേല്ക്കുമ്പോള് സ്ഥിരമായി ഉണ്ടാകുന്ന ചുമ സി.ഒ.പി.ഡിയുടെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. ഇത് മാസങ്ങളോളം നീണ്ടുനില്‍ക്കാം.
കഫക്കെട്ട്: ചുമയോടൊപ്പം തുടര്‍ച്ചയായി കഫം പുറത്തുവരുന്നത് ശ്രദ്ധിക്കേണ്ട ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് നിറവ്യത്യാസമുള്ള കഫം വരുന്നത് ശ്വാസനാളികളിലെ അണുബാധയെ സൂചിപ്പിക്കുന്നു.
ആയാസപ്പെടുമ്പോഴുള്ള കിതപ്പ്: പടികള്‍ കയറുമ്പോഴോ, വേഗത്തില്‍ നടക്കുമ്പോഴോ, ഭാരം എടുക്കുമ്പോഴോ ഉണ്ടാകുന്ന അസാധാരണമായ കിതപ്പും ശ്വാസംമുട്ടലും സി.ഒ.പി.ഡിയുടെ പ്രധാന ലക്ഷണമാണ്.
നെഞ്ചിലെ മുറുക്കം: ശ്വാസമെടുക്കുമ്പോള്‍ നെഞ്ചിന് ഭാരമോ ഇറുക്കമോ അനുഭവപ്പെടുക.
ശ്വാസമെടുക്കുമ്പോഴുള്ള ശബ്ദം: ശ്വാസോച്ഛ്വാസ സമയത്ത് നെഞ്ചില്‍ നിന്നും സീല്‍ക്കാര ശബ്ദം കേള്‍ക്കുന്നത് വായുസഞ്ചാരം തടസ്സപ്പെടുന്നതിന്റെ ലക്ഷണമാണ്.
അകാരണമായ ക്ഷീണം: ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ പോലും ഊര്‍ജ്ജം ഇല്ലാത്ത അവസ്ഥ.
അപകടസാധ്യത ആര്‍ക്കെല്ലാം?
പുകവലിക്കുന്നവര്‍: സി.ഒ.പി.ഡിയുടെ പ്രധാന കാരണം പുകവലിയാണ്. നേരിട്ടുള്ള പുകവലിയും മറ്റുള്ളവര്‍ വലിക്കുന്ന പുക ശ്വസിക്കുന്നതും അപകടകരമാണ്.
അന്തരീക്ഷ മലിനീകരണം: പൊടിപടലങ്ങള്‍, പുക, കെമിക്കലുകള്‍ എന്നിവ നിരന്തരം ശ്വസിക്കുന്ന തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. കൂടാതെ വിറകടുപ്പില്‍ നിന്നും മറ്റും ഉണ്ടാകുന്ന പുക സ്ഥിരമായി ശ്വസിക്കുന്ന സ്ത്രീകള്‍ക്കും സി.ഒ.പി.ഡി വരാനുള്ള സാധ്യത കൂടുതലാണ്.
രോഗനിര്‍ണ്ണയവും ചികിത്സയും എങ്ങനെ?
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു പള്‍മണോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്. സ്പൈറോമെട്രി എന്ന ലളിതമായ പരിശോധനയിലൂടെ ശ്വാസകോശത്തിന്റെ ശേഷി അളക്കാനും, സി.ഒ.പി.ഡി രോഗാവസ്ഥ ഏത് ഘട്ടത്തിലാണെന്ന് കൃത്യമായി കണ്ടെത്താനും സാധിക്കും. അതുകൂടാതെ ശ്വാസനാളികള്‍ വികസിപ്പിക്കാനും ശ്വാസോച്ഛ്വാസം എളുപ്പമാക്കാനും സഹായിക്കുന്ന ഇന്‍ഹേലറുകള്‍ ആണ് ഇതിന്റെ പ്രധാന ചികിത്സ. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ഓക്സിജന്‍ തെറാപ്പിയും പള്‍മണറി റീഹാബിലിറ്റേഷനും ആവശ്യമായി വന്നേക്കാം.
തുടക്കത്തിലേ തടയാം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ഡോക്ടറെ സമീപിക്കുക. പ്രായമാകുന്നതിന്റെ സ്വാഭാവികതയാണെന്ന് കരുതി അവഗണിക്കരുത്.
പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നതാണ് സി.ഒ.പി.ഡി തടയാനും നിയന്ത്രിക്കാനുമുള്ള ആദ്യ പടി.
പൊടിപടലങ്ങളും പുകയും ഉള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവര്‍ കൃത്യമായി മാസ്ക്കുകള്‍ ഉപയോഗിക്കുക.
ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് അണുബാധകള്‍ തടയാന്‍ ഇന്‍ഫ്ലുവന്‍സ, ന്യുമോണിയ വാക്സിനുകള്‍ കൃത്യമായി എടുക്കുക.
പ്രായം കൂടുന്തോറും നമ്മുടെ ശരീരത്തിന് പല മാറ്റങ്ങളും സംഭവിക്കാം എന്നാല്‍ നിരന്തരമായ ശ്വാസതടസ്സവും ചുമയും ഒരിക്കലും വാര്‍ദ്ധക്യത്തിന്റെ മാത്രം ലക്ഷണങ്ങളല്ല. സി.ഒ.പി.ഡി നേരത്തെ കണ്ടെത്തിയാല്‍ ശ്വാസകോശത്തിന്റെ സംരക്ഷണത്തിനും മികച്ച ആരോഗ്യത്തോടെ മുന്നോട്ട് ജീവിക്കാനും സാധിക്കും. ലക്ഷണങ്ങളെ തിരിച്ചറിയുക കൃത്യസമയത്ത് വൈദ്യസഹായം തേടുക കാരണം ശ്വാസകോശത്തിന്റെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്.


