ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, പായ്ക്കറ്റിലടച്ച പഴച്ചാറുകള്‍ എന്നിവയുടെ അമിത ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ പാന്‍ക്രിയാസ്, വന്‍കുടല്‍ എന്നിവിടങ്ങളിലെ കാന്‍സര്‍ സാധ്യത ഉയര്‍ത്തുന്നതായാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. ഓറഞ്ച് ജ്യൂസിന്റെ അമിത ഉപയോഗവും ചര്‍മ കാന്‍സറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ടിന്റെ ഗ്ലോബല്‍ കാന്‍സര്‍ അപ്ഡേറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തില്‍ 51 പ്രധാന പഠനങ്ങളില്‍ നിന്നുള്ള 158 ഗവേഷണ റിപ്പോര്‍ട്ടുകളാണ് വിശകലനം ചെയ്തത്. പ്രതിദിനം ഏകദേശം 355 മില്ലി പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ കുടിക്കുന്നത് പാന്‍ക്രിയാസ് കാന്‍സര്‍ സാധ്യത ഒന്‍പത് ശതമാനവും വന്‍കുടല്‍ കാന്‍സര്‍ സാധ്യത ഏഴ് ശതമാനവും വര്‍ധിപ്പിക്കാമെന്നാണ് കണ്ടെത്തല്‍.
ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഫ്യൂറോകൗമറിനുകള്, സോറാലെന് തുടങ്ങിയ ഘടകങ്ങള്‍ ചര്‍മത്തെ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളോട് കൂടുതല്‍ സംവേദനക്ഷമമാക്കാന്‍ സാധ്യതയുണ്ട്. ഇത് മെലനോമ ഉള്‍പ്പെടെയുള്ള ചര്‍മ കാന്‍സറുകളുടെ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ശീതളപാനീയങ്ങളിലും എനര്‍ജി ഡ്രിങ്കുകളിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അമിത പഞ്ചസാര ശരീരഭാരം വര്‍ധിപ്പിക്കാനും അമിതവണ്ണത്തിലേക്ക് നയിക്കാനും ഇടയാക്കും. അമിതവണ്ണം പാന്‍ക്രിയാസ്, കരള്‍ ഉള്‍പ്പെടെ വിവിധ കാന്‍സറുകളുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.
അതേസമയം, ഓറഞ്ച് ജ്യൂസോ ശീതളപാനീയങ്ങളോ കുടിക്കുന്നതിലൂടെ നേരിട്ട് കാന്‍സര്‍ ഉണ്ടാകുമെന്ന് പഠനം തെളിയിക്കുന്നില്ല. ഗവേഷണത്തിലെ ചില കണ്ടെത്തലുകള്‍ക്ക് കൂടുതല്‍ ശാസ്ത്രീയ സ്ഥിരീകരണം ആവശ്യമാണ്. പഠനം ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമായി ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനാല്‍ പരിഭ്രാന്തരാകാതെ പഞ്ചസാര ചേര്‍ത്ത പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ജ്യൂസിനു പകരം പഴങ്ങള്‍ കഴിക്കാന്‍ മുന്‍ഗണന നല്‍കുകയും ചെയ്യണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.


