ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തിനും പരസ്പര സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും മേല്‍ വിദ്വേഷത്തിന്റെ വേലിക്കെട്ടുകള്‍ തീര്‍ക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ സാംസ്കാരിക രംഗത്തുനിന്ന് ശക്തമായ വിമര്‍ശനം. എ.ആര്. റഹ്മാന് ഈണം നല്കിയ പുതിയ രാമായണം സിനിമയിലെ ‘മംഗള്‍ രംഗ്’ എന്ന ഗാനത്തിന് നേരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ നടത്തുന്ന വര്‍ഗീയ ആക്രമണങ്ങള്‍, രാജ്യത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്കാരിക പൈതൃകത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തടവിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സാംസ്കാരിക വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഗാനത്തിന് സൂഫി/ഖവാലി സംഗീത ശൈലിയുടെ സ്വാധീനമുണ്ടെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. എന്നാല്‍, ഒരു കലാസൃഷ്ടിയുടെ സംഗീതപരമായ ഗുണനിലവാരത്തെയോ വരികളുടെ ആവിഷ്കാരത്തെയോ വിമര്‍ശിക്കുന്നതിന് പകരം, ഒരു പ്രത്യേക മതവിഭാഗവുമായി ബന്ധപ്പെട്ട സംഗീത പാരമ്പര്യത്തിന് രാമായണത്തിന്റെ സാംസ്കാരിക ലോകത്തേക്ക് പ്രവേശനമില്ലെന്ന് വാദിക്കുന്നത് സാംസ്കാരിക പോലീസിംഗാണെന്ന് ചരിത്രകാരന്മാരും പണ്ഡിതന്മാരും നിരീക്ഷിക്കുന്നു.
ബഹുസ്വരതയ്ക്ക് മേലുള്ള കടന്നുകയറ്റം: നൂറ്റാണ്ടുകളായി വിവിധ സംസ്കാരങ്ങളുടെയും സംഗീത-സാഹിത്യ പാരമ്പര്യങ്ങളുടെയും പരസ്പര കൈമാറ്റത്തിലൂടെ വളര്‍ന്നുവന്നതാണ് ഇന്ത്യയുടെ ആത്മീയ-സാംസ്കാരിക അന്തരീക്ഷം. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ സമന്വയങ്ങളെയും ‘മറ്റൊരു മതത്തിന്റെ അധിനിവേശം’ എന്ന് മുദ്രകുത്തി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണ് സംഘപരിവാര്‍ ശൈലി.
രാഗങ്ങളുടെ അടിസ്ഥാനത്തില്‍ (ബിലാവല്‍, മാന്ദ്, പഹാഡി) പാരമ്പര്യ സംഗീത ഘടകങ്ങള്‍ കൂട്ടിയിണക്കിയാണ് ഈ ഗാനം നിര്‍മ്മിച്ചതെന്ന് എ.ആര്. റഹ്മാന് വ്യക്തമാക്കിയിട്ടും, വിദ്വേഷ പ്രചാരണം തുടരുന്നത് ഒരു കലാകാരന്റെ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തെ ഭയപ്പെടുത്താനാണ്. വാല്മീകി രാമായണത്തിനപ്പുറം ഇന്ത്യയിലുടനീളം നൂറുകണക്കിന് പ്രാദേശിക-ജനകീയ രാമായണ ആഖ്യാനങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ രാമായണത്തെ തങ്ങളുടെ ആധിപത്യ രാഷ്ട്രീയത്തിന് യോജിച്ച ഒറ്റമാനമുള്ള ഒന്നാക്കി ചുരുക്കാനാണ് സംഘപരിവാര്‍ അജണ്ട ശ്രമിക്കുന്നത്.
‘ഹിന്ദു രാമനെയും മുസ്ലിം റഹ്മാനെയും സ്വന്തമാക്കി പരസ്പരമടിച്ച് നശിക്കുന്നു’ എന്ന കബീര്‍ ദാസിന്റെ വരികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, സംഘപരിവാറിന്റെ ഈ സങ്കുചിത നിലപാടുകള്‍ രാജ്യത്തിന്റെ ചരിത്രപരമായ കൂട്ടായ്മയെ തകര്‍ക്കാനേ ഉപകരിക്കൂ എന്ന് ഡോ. മധുബന്തി ബാഗ്ചി അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു.
ഒരു ആവിഷ്കാരം ഇഷ്ടപ്പെടാതിരിക്കാനും അതിന്റെ നിര്‍മ്മിതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും കേള്വിക്കാരന് അവകാശമുണ്ട്. എന്നാല്‍ ചില സംഗീത രൂപങ്ങള്‍ ഇന്ത്യയുടെ സാംസ്കാരിക ഭാവനയ്ക്ക് അന്യമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സാംസ്കാരിക ലോകം ഒരേസ്വപനത്തില് ഓര്‍മ്മിപ്പിക്കുന്നു.


