മുസ്ലിം യൂത്ത് ലീഗ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘NEST 2026’ എന്ന പേരില്‍ ഏകദിന വിദ്യാര്‍ഥിനി ക്യാമ്പ് സംഘടിപ്പിച്ചു. താലൂര്‍ അലക്സാണ്ടര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ക്യാമ്പില്‍ നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300-ലധികം വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. പരിപാടിയില്‍ വെച്ച് എം.എസ്.എഫ് (msf) ഹരിത നീലഗിരി ജില്ലാ കമ്മിറ്റിക്കും രൂപം നല്കി.
നീലഗിരി ജില്ലാ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.കെ. വട്ടക്കളരി അനീഫ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷക്കീല ജാഫര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബിതര്‍ക്കാട് സ്വാഗതം പറഞ്ഞു.

ക്യാമ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മുസ്ലിം യൂത്ത് ലീഗ് നാഷണല്‍ വൈസ് പ്രസിഡന്റ് മുഫീദ തസ്നി ആദ്യ സെഷന് നയിച്ചു. വിദ്യാര്‍ഥികളില്‍ സംഘടനാ ബോധത്തിന്റെയും പാര്‍ട്ടി നിലപാടുകളുടെയും പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു അവരുടെ പ്രഭാഷണം. തുടര്‍ന്ന് നടന്ന രണ്ടാം സെഷനില്‍ നൗഫല്‍ മാസ്റ്റര്‍ ഫസ്റ്റ്മൈല്‍ നേതൃത്വപാടവവും ആത്മധൈര്യവും വളര്‍ത്തുന്നതിനുള്ള മോട്ടിവേഷന്‍ ക്ലാസുകളും പ്രാക്ടിക്കല്‍ ആക്ടിവിറ്റികളും കൈകാര്യം ചെയ്തു.
വേദിയില്‍ നിലഗിരി ജില്ല മുസ്ലിം യൂത്ത് ലീഗിന്റെ കൈമുതലായ സവാബിനെ കുറിച്ച് ചെയര്മാന് നൗഫല്‍ എരുമാട് വിദ്യാര്‍ഥിനികള്‍ക്ക് വിശദീകരിച്ചു നല്കി.
ചടങ്ങില്‍ എസ്.ടി.യു നാഷണല്‍ ട്രഷറര്‍ മജീദ് സാഹിബ് എരുമാട്, യൂസഫ് ഹാജി ഫസ്റ്റ്മൈല്‍, ബാപ്പു ഹാജി എരുമാട്, സജിന ടീച്ചര്‍, റംസീന ടീച്ചര്‍, നജ്മ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സെമി പാടന്തറ, ജില്ലാ ജോയിന്റ് സെക്രട്ടറി ആബിദ് പാക്കണ, കമറുദ്ദീന് ചേരമ്പാടി എന്നിവരും സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ത്വല്‍ഹത്ത് ഫസ്റ്റ്മൈലിന്റെ നന്ദിപ്രകാശത്തോടെ ക്യാമ്പ് സമാപിച്ചു.


