ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സ്റ്റാർ പേസർ മുഹമ്മദ് ഷമി. താൻ ഇപ്പോഴും കരിയറിന്റെ മികച്ച ഫോമിലാണെന്നും ഫിറ്റ്നസ് വീണ്ടെടുത്ത് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭ്യന്തര ക്രിക്കറ്റിൽ കുറഞ്ഞ ഓവറുകൾ മാത്രം പന്തെറിയുന്നുവെന്ന തരത്തിലുള്ള വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് ഷമിയുടെ ഈ പ്രതികരണം.
സർവീസസിനെതിരായ ബംഗാളിന്റെ രഞ്ജി ട്രോഫി മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളിക്കളത്തിന് പുറത്തിരുന്ന് മറ്റുള്ളവർക്ക് താൻ എത്ര ഓവർ പന്തെറിയണമെന്ന് തീരുമാനിക്കാൻ കഴിയില്ലെന്നും, പിച്ചിലെ സാഹചര്യങ്ങളും ടീമിന്റെ ആവശ്യങ്ങളും അനുസരിച്ചാണ് ക്യാപ്റ്റൻ ഓവറുകൾ നിശ്ചയിക്കുന്നതെന്നും ഷമി തുറന്നടിച്ചു.
മത്സരത്തിൽ താൻ കളിച്ചില്ലെങ്കിലും പരിശീലന വേളയിൽ ഒന്നര മണിക്കൂറോളം കഠിനമായി പന്തെറിഞ്ഞിരുന്നതായും 36-കാരനായ താരം വെളിപ്പെടുത്തി.
സെലക്ഷൻ വിവാദങ്ങളും വിശദീകരണവും
ന്യൂസിലാൻഡിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും, ഇന്ത്യ ‘എ’ ടീമിൽ നിന്നും തന്നെ ഒഴിവാക്കിയതിനെ തുടർന്നാണ് ഷമിയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്.
ഡൽഹിക്കെതിരായ ആദ്യ രഞ്ജി മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, പിച്ചിന്റെ പ്രത്യേകതകളും ശരീരത്തിന്റെ അവസ്ഥയും കണക്കിലെടുത്താണ് അടുത്ത മത്സരത്തിൽ വിശ്രമമെടുക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
സെലക്ടർമാരുമായി താനുമായി യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ ഷമി, താൻ നിലവിൽ സെൻട്രൽ കോൺട്രാക്ടിലുള്ള കളിക്കാരനല്ലാത്തതിനാൽ ആരും തന്നോട് സംസാരിക്കേണ്ട ബാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു.
എങ്കിലും ഏത് പ്രൊഫഷനിലും പ്രതീക്ഷയും ലക്ഷ്യവും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. താൻ ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം ബംഗാൾ ടീമിനായി പൂർണ്ണ അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും കളിക്കാനാണ് തന്റെ ആഗ്രഹമെന്നും ഷമി വ്യക്തമാക്കി.


