ഗഡഗ്: മതസൗഹാര്‍ദത്തിന്റെ മനോഹര മാതൃകയാവുകയാണ് കര്‍ണാടകയിലെ ഒരു മുസ്ലിം കുടുംബം. കഴിഞ്ഞ 35 വര്‍ഷമായി എല്ലാ ദീപാവലിക്കും ലക്ഷ്മീദേവിയെ ആരാധിച്ച് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ് ഗഡഗ് ജില്ലയിലെ ജക്കളി ഗ്രാമത്തിലെ ഖുത്ബുദ്ദീന്‍ ഗഡദിന്റെ കുടുംബം.
ഗ്രാമത്തിലെ ബസ് സ്റ്റാന്‍ഡിന് സമീപം സൈക്കിള്‍ റിപ്പയറിങ് കട നടത്തുന്നയാളാണ് ഖുത്ബുദ്ദീന്‍. എല്ലാ ദീപാവലിക്കും തന്റെ കടയില്‍ ലക്ഷ്മീദേവിയുടെ വിഗ്രഹം സ്ഥാപിച്ചാണ് ഇദ്ദേഹവും കുടുംബവും പൂജ നടത്തുന്നത്. ദീപാവലിക്ക് രണ്ട് ദിവസം മുന്‍പുതന്നെ കട വൃത്തിയാക്കി ദീപങ്ങളും അലങ്കാരവിളക്കുകളും ഒരുക്കും. പൂജയ്ക്കായി ഹിന്ദു പുരോഹിതന്മാരെ ക്ഷണിക്കുകയും മന്ത്രങ്ങള്‍ ഉരുവിട്ട് പരമ്പരാഗത രീതിയില്‍ ആരാധന നടത്തുകയും ചെയ്യും. കടുബു ഉള്‍പ്പെടെയുള്ള പരമ്പരാഗത ദീപാവലി വിഭവങ്ങളും കുടുംബം തയ്യാറാക്കും. അയല്‍വാസികളെയും ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ക്ഷണിക്കാറുണ്ട്.
എല്ലാ മതങ്ങളുടെയും ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന കുടുംബമാണ് ഖുത്ബുദ്ദീന്റേത്. മതഭേദമന്യേ എല്ലാവരും തന്റെ കടയിലെത്താറുണ്ട്. നല്ലൊരു ജീവിതം നയിക്കാന്‍ എല്ലാവരും സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ മതവിഭാഗങ്ങളിലെയും ദൈവങ്ങളെ ആരാധിക്കണമെന്നാണ് തന്റെ വിശ്വാസമെന്നും ഖുത്ബുദ്ദീന്‍ പറയുന്നു. ദീപാവലി ദിനത്തില്‍ ഹിന്ദു പുരോഹിതന്മാരുടെ നേതൃത്വത്തിലാണ് പൂജ നടത്തുന്നത്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് ആരതിയിലും മന്ത്രോച്ചാരണത്തിലും പങ്കെടുക്കും. കുടുംബത്തിന്റെ ഐശ്വര്യത്തിനും ഗ്രാമവാസികളുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രാര്‍ഥനയെന്നും അദ്ദേഹം വ്യക്തമാക്കി.
പൂജയ്ക്ക് ശേഷം ഭാര്യ വീട്ടില്‍ കടുബുവും മറ്റ് വിഭവങ്ങളും തയ്യാറാക്കും. തുടക്കത്തില്‍ പത്തുപേര്‍ മാത്രമായിരുന്നു ആഘോങ്ങളില്‍ പങ്കെടുത്തതെങ്കില്‍, ഇപ്പോഴത് അന്‍പതിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഖുത്ബുദ്ദീന്റെ രീതിയെ അദ്ദേഹത്തിന്റെ നാട്ടുകാരും ആദരവോടെയാണ് കാണുന്നത്. ഗാന്ധി വില്ലേജ് എന്നറിയപ്പെടുന്ന ജക്കളിയില് വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്തതിന് ഖുത്ബുദ്ദീനെപ്പോലുള്ളവരുടെ സ്നേഹവും സൗഹാര്‍ദവുമാണ് കാരണമെന്ന് ഗ്രാമവാസിയായ സംഗമേശ് മേനസാഗി പറഞ്ഞു.


