ദുബൈ: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന സന്ദര്‍ശകരും പ്രവാസികളും തങ്ങളുടെ ലഗേജുകളില്‍ കരുതുന്ന മരുന്നുകളുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.
യാത്രാവേളയില്‍ യാത്രക്കാര്‍ കൈവശം വെക്കുന്ന ചില സാധാരണ മരുന്നുകൾ പോലും വലിയ നിയമക്കുരുക്കുകളിലും ജയിൽ ശിക്ഷയിലും വരെ എത്തിച്ചേരാൻ ഇടയാക്കിയേക്കാം.
യുഎഇയുടെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ (EDE) നിയന്ത്രിത മരുന്നുകളുടെ പട്ടിക പ്രകാരം രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ലാത്തതും പ്രത്യേക അനുമതി ആവശ്യമുള്ളതുമായ മരുന്നുകളുടെ വിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
- പൂര്‍ണ്ണമായും നിരോധിച്ച ലഹരി വസ്തുക്കള്‍
ഹെറോയിന്‍, കൊകെയ്ന്‍, കഞ്ചാവ്, സിന്തറ്റിക് കന്നാബിനോയ്ഡുകള്, എല്‍.എസ്.ഡി, എം.ഡി.എം.എ, പെയോട്ട്, ഒപ്പിയം, പോപ്പി തുടങ്ങിയ ലഹരി/മയക്കുമരുന്ന് വസ്തുക്കൾ യു.എ.ഇയിലേക്ക് കൊണ്ടുപോകുന്നത് ഗുരുതരമായ കുറ്റമാണ്. ഇവ കയ്യിൽ വെച്ചാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരും.
- പ്രിസ്ക്രിപ്ഷന് (ഡോക്ടറുടെ കുറിപ്പടി) നിര്‍ബന്ധമുള്ള നിയന്ത്രിത മരുന്നുകൾ
ചില സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്കായി ഉപയോഗിക്കുന്ന മരുന്നുകൾ പോലും യുഎഇയിൽ കർശന നിയന്ത്രണത്തിലാണ്:
വേദനസംഹാരികൾ (Opioid painkillers): കോഡിന്, ട്രമഡോള്‍, മോര്‍ഫിന്‍, ഓക്സികോഡോണ്‍, ഫെന്റനില്‍ തുടങ്ങിയവ.
ഉത്കണ്ഠയ്ക്കും ഉറക്കത്തിനുമുള്ള മരുന്നുകൾ (Anti-anxiety & Sedatives): ഡയാസെപാം (വാലിയം), അല്‍പ്രാസോലം (സാനക്സ്), ലോറാസെപാം, സോള്‍പിഡെം തുടങ്ങിയവ.
നാഡീസംബന്ധമായ വേദനയ്ക്കും അപസ്മാരത്തിനുമുള്ളവ: പ്രീഗബാലിന്‍, ഗാബപെന്റിന്‍ തുടങ്ങിയവ.
മറ്റുള്ളവ: സ്യൂഡോഎഫെഡ്രിന്‍, കെറ്റാമിന്‍ തുടങ്ങിയവ.
ഈ വിഭാഗത്തിൽ പെടുന്ന മരുന്നുകൾ യാത്രക്കാർ കൈവശം വെക്കണമെങ്കിൽ, യാത്ര ചെയ്യേണ്ട ദിവസങ്ങളിലേക്കോ അല്ലെങ്കില്‍ പരമാവധി മൂന്ന് മാസത്തേക്കോ ഉള്ള അളവിൽ മാത്രമേ അനുവദിക്കൂ.
മാത്രമല്ല, യാത്ര ചെയ്യുന്നതിന് മുൻപ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇതിനായി മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. എമിറേറ്റ്സ് എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികളും ഇക്കാര്യം യാത്രക്കാരെ ഓർമ്മിപ്പിച്ചിട്ടുണ്ട്.
- മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തവ
പാരാസെറ്റമോൾ, ഐബുപ്രോഫെൻ, ആന്റിഹിസ്റ്റമിനുകൾ, ഇൻസുലിൻ, രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ, സാധാരണ ആന്റിബയോട്ടിക്കുകൾ എന്നിവയ്ക്ക് മുൻകൂര്‍ അനുമതി ആവശ്യമില്ല.
എങ്കിലും, ഇവയുടെ ഒറിജിനൽ പാക്കിംഗിലും ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും മാത്രം കൈവശം വെക്കുന്നത് സുരക്ഷിത യാത്രയ്ക്ക് സഹായിക്കും.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ:
ഏതെങ്കിലും മരുന്നിന്റെ കാര്യത്തിൽ സംശയമുണ്ടെങ്കിൽ യാത്രയ്ക്ക് മുൻപ് യു.എ.ഇ എംബസിയെയോ കോണ്സുലേറ്റെയോ ബന്ധപ്പെടുക.
മരുന്നുകൾ അവയുടെ ഒറിജിനൽ കവറിലും ഡോക്ടറുടെ ഒപ്പമുള്ള കുറിപ്പടി സഹിതം മാത്രം ലഗേജിൽ കരുതുക.
അതേസമയം, നായ്ക്കള്‍ക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും നൽകിവരുന്ന ‘സിപ്രോഫ്ളോക്സാസിന്’ (Ciprofloxacin) എന്ന ആന്റിബയോട്ടിക്കിന്റെ ഉപയോഗത്തിന് നവംബര്‍ 1 മുതൽ യു.എ.ഇയിൽ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നതും പ്രവാസികൾ ഓർമ്മിക്കുക.


