ശസ്ത്രക്രിയ എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം വ്യക്തികളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് വേദനയെക്കുറിച്ചുള്ള ഭയവും ആശങ്കകളുമായിരിക്കും.
എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിൽ വേദനയില്ലാതെ പൂർണ്ണ സുരക്ഷിതത്വത്തോടെ ശസ്ത്രക്രിയകൾ സാധ്യമാക്കുന്നത് അനസ്തേഷ്യ എന്ന അത്ഭുത ശാസ്ത്ര ശാഖയാണ്.
ഓരോ ശസ്ത്രക്രിയയ്ക്കും ഓരോ രോഗിക്കും ആവശ്യമായ അനസ്തേഷ്യയുടെ രീതി വ്യത്യസ്തമായിരിക്കും.പ്രധാനമായും ജനറൽ, റീജിയണൽ, ലോക്കൽ എന്നിങ്ങനെ മൂന്ന് തരം അനസ്തേഷ്യകളാണ് ഉള്ളത്.
ഇവയിൽ ഏതാണ് നിങ്ങൾക്ക് അനുയോജ്യമെന്നും അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്നും വ്യക്തമായി മനസ്സിലാക്കാം.
എന്താണ് അനസ്തേഷ്യ?
ശസ്ത്രക്രിയയ്ക്കിടയിൽ ശരീരത്തിൽ ഉണ്ടാകുന്ന വേദനയുടെ സൂചനകൾ തലച്ചോറിലേക്ക് എത്താതിരിക്കാൻ നൽകുന്ന മരുന്നുകളാണ് അനസ്തേഷ്യ.
ഇത് രോഗിക്ക് നൽകുന്നതിലൂടെ വേദനയോ അസ്വസ്ഥതകളോ അറിയാതെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നു.
പ്രധാനമായും മൂന്ന് തരം അനസ്തേഷ്യകളാണ് നിലവിലുള്ളത്:
അനസ്തേഷ്യ ഏതെല്ലാം സാഹചര്യങ്ങളിലാണ് ഉപയോഗിക്കുന്നതെന്നും അവയുടെ സവിശേഷതകൾ എന്തെല്ലാമാണെന്നും താഴെ പറയുന്ന ഖണ്ഡികകളിൽ വിശദീകരിക്കുന്നു:
- ലോക്കൽ അനസ്തേഷ്യ (Local Anesthesia):
ശരീരത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം മരവിപ്പിക്കുന്ന രീതിയാണ് ലോക്കൽ അനസ്തേഷ്യ. എന്നാൽ ഈ പ്രക്രിയ നടക്കുന്ന സമയത്ത് രോഗിക്ക് പൂർണ്ണ ബോധമുണ്ടായിരിക്കും.
ചെറിയ മുറിവുകൾ തുന്നുക, പല്ല് പറിക്കുക, ശരീരത്തിലെ ചെറിയ മുഴകൾ നീക്കം ചെയ്യുക, തിമിര ശസ്ത്രക്രിയ തുടങ്ങിയ ലഘുവായ ശസ്ത്രക്രിയകൾക്കാണ് ഈ രീതി പ്രധാനമായും ഉപയോഗിക്കുന്നത്.
വളരെ വേഗത്തിൽ തന്നെ അനസ്തേഷ്യയുടെ ഫലം മാറുകയും രോഗിക്ക് പാർശ്വഫലങ്ങൾ ഇല്ലാതെ സാധാരണ നിലയിലേക്ക് മടങ്ങാൻ സാധിക്കുകയും ചെയ്യും എന്നതാണ് ലോക്കൽ അനസ്തേഷ്യയുടെ പ്രധാന സവിശേഷത.
- റീജിയണൽ അനസ്തേഷ്യ (Regional Anesthesia):
ശരീരത്തിന്റെ ഒരു ഭാഗം പൂർണ്ണമായി മരവിപ്പിക്കുന്ന രീതിയാണിത് (ഉദാഹരണത്തിന് അരയ്ക്ക് താഴേക്ക് അല്ലെങ്കിൽ ഒരു കൈ മാത്രം).
ഈ അവസ്ഥയിലും രോഗിക്ക് പൂർണ്ണ ബോധമുണ്ടാകുമെങ്കിലും മരവിപ്പിച്ച ഭാഗത്ത് വേദനയോ സ്പർശനമോ ഒട്ടും അനുഭവപ്പെടില്ല.
കൂടാതെ ആവശ്യമെങ്കിൽ രോഗിക്ക് ഉറങ്ങാനുള്ള നേരിയ മരുന്നുകളും ഇതിനൊപ്പം നൽകാറുണ്ട്. സ്പൈനൽ അനസ്തേഷ്യ (Spinal Anesthesia), എപ്പിഡ്യൂറൽ (Epidural), നെർവ് ബ്ലോക്കുകൾ എന്നിവയാണ് റീജിയണൽ അനസ്തേഷ്യയിലെ പ്രധാന രീതികൾ.
സിസേറിയൻ, കാൽമുട്ട് മാറ്റിവെക്കൽ, ഹെർണിയ, പ്രോസ്റ്റേറ്റ് ശസ്ത്രക്രിയകൾ, കാലുകളിലെയും കൈകളിലെയും മറ്റ് വലിയ ശസ്ത്രക്രിയകൾ എന്നിവയ്ക്കാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.
രോഗിയെ പൂർണ്ണമായി മയക്കേണ്ടതില്ല എന്നതിനാൽ ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകൾ കുറവാണെന്നതും, ശസ്ത്രക്രിയയ്ക്ക് ശേഷവും മണിക്കൂറുകളോളം വേദന അറിയാതിരിക്കാൻ ഇത് സഹായിക്കുന്നു എന്നതും റീജിയണൽ അനസ്തേഷ്യയുടെ പ്രധാന നേട്ടങ്ങളാണ്.
- ജനറൽ അനസ്തേഷ്യ (General Anesthesia):
രോഗിയെ പൂർണ്ണമായും മയക്കി ശസ്ത്രക്രിയ നടത്തുന്ന രീതിയാണ് ജനറൽ അനസ്തേഷ്യ.
ശസ്ത്രക്രിയ നടക്കുന്ന സമയം മുഴുവൻ രോഗി അബോധാവസ്ഥയിലായിരിക്കുകയും, വേദനയോ മറ്റ് അസ്വസ്ഥതകളോ അറിയുകയോ ഓർമ്മിക്കുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നു.
ജനറൽ അനസ്തേഷ്യ മരുന്നുകൾ സാധാരണയായി കുത്തിവെപ്പിലൂടെയോ ശ്വസിക്കുന്ന വാതകങ്ങളിലൂടെയോ ആണ് നൽകുന്നത്.
അതിനാൽ ഈ സമയത്ത് രോഗിയുടെ ശ്വാസോച്ഛ്വാസം നിലനിർത്താൻ വെന്റിലേറ്റർ പോലുള്ള ഉപകരണങ്ങളുടെ സഹായം ഡോക്ടർമാർക്ക് വേണ്ടി വന്നേക്കാം.
ഹൃദയം, തലച്ചോറ്, ആന്തരിക അവയവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സങ്കീർണ്ണവും കൂടുതൽ സമയം നീണ്ടുനിൽക്കുന്നതുമായ വലിയ ശസ്ത്രക്രിയകൾക്കാണ് പ്രധാനമായും ജനറൽ അനസ്തേഷ്യ നൽകുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തെളിഞ്ഞുവരുമ്പോൾ നേരിയ ക്ഷീണം, ഛർദ്ദി, തൊണ്ടവേദന എന്നിവ ചില രോഗികളിൽ പ്രകടമായേക്കാം എന്നാൽ ആധുനിക മരുന്നുകളുടെ ഉപയോഗം ഇത്തരം പാർശ്വഫലങ്ങളെ ഗണ്യമായി കുറച്ചിട്ടുണ്ട്.
തീരുമാനം ആരുടേത്; ആശങ്ക വേണ്ട
ഏതുതരം അനസ്തേഷ്യയാണ് രോഗിക്ക് ആവശ്യമായി വരുന്നതെന്ന തീരുമാനം ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തെറ്റിസ്റ്റ് (Anesthesiologist) രോഗിയെ നേരിട്ടു കണ്ട് നടത്തുന്ന വിശദമായ പരിശോധനകൾക്കു ശേഷമാണ് നിശ്ചയിക്കുന്നത്.
പ്രധാനമായും താഴെ പറയുന്ന ഘടകങ്ങളാണ് വിദഗ്ദ്ധർ ഇതിനായി പരിഗണിക്കുന്നത്:
ശസ്ത്രക്രിയയുടെ സ്വഭാവം: ശാസ്ത്രക്രിയയുടെ സങ്കീർണ്ണതയും അതിനെടുക്കുന്ന സമയവും.
ആരോഗ്യനില: രോഗിയുടെ പ്രായം, ശരീരഭാരം, പൊതുവായ ആരോഗ്യസ്ഥിതി.
മറ്റ് അസുഖങ്ങൾ: പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുണ്ടോ എന്നത്.
മുൻപരിചയം: മുൻപ് അനസ്തേഷ്യ നൽകിയപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിട്ടുണ്ടോ എന്ന കാര്യം.
അനസ്തേഷ്യയ്ക്കു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശസ്ത്രക്രിയ സുരക്ഷിതമായി പൂർത്തിയാക്കാൻ രോഗിയുടെ ഭാഗത്തുനിന്നുള്ള സഹകരണവും അത്യന്താപേക്ഷിതമാണ്. അതിനായി:
ഭക്ഷണനിയന്ത്രണം: ശസ്ത്രക്രിയയ്ക്ക് 6 മുതൽ 8 മണിക്കൂർ മുൻപു വരെ ഭക്ഷണവും വെള്ളവും ഒഴിവാക്കുക. ഇത് കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക.
കഴിക്കുന്ന മരുന്നുകൾ: നിലവിൽ സ്ഥിരമായി കഴിക്കുന്ന മരുന്നുകളെക്കുറിച്ചും, മരുന്നുകളോട് അലർജിയുണ്ടെങ്കിൽ ആ വിവരവും അനസ്തെറ്റിസ്റ്റിനോട് വ്യക്തമായി പറയണം. പ്രത്യേകിച്ച് രക്തം കട്ടപിടിക്കാതിരിക്കാൻ കഴിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നെങ്കിൽ വിദഗ്ദ്ധരെ അറിയിക്കുക.
ജീവിതശൈലി: പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുണ്ടെങ്കിൽ ഡോക്ടറോട് മറച്ചുവെക്കരുത്. കാരണം അനസ്തേഷ്യയുടെ അളവ് നിശ്ചയിക്കുന്നതിൽ നിർണായകമാണ്.
വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതി അനസ്തേഷ്യയെ ഇന്ന് തികച്ചും സുരക്ഷിതമാക്കിയിട്ടുണ്ട്.
ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തി അവർക്ക് ഏറ്റവും അനുയോജ്യമായ അനസ്തേഷ്യയാണ് അനസ്തേഷ്യ വിദഗ്ധൻ തിരഞ്ഞെടുക്കുന്നത്.
അതുകൊണ്ടുതന്നെ ശസ്ത്രക്രിയയോ അനസ്തേഷ്യയെയോ ഓർത്ത് ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ സംശയങ്ങളും ആശങ്കകളും ഡോക്ടറോട് തുറന്നു സംസാരിക്കുകയും സുരക്ഷിതമായ ശസ്ത്രക്രിയയ്ക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കുകയും ചെയ്യുക.
തയ്യാറാക്കിയത്;

Dr. Kishore Kanianchalil
Senior Consultant & Head
Department of Anaesthesia


