കൊച്ചി: കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാമഴ) കനക്കുന്നതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധരുടെ കടുത്ത മുന്നറിയിപ്പ്.
ഇടയ്ക്കിടെ പെയ്യുന്ന മഴ മൂലം കൊതുകുജന്യ-ജലജന്യ രോഗങ്ങൾ വർദ്ധിക്കുന്നത് വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കാൻ ഇടയുണ്ട്.
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി, ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ആരോഗ്യഭേരി’ പ്രതിരോധ പദ്ധതി നടപ്പിലാക്കുന്നത് ശക്തിപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകി.
ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു; സ്വയം ചികിത്സ അരുത്
ഡെങ്കിപ്പനി, എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്), ജലജന്യ രോഗങ്ങൾ എന്നിവയ്ക്കെതിരെ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതോടൊപ്പം എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇൻഫ്ലുവൻസ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ലക്ഷണങ്ങൾ കണ്ടാൽ കാലതാമസമില്ലാതെ വൈദ്യസഹായം തേടേണ്ടത് അതിനിർണ്ണായകമാണെന്ന് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പകർച്ചവ്യാധി പ്രതിരോധ സെൽ കോർഡിനേറ്റർ ഡോ. രജനി ജോസ് പറഞ്ഞു.
“കടുത്ത പനി പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും സമയം കളയാതെ ഡോക്ടറെ കാണണം. പ്രത്യേകിച്ച് എലിപ്പനി പോലുള്ള രോഗങ്ങളിൽ ആദ്യ ഘട്ടത്തിലെ ചികിത്സ വളരെ പ്രധാനമാണ്.
ആളുകൾ സ്വയം ചികിത്സയ്ക്ക് മുതിരുമ്പോഴാണ് രോഗം വഷളാകുന്നതും സങ്കീർണ്ണമാകുന്നതും.” എന്ന് ഡോ . രജനി ജോസ് മുന്നറിയിപ്പ് നൽകുന്നു.
ശ്രദ്ധിക്കേണ്ട പ്രധാന മുൻകരുതലുകൾ
കുടിവെള്ള സുരക്ഷ:
വെള്ളം നന്നായി തിളപ്പിച്ചാറ്റി മാത്രം കുടിക്കുക.
കിണറുകളുടെ ശുചീകരണം:
കുടിവെള്ള സ്രോതസ്സുകളിലും കിണറുകളിലും കൃത്യമായി ക്ലോറിനേഷൻ നടത്തുക.
ഡ്രൈ ഡേ ആചരണം:
വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ആഴ്ചയിലൊരിക്കൽ ‘ഡ്രൈ ഡേ’ ആചരിക്കുക.
കുട്ടികളിൽ ‘ Hand, Foot, and Mouth Disease’ പടരുന്നതായും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൊച്ചിയിലെ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സെക്രട്ടറി ഡോ. സത്യജിത്ത് നായർ ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.
“കുട്ടികളിൽ കാണുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾക്ക് ചിക്കൻപോക്സുമായി അസാധാരണ സാമ്യമുണ്ട്. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ തെറ്റിദ്ധരിക്കാതെ എത്രയും വേഗം വൈദ്യസഹായം തേടണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഉറവിട നശീകരണ പ്രവർത്തനങ്ങളും കൊതുക് നശീകരണ സ്പ്രേയിംഗും ഊർജ്ജിതമാക്കേണ്ടതുണ്ട്.”എന്ന് ഡോ. സത്യജിത്ത് നായർ മുന്നറിയിപ്പ് നൽകുന്നു.
മഴക്കാല രോഗങ്ങൾ തടയുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജ്ജിതമായി നടപ്പിലാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.


