ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ആഹ്വാനം ചെയ്ത ‘ലെഹ്റ ദോ തിരംഗ’ (തിരംഗ മാർച്ച്) പ്രതിഷേധത്തിന് തൊട്ടുമുമ്പ് തലസ്ഥാനത്ത് നാടകീയ നീക്കങ്ങൾ.
സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ തങ്ങിയിരുന്ന ഡൽഹി ഝണ്ഡേവാലനിലെ വസതിയിലെത്തി ഡൽഹി പൊലീസ് സംഘം അദ്ദേഹത്തിന് നോട്ടിസ് കൈമാറി.
മാർച്ചിൽ പങ്കെടുക്കരുതെന്നും നിരോധനാജ്ഞ നിലനിൽക്കുന്ന കൊണാട്ട് പ്ലേസിലേക്ക് പോകരുതെന്നും ആവശ്യപ്പെട്ടാണ് ഡൽഹി പൊലീസ് ആക്ടിലെ സെക്ഷൻ 29 പ്രകാരം നോട്ടിസ് നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരു ഡസനോളം വരുന്ന പൊലീസ് സംഘം ദിപ്കെയുടെ വസതിയിലെത്തിയത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ (CEC) വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ (SIR) ആരോപിച്ച് സി.ജെ.പി നടത്തുന്ന പ്രതിഷേധ സമര മുറകളിലെ ഏറ്റവും പുതിയ ഏറ്റുമുട്ടലാണിത്.
ദേശീയപതാക തോളിൽ ചുറ്റി നിശബ്ദ പ്രതിഷേധം
പൊലീസ് സംഘം എത്തുമ്പോൾ തന്റെ വസതിയിൽ ത്രിവർണ്ണ പതാക തോളിൽ ചുറ്റി ഇരിക്കുന്ന ദിപ്കെയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തുടര്ന്ന് ക്രമസമാധാനം പാലിക്കുമെന്ന ഉറപ്പിൽ പൊലീസ് നൽകിയ രേഖകളിൽ (സമാധാന കരാർ) അദ്ദേഹം ഒപ്പുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം, ഡൽഹി പൊലീസ് ആക്ടിലെ സെക്ഷൻ 29 പ്രകാരം പൊതു ക്രമം നിലനിർത്താൻ നിർദ്ദേശങ്ങൾ നൽകാൻ പോലീസിന് അധികാരമുണ്ടെങ്കിലും, ഈ വകുപ്പ് പ്രകാരം പ്രതിഷേധങ്ങൾ നിരുപാധികം നിരോധിക്കാൻ പോലീസിന് അവകാശമില്ലെന്നാണ് സി.ജെ.പി വാദിക്കുന്നത്.
ദിപ്കെയെ നിലവിൽ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
സെൻട്രൽ പാർക്ക് അടച്ചു; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ
കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയുമായി എത്തിച്ചേരാനാണ് ദിപ്കെ ആഹ്വാനം ചെയ്തിരുന്നത്. ഈ നീക്കം തടയുന്നതിനായി സെൻട്രൽ പാർക്ക് അടച്ചിരിക്കുകയാണ് കൂടാതെ ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (NDMC) സെൻട്രൽ പാർക്കും രണ്ട് ദിവസത്തേക്ക് അടച്ചിട്ടു.
കനത്ത സുരക്ഷ:
6,000-ത്തോളം പൊലീസുകാരെയും അർദ്ധസൈനിക വിഭാഗങ്ങളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.മേഖലയിൽ അഞ്ചിൽ കൂടുതൽ ആളുകൾ തടിച്ചുകൂടുന്നത് നിരോധിച്ച് നിരോധനാജ്ഞ ഏർപ്പെടുത്തി.
കഴിഞ്ഞ ദിവസം ജന്തർ മന്തറിന് സമീപം സുരക്ഷാ വലയം ഭേദിച്ച് ത്രിവർണ്ണ പതാക ഉയർത്തിയ സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് കേന്ദ്ര തലസ്ഥാനത്ത് വീണ്ടും തിരംഗ മാർച്ചിന് ആഹ്വാനം ചെയ്തത്.
ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന്, 11 പേരടങ്ങുന്ന ചെറിയ സംഘത്തിന് അനുയോജ്യമായ സ്ഥലത്ത് ദേശീയപതാകയേന്തി ദേശീയഗാനം ആലപിക്കാൻ അനുവാദം നൽകാം എന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.


