വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നാലാം ടി-20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അഭിഷേക് നായർ. അഭിഷേക് ശർമ്മ മികച്ച ഫോമിൽ കളിക്കുമ്പോഴും സഞ്ജു തുടക്കം മികച്ചതാക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുവെന്നാണ് അഭിഷേക് നായർ പ്രശംസിച്ചത്.
‘പവർപ്ലേയിൽ ഇങ്ങനെ ബാറ്റ് ചെയ്താൽ ടീമിന് നല്ല തുടക്കം നൽകാൻ സാധിക്കും. സഞ്ജു അതാണ് ചെയ്തത്. അഭിഷേക് ശർമ്മ മികച്ച ഫോമിൽ കളിക്കുമ്പോഴും സഞ്ജു ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കളിച്ചു. പവർപ്ലേയിൽ റോസ്റ്റൺ ചേസിന്റെ രണ്ട് ഓവറുകളിൽ സഞ്ജു മികച്ച രീതിയിൽ റൺസ് നേടി. ഇതിലൂടെ എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനും സഞ്ജുവിന് സാധിച്ചു’ അഭിഷേക് നായർ ജിയോ ഹോട്സ്റ്റാറിറിലൂടെ പറഞ്ഞു.

നാലാം ടി-20യിൽ ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസൺ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 20 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു 23 പന്തിൽ 56 റൺസെടുത്ത് പുറത്തായി. എന്നാൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെടുത്തിയത്. വിൻഡീസ് ഉയർത്തിയ 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 19.3 ഓവറിൽ 223 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഈ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 2-2 എന്ന നിലയിൽ സമനിലയിലായി.
പരമ്പരയിലെ നിർണായകമായ അവസാന പോരാട്ടം ബംഗളൂരുവിൽ നടക്കും. വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.


