ഇസ്രാഈലിൽ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ദീർഘകാല ഭരണത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട്, മുൻ സൈനിക മേധാവിയും യഷാർ പാർട്ടിയുടെ നേതാവുമായ ഗാദി ഐസൻകോട്ട് സഖ്യസർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണ്. രാജ്യത്തിന്റെ പ്രസിഡൻ്റ് ഐസക് ഹെർസോഗ് അദ്ദേഹത്തെ ഔദ്യോഗികമായി സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുകയും 28 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാറുണ്ടാക്കാനുള്ള ക്ഷണം ലഭിച്ച സാഹചര്യത്തിൽതന്നെ ഫലസ്തീൻ വിഷയത്തിലും പശ്ചിമേഷ്യയിലെ സമീപനത്തിലും ഐസൻകോട്ടും അദ്ദേഹത്തിന്റെ പാർട്ടിയും എന്തു നിലപാടെടുക്കുമെന്ന ആകാംക്ഷയിലാണ് ലോകത്തെ സമാധാന പ്രേമികൾ. സ്വതന്ത്ര ഫലസ്തീൻ എന്ന ആശയത്തോടുള്ള തന്റെ നിലപാട് നെതന്യാഹുവിന് സമാനംതന്നെയാണെന്ന് മുൻ കാലങ്ങളിൽതന്നെ തെളിയിച്ചയാളാണ് അദ്ദഹേം. എന്നാൽ നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ സഖ്യത്തിനും ലഭിച്ച കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തന്റെ നിലപാടുകളിൽ എന്തെങ്കിലും മാറ്റംവരുത്താൻ ഐസൻകോട്ടും യഷാർ തയാറാകുമോയെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. നെതന്യാഹുവിന്റെ ഭരണം രാജ്യത്തെ ചരിത്രപരമായ പ്രതിസന്ധിയിലേക്കാണ് എത്തിച്ചതെന്നും മാറ്റം അനിവാര്യമാണെന്നുമാണ് ഐ സൻകോട്ട് നിലവിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഇസ്രാഈൽ രാഷ്ട്രീയത്തിലും ഫലസ്തീൻ നയങ്ങളിലും വലിയ രീതിയിലുള്ള മാറ്റം ഐസൻകോട്ട് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ഇസ്രാഈലിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുണ്ട്. അധികാരത്തിലേറാനുള്ള ചടുലവും തന്ത്രപരവുമായ നീക്കങ്ങളാണ് അദ്ദേഹം നടത്തുന്നത്. നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷമത ശക്തികളുടെ സഖ്യത്തിൽ നിന്ന് വ്യത്യസ്തമായി ഒരു ദേശീയ അടിയന്തരാവസ്ഥാ സർക്കാർ രൂപീകരിക്കാനാണ് ഐസൻകോട്ട് ശ്രമിക്കുന്നത്. എന്നാൽ, നെതന്യാഹുവിനോട് എതിർപ്പുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെങ്കിലും ഭൂരിപക്ഷം തികയ്ക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
തീവ്ര യാഥാസ്ഥിതിക ജൂത പാർട്ടികളുടെയും അറബ് പാർട്ടികളുടെയും പിന്തുണ ഒരേ സമയം നിലനിർത്തുകയെന്നതും ബുദ്ധിമുട്ടാണ്. കൂടാതെ, ഇസ്രാഈലിലെ കടുത്ത രാഷ്ട്രീയ ധ്രുവീകരണം അവസാനിപ്പിച്ച് ഒരു സഖ്യമുണ്ടാക്കാൻ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിയിലെ അംഗങ്ങളെപ്പോലും അദ്ദേഹം ഒപ്പം കൂട്ടാൻ ശ്രമിക്കുന്നുമുണ്ട്. ഫലസ്തീൻ ഫലന പ്രശ്നത്തിലും യുദ്ധനയങ്ങളിലും നെതന്യാഹുവിൽ നിന്ന് വലിയൊരു വ്യത്യാസം ഐസൻകോട്ടിന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നില്ല എന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതും. ഒരു സ്വതന്ത്ര പലസ്തീൻ രാജ്യം രൂപീകരിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിർക്കുന്നതാണ് അതിന് കാരണം. ഒപ്പം വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങളെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഹമാസിനെ പൂർണമായി ഇല്ലാതാക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നുമാത്രമല്ല, ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ വൻതോതിൽ ജനവാസ മേഖലകളിൽപ്പോലും ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന, സൈന്യത്തിന്റെ കടുത്ത ആക്രമണ ശൈലിയായ ദാഹിയാ സിദ്ധാന്തത്തിൻ്റെ മുഖ്യ ശിൽപികളിൽ ഒരാൾകൂടിയാണദ്ദേഹം. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം നെതന്യാഹുവിന്റെ യുദ്ധ മന്ത്രിസഭയിൽ ഐസൻകോട്ട് അംഗമായിരുന്നു. പിന്നീട് യുദ്ധ തന്ത്രങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് (പ്രത്യേകിച്ച് ഇസ്രാഈലി തടവുകാരെ മോചിപ്പിക്കുന്നതിന് മുൻഗണന നൽകാത്തതിൽ പ്രതിഷേധിച്ച്) അദ്ദേഹം രാജിവെച്ചത്. ചുരുക്കത്തിൽ, നെതന്യാഹുവിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു ഭരണമാറ്റം ഇസ്രാഈലിൽ കൊണ്ടുവരാൻ ഐസൻകോട്ടിന് കഴിഞ്ഞേക്കാമെങ്കിലും, ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക അധിനിവേശ നയങ്ങളിലും പലസ്തീൻ വിഷയത്തിലും കാര്യമായ മനം മാറ്റമൊന്നും അദ്ദേഹത്തിൽ നിന്ന് ഉണ്ടാകാൻ സാധ്യതയില്ല.
ഒരു സഖ്യത്തിനും നേരിട്ട് ഭൂരിപക്ഷം നൽകാതെയാണ് രാജ്യത്ത് ജനം വിധിയെഴുതിയത്. അതിനാൽ ഒത്തു തീർപ്പ് രാഷ്ട്രീയമാകും ഐസൻകോട്ടിന്റെ വജ്രായുധം. ഇത് ഏതറ്റം വരെയെന്നതാണ് വിഷയം. കഴിഞ്ഞ തവണ തീവ്ര വലതുപക്ഷ കക്ഷികളുടെ പിന്തുണയിൽ അധികാരം നിലനിർത്തിയ നെതന്യാഹു അവരുടെ സമ്മർദങ്ങൾക്ക് വഴങ്ങി ഒന്നിനു പിറകെ ഒന്നായി മഹാക്രൂരതകൾ നിരന്തരം തുടർന്നുപോന്നിരുന്നു. രാഷ്ട്രീയത്തിൽ വലിയ പരിചയമില്ലാതെ ഇത്തവണ ഐസൻകോട്ട് എ ത്തുമ്പോഴും ഇവർ എല്ലാവരുമില്ലെങ്കിലും തീവ്ര യാഥാസ്ഥിതിക കക്ഷികളിൽ ആരെങ്കിലും മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന.
ഇവർക്കുവേണ്ടി വംശഹത്യ കൂടുതൽ തീവ്രമായി തുടരുകതന്നെയാകുമോ ഐസൻകോട്ടിന്റെയും രീതി എന്ന ആശങ്കയും നിലനിൽക്കുന്നു. ഇസ്രാഈൽ ചെറുത്തുനിൽപിന് ഏതറ്റം വരെയും പോകാൻ നിർദേശിക്കുന്ന ദാഹിയ സിദ്ധാന്തം രൂപവത്കരിച്ചയാൾ കൂടിയാണ് ഐസൻകോട്ട് എന്ന് ഓർക്കണം. എന്നാൽ, ബെൻഗ്വിറിന്റെയും സ്മോട്രിച്ചിന്റെയും തീവ്ര നിലപാടുകൾ അത്രക്ക് സ്വീകരിക്കാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. ഇസ്രാഈലിൽ നെതന്യാഹുവും യു.എസിൽ ഡോണൾഡ് ട്രംപും ഒരാഴ്ചയുടെ അകലത്തിൽ കടുത്ത ജനരോഷം തിരിച്ചറിഞ്ഞതിന് പിറകെ അധികാരമേറുന്ന ഐസൻകോട്ടിന് എവിടെ നിൽക്കണമെന്ന വിഷയം നിർണായകമാണ്.


