ന്യൂഡൽഹി: ദേശീയപതാകയേന്തിയുള്ള ‘ലെഹ്റാ ദോ തിരംഗ’ മാർച്ചിന് മുന്നോടിയായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടത്താനിരുന്ന മാർച്ചിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നടപടി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.
മാർച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് ഉച്ചയോടെ അഭിജീത് ദീപ്കെയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഈ നിർദേശം ലംഘിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് നടപടി. അതേസമയം, ദേശീയപതാകകളുമേന്തി സി.ജെ.പി പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മാർച്ചിന്റെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. തലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സെൻട്രൽ പാർക്കിലും സമീപത്തെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വെള്ളിയാഴ്ചയും ശനിയാഴ്ചയും സെൻട്രൽ പാർക്ക് പൂർണമായി അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലും അറിയിച്ചിട്ടുണ്ട്.


