കോഴിക്കോട്: രാജ്യത്തെ പതിമൂന്ന് കോടിയോളം വോട്ടര്മാരെ വെട്ടിമാറ്റി ജനാധിപത്യത്തെ അട്ടിമറിക്കാന് മോദി ഭരണകൂടത്തിന് ഒത്താശചെയ്തു നല്കിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭത്തോട് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചും പോരാളികള്ക്ക് ആവേശം പകര്ന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 24 മണിക്കൂര് ‘ജന്തര് മന്തര്’ സമരത്തിന് നാളെ (ശനിയാഴ്ച) വൈകിട്ട് 4മണിക്ക് തുടക്കമാകും. സമരം 18ന് വൈകീട്ട് നാല് മണി വരെ തുടരും.
നിരവധി സമരങ്ങള്ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് കടപ്പുറത്താണ് യൂത്ത് ലീഗ് ജന്തര്മന്തര് സമരഭൂമി ഒരുക്കുന്നത്. നാളെ (ശനിയാഴ്ച) വൈകിട്ട് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല് സെക്രട്ടറിയും സംസ്ഥാന വ്യവസായ – ഐ.ടി വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്യും. പ്രമുഖ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് മുഖ്യാതിഥിയായി പങ്കെടുക്കും. 18ന് സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും.
ലോക്സഭ മെമ്പര്മാരായ ഇ.ടി മുഹമ്മദ് ബഷീര്, എം.പി അബ്ദു സമദ് സമദാനി, മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.എം.എ സലാം, കേരള ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് ഡോ. എം.കെ മുനീര്, സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, രാജ്യസഭ മെമ്പര് അഡ്വ. ഹാരിസ് ബീരാന് തുടങ്ങിയ നേതാക്കള് 24 മണിക്കൂര് സമരത്തെ അഭിവാദ്യം ചെയ്യും.
24 മണിക്കൂര് നീണ്ടു നില്ക്കുന്ന ജന്തര്മന്തര് സമരം ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണ സമരത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കേരളയുവതയുടെ പോരാട്ടമാകുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല് സെക്രട്ടറി പി.കെ ഫിറോസ് എം.എല്.എ യും പറഞ്ഞു. ജന്തര് മന്തറില് പങ്കാളികളാകാന് മുഴുവന് ജനാധിപത്യ മതേതര വിശ്വാസികളോടും നേതാക്കള് അഭ്യര്ത്ഥിച്ചു.


