2027 ഐപിഎല്ലിൽ എം.എസ് ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററാകാൻ സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. പുതിയ പരിശീലകൻ സഹീർ ഖാനൊപ്പം ധോണി പ്രവർത്തിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് കാണുന്നത് രസകരമായ അനുഭവമായിരിക്കുമെന്നും അശ്വിൻ വ്യക്തമാക്കി. ചെന്നൈയിൽ പുതിയ പരിശീലകരെ തെരഞ്ഞെടുക്കുന്നതിൽ ധോണിക്ക് വലിയ പങ്കുണ്ടെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
‘പുതിയ പരിശീലകർ വരുന്നതോടെ ധോണി, സഹീർ, റുതുരാജ് ഗെയ്ക്വാദ് എന്നിവർ തമ്മിലുള്ള ബന്ധം എങ്ങനെയാകുമെന്ന് കാണാൻ രസകരമായിരിക്കും. ധോണി മെന്ററായി പ്രവർത്തിക്കും. അപ്പോൾ ഗെയ്ക്വാദ് സഹീറിനൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്നും അതോ ധോണിയുടെ ഉപദേശം തേടുമോയെന്നും കണ്ടറിയണം. പുതിയ പരിശീലകരെ തെരഞ്ഞെടുക്കുന്നതിൽ ധോണിക്കാണ് പ്രധാന പങ്കെന്ന് വ്യക്തമാണ്. എന്നാൽ പരിശീലരെ മാറ്റിയത് കൊണ്ട് മാത്രം ചെന്നൈയുടെ പ്രകടനം മെച്ചപ്പെടുമെന്ന് ഉറപ്പില്ല’ അശ്വിൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
സഹീർ ഖാനെ അടുത്തിടെയാണ് ചെന്നൈ പരിശീലകനായി നിയമിച്ചത്. ഒരു വർഷത്തെ കരാറിലാണ് സഹീർ ചെന്നൈയുടെ പരിശീലകനായി ചുമതലയേറ്റത്. ധോണിക്കൊപ്പം സഹീർ എങ്ങനെ പ്രവർത്തിക്കുമെന്നത് കാണാനും ആരാധകർക്ക് ആകാംഷയുണ്ടാവാം.
ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി സേവനമനുഷ്ടിച്ചതിന് ശേഷമാണ് സഹീർ സി.എസ്.കെയിലേക്ക് ചേക്കേറിയത്. എൽ.എസ്.ജിക്ക് പുറമെ ഡൽഹി ക്യാപിറ്റൽസിനൊപ്പവും മുൻ ഇന്ത്യൻ പേസർ പരിശീലകനായി പ്രവർത്തിച്ചു.
ഐ.പി.എല്ലിൽ താരമായി മൂന്ന് ടീമുകൾക്ക് വേണ്ടി സഹീർ കളത്തിലിറങ്ങിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ഡൽഹി ഡെയർ ഡെവിൾസ് എന്നീ ടീമുകളുടെ ഭാഗമായിരുന്നു സഹീർ.
സഹീറിന്റെ തന്ത്രങ്ങൾ ഇത്തവണ ചെന്നൈക്ക് കരുത്തുപകരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 2023ലാണ് ചെന്നൈ അവസാനമായി ഐ.പി.എല്ലിൽ ചാമ്പ്യന്മാരായത്. പിന്നീട് നടന്ന മൂന്ന് സീസണുകളിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിൽ ചെന്നൈ പരാജയപ്പെടുകയും ചെയ്തിരുന്നു.


