സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളാണ് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ. എന്നാൽ, രാജ്യത്തിന്റെ പരമോന്നത തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയായ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് സമീപകാലത്തുണ്ടാകുന്നത്. ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമെന്ന പദവി അലങ്കരിക്കേണ്ട കമ്മീ ഷൻ, ഭരണകൂടത്തിൻ്റെ ‘ചട്ടുകമായി’ മാറുന്നുവെന്ന ആക്ഷേപത്തെ ശരിവെക്കുന്നതാണ് ഇപ്പോൾ കമ്മീഷന്റെ അകത്തളങ്ങളിൽ നിന്നുതന്നെ പുറത്തുവരുന്ന വാർത്തകൾ.
കമ്മീഷനിൽ പ്രകടമായിരിക്കുന്ന ആഭ്യന്തര ഭിന്നതകൾ വെറുമൊരു ഔദ്യോഗിക അഭിപ്രായവ്യത്യാസമല്ല, മറിച്ച് നമ്മുടെ ഭരണഘടനയും റിപ്പബ്ലിക്കൻ മൂല്യങ്ങളും നേരിടുന്ന ഗുരുതരമായ ഒരു അട്ടിമറിയുടെ നേർചിത്രമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാന ങ്ങൾക്കെതിരെ കമ്മീഷണർമാരായ സുഖ്ബീർ സിംഗ്സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ 14 തവണ ഔദ്യോഗികമായി എതിർപ്പുകൾ രേഖപ്പെടുത്തിയെന്ന റിപ്പോർട്ട് ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള കടുത്ത ആശങ്കകളാണ് ഉയർത്തുന്നത്.
വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് കമ്മീഷനിൽ ഉയർന്ന വിയോജിപ്പുകൾ ഭരണസം വിധാനത്തിന്റെ മുകൾത്തട്ടിൽ നടക്കുന്ന അപകടകരമായ ഇടപെടലുകളിലേക്ക് വെളിച്ചം വീശുന്നു. ജനാധിപത്യത്തി ന്റെ ജീവവായുവായ വോട്ടവകാശം ഭരണാധികാരികളുടെ താൽപര്യങ്ങൾക്കായി അട്ടിമറിക്കപ്പെടുകയാണെന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയിലും സർക്കാരുകൾ ക്കെതിരെ സ്വാഭാവികമായി രൂപപ്പെടേണ്ട ഭരണവിരുദ്ധ വികാരം ബി.ജെ.പി സർക്കാരിൻ്റെ കാര്യത്തിൽ മാത്രം കാണുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണം വളരെ പ്രസക്തമാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങൾ നേ ടിയ മുൻകാല നേതാക്കൾ പോലും ജനവികാരത്തിന്റെ ശക്തമായ അലയൊലികളെ നേരിട്ടിട്ടുണ്ട്. എന്നാൽ, നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന ബി.ജെ.പി ഭരണകൂടത്തിന് മാത്രം ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടി വരുന്നില്ലെന്നത് കേവലം ജനപ്രിയതയുടെ മാത്രം പുറത്തല്ല, മറിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വ്യവസ്ഥാപിതമായ ഇടപെടലുകളുടെ ഫലമാണ്. അടുത്ത മൂന്ന് പതിറ്റാണ്ടുകാലം എൻ.ഡി.എ തന്നെ അധികാരത്തിൽ തുടരുമെന്നും 400 ലധികം സീറ്റുകൾ നേടുമെന്നും ഉറപ്പിച്ചുപറയാൻ ഭരണാധികാരികൾക്ക് ഇത്രയും ആത്മവിശ്വാസം ഉണ്ടാകുന്നത് ജനപിന്തുണ കൊണ്ടല്ല, മറിച്ച് ജനാധിപത്യവിരുദ്ധമായ അട്ടിമറികളുടെ ഉൾബലത്തിൽ കൂടിയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവിയും നിഷ്പക്ഷതയും പൂർണ്ണമായും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും എസ്.ഐ.ആർ പ്രക്രിയകളിലെ നിയമപരമായ പൊരുത്തക്കേ ടുകളും വോട്ടർമാരുടെ അവകാശങ്ങൾ ഹനിക്കുന്ന നടപടികളും ചൂണ്ടിക്കാണിച്ചിട്ടും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായി മുന്നോട്ട് പോയി എന്നത് നിസ്സാര മായി കാണാനാകില്ല.
കമ്മിഷൻ്റെ ഭാഗത്തുനിന്ന് ഇതെല്ലാം പതിവുള്ള ആഭ്യന്തര നടപടിക്രമങ്ങൾ മാത്രമാണെന്ന ഔദ്യോഗിക വിശദീകരണം വന്നെങ്കിലും, രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ 14 തവണയോളം രേഖാമൂലം എതിർപ്പ് പ്രകടിപ്പിച്ചു എന്നത് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ അഭിപ്രായ സമന്വയമില്ലെന്നതിൻ്റെ വ്യക്തമായ തെളിവാണ്. വോട്ടർ പട്ടിക കൃത്യമായി പരിഷ്കരിക്കുകയും പൗരന്മാർക്ക് നീതി ഉറപ്പാക്കുകയും ചെയ്യേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകൂട താല്പര്യങ്ങളുടെ ഉപകരണം മാത്രമായി ചുരുങ്ങുന്നത് ജനാധിപത്യത്തെ അപകടപ്പെടുത്തും.
ഈ സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഉടനടി രാജിവെക്കണമെന്നും, സത്യം പുറത്തുകൊണ്ടുവരണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പുകൾ വലിയ തോതിൽ അട്ടിമറിക്കപ്പെടുന്നുവെന്നും വോട്ട് മോഷണത്തിലൂടെയാണ് ബി.ജെ.പി അധികാരത്തിൽ എത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരിക്കുന്നു. മഹാദേവപുരയിലെ വോട്ട് തിരിമറി മുതൽ ഹരിയാനയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന സംഭവങ്ങൾ വരെ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ്.
ഗ്യാനേഷ് കുമാറിനെതിരെ പുതിയ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. നിഷ്പക്ഷത പാലിക്കുന്നതിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പൂർണ്ണമായും പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതിനുമുമ്പും പ്രതിപക്ഷം ഇംപിച്ച്മെന്റ് നോട്ടിസ് നൽകിയിരുന്നുവെങ്കിലും ഭരണപക്ഷത്തിൻ്റെ ഭൂരിപക്ഷ ബലത്തിൽ അത് തള്ളപ്പെടുകയായിരുന്നു.
എങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തലപ്പത്തിരിക്കുന്നവരുടെ വിശ്വാസ്യത തകർന്നുവെന്ന് രാജ്യത്തിനുമുന്നിൽ തുറന്നു കാട്ടാൻ ഇത്തരം പ്രമേയങ്ങൾക്ക് സാധിക്കും.
വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഭരണകക്ഷിയുടെ വിജയത്തിനായി വോട്ടുകൾ ചോർത്തുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാകുന്നത് രാഷ്ട്രത്തിൻ്റെ അഖണ്ഡതയ്ക്കും ജനാധിപത്യ സംവിധാനത്തിനും വലിയ ആഘാതമാണ് സൃഷ്ടിക്കുക. ഭരണഘടനയുടെ അന്തസ്സത്തയെ കാത്തുസൂക്ഷിക്കേണ്ട സ്ഥാപനങ്ങൾ തന്നെ അതിനെതിരെ പ്രവർത്തിക്കുമ്പോൾ ജനാധിപത്യം അർത്ഥശൂന്യമായി മാറുന്നു.
അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഈ ഭിന്നതകളും ഉയർന്നുവന്നിരിക്കുന്ന ഗുരുതരമായ ആരോ പണങ്ങളും ലഘുവായി കാണാൻ കഴിയില്ല. എ സ്.ഐ.ആർ പ്രക്രിയകളിലെ ദുരൂഹതകളും വോട്ടർ പട്ടികയിലെ ക്രമക്കേടുകളും സംബന്ധിച്ച് സുതാര്യമായ ഒരു അന്വേഷണം നടക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ വിശ്വാസ്യത വീണ്ടെടുക്കണമെങ്കിൽ അകത്ത് നടക്കുന്ന അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ജനങ്ങൾക്ക് മുന്നിൽ സുതാര്യമായി വെളിപ്പെടുത്താൻ തയ്യാറാകണം. പകരം, ഭരണകൂടത്തിൻ്റെ വക്താക്കളെപ്പോലെ കമ്മീഷൻ പ്രതിരോധം തീർക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ജനാധിപത്യം ഇന്ന് ഏറ്റവും നിർണ്ണായകമായ ഒരു വഴിത്തിരിവിലാണ് എത്തിനിൽക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾ ഭരണകൂടത്തിന്റെ കാൽക്കൽ അടിയറവ് പറയുന്ന സാഹചര്യത്തിൽ, അതിനെതിരെ വിരൽ ചൂണ്ടാനും ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും ഓരോ പൗരനും ബാധ്യസ്ഥനാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രക്ഷോഭങ്ങളും ഇംപിച്ച്മെൻ്റ് നീക്കങ്ങളും വെറും രാഷ്ട്രീയ തർക്കങ്ങളായി കാണാതെ, രാജ്യത്തിൻറെ തിരഞ്ഞെടു പ്പ് സംവിധാനത്തെ ശുദ്ധീകരിക്കാനുള്ള ചരിത്രപ്രധാന പോരാട്ടമായാണ് വിലയിരുത്തപ്പെടേണ്ടത്. വരും നാളുകളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്താൻ ശക്തമായ ജനകീയ സമ്മർദ്ദങ്ങൾ ആവശ്യമാണ്.


