കൊച്ചി: നടൻ മോഹൻലാലിന്റെ ന്യൂസിലാൻഡ്, യു.കെ സ്റ്റേജ് ഷോകൾക്ക് വേണ്ടി താനാണ് സ്കിറ്റുകൾ എഴുതിയതെന്ന് വെളിപ്പെടുത്തി നടൻ ധ്യാൻ ശ്രീനിവാസൻ. തന്റെ പുതിയ ചിത്രമായ ‘തേവർ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം തുറന്നുപറഞ്ഞത്.
പണ്ട് അച്ഛൻ ശ്രീനിവാസനും താൻ പങ്കെടുക്കാത്ത സ്റ്റേജ് ഷോകൾക്കും മറ്റും ഇതുപോലെ സ്കിറ്റുകൾ എഴുതി നൽകാറുണ്ടായിരുന്നെന്ന് ധ്യാൻ ഓർമ്മിച്ചു. ന്യൂസിലാൻഡിലും യു.കെയിലും നടന്ന ഷോകളിൽ ഉടനീളം മോഹൻലാലിന്റെ സാന്നിധ്യമുള്ള തരത്തിലാണ് സ്ക്രിപ്റ്റ് ഒരുക്കിയിരുന്നതെന്നും താരം വ്യക്തമാക്കി.
“ലാലേട്ടന്റെ ന്യൂസിലാൻഡിലെയും യു.കെയിലെയും ഷോസിന്റെ സ്കിറ്റ് മൊത്തം എഴുതിയത് ഞാനാണ്. സ്ക്രിപ്റ്റിലൂടെ തന്നെ ലാൽ സാർ വരുന്നതും പാട്ട് പാടുന്നതും ഡാൻസ് കളിക്കുന്നതുമൊക്കെ എഴുതാറുണ്ട്. അങ്ങനെ അതെല്ലാം ചെറിയ ചെറിയ ലീഡിട്ട് ഒരു ഫുൾ സ്കിറ്റ് പ്ലേ ചെയ്യും. സ്റ്റേജ് സ്കിറ്റിൽ അപ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതികരണം ലഭിക്കും എന്നതാണ് പ്രത്യേകത. ഇതിൽ ലാലേട്ടനെയൊക്കെ ട്രോളിയിട്ടും നമ്മൾ ഡയലോഗുകൾ എഴുതും. അത്തരത്തിലുള്ള സെൽഫ് ട്രോളുകൾ അദ്ദേഹം ശരിക്കും ആസ്വദിച്ച് എൻജോയ് ചെയ്താണ് ചെയ്യാറുള്ളത്” എന്ന് ധ്യാൻ പറഞ്ഞു.
എഴുത്തുകാരനെ ബഹുമാനിക്കുന്ന കലാകാരൻ
തത്സമയ (ലൈവ്) പരിപാടിയായിട്ടും തന്നെ ട്രോളുന്ന തമാശകളോ ഡയലോഗുകളോ ഒഴിവാക്കാൻ മോഹൻലാൽ ഒരിക്കലും ആവശ്യപ്പെടാറില്ലെന്ന് ധ്യാൻ കൂട്ടിച്ചേർത്തു. സ്ക്രിപ്റ്റ് എഴുതുന്ന ആളെ ബഹുമാനിച്ചുകൊണ്ട്, അതിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ സ്റ്റേജിൽ അവതരിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം.
“നമുക്ക് എന്ത് വേണമെങ്കിലും എഴുതാം, ആ ഒരു സ്വാതന്ത്ര്യം അദ്ദേഹം നമുക്ക് തരും. ഒരു സിനിമ ചെയ്യുന്നത് പോലെയാണിത്. നമ്മൾ എഴുതുന്നു, അദ്ദേഹം ഇടയ്ക്ക് വന്ന് നോക്കുന്നു, അങ്ങനെ വലിയ ഇൻവോൾവ്മെന്റുള്ള ഒരു പരിപാടിയാണിത്. ഒരു സിനിമ ചെയ്താൽ പോലും ഇതുപോലെയൊരു ഫീൽ കിട്ടുമെന്ന് തോന്നുന്നില്ല. സ്റ്റേജിന് സ്കിറ്റ് എഴുതുന്നത് വേറെ തന്നെയൊരു എനർജിയാണ്” എന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.


