ബ്യൂണസ് അയേഴ്സ്: കരിയറിലെ 1,000 ഗോളുകൾ എന്ന ചരിത്രനേട്ടത്തിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ കുതിക്കുന്നതിനിടെ, ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് തിരികൊളുത്തി മുൻ അർജന്റീന സൂപ്പർതാരം സെർജിയോ അഗ്യൂറോയുടെ പ്രസ്താവന.
1,000 ഗോളുകൾ നേടുക എന്നത് ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമല്ലെന്നും, റൊണാൾഡോയെപ്പോലെ അത്രയും കാലം കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ തനിക്കും ആ നാഴികക്കല്ല് പിന്നിടാമായിരുന്നുവെന്നുമാണ് അഗ്യൂറോ അവകാശപ്പെടുന്നത്.
ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 33-ാം വയസ്സിൽ അപ്രതീക്ഷിതമായി ബൂട്ടഴിക്കേണ്ടി വന്നതാണ് തന്റെ കരിയറിലെ ഗോൾവേട്ടയ്ക്ക് തടസ്സമായതെന്ന് അഗ്യൂറോ വ്യക്തമാക്കുന്നു.
കരിയറിൽ 400-ലധികം ഗോളുകൾ നേടിയ അഗ്യൂറോ, പ്രായം 40 കടന്നിട്ടും അൽ-നസ്റിനും പോർച്ചുഗലിനുമായി ഗോളടിച്ചുകൂട്ടുന്ന റൊണാൾഡോയുടെ കായികക്ഷമതയെയും സ്ഥിരതയെയും പ്രശംസിക്കാനും മറന്നില്ല.
റൊണാൾഡോയെ കുറച്ചുകാണുന്നില്ല: അഗ്യൂറോ
“ഇതൊന്നും റൊണാൾഡോയുടെ നേട്ടങ്ങളെ കുറച്ചുകാണിക്കാൻ പറയുന്നതല്ല. ഈ പ്രായത്തിലും അദ്ദേഹം നടത്തുന്ന പ്രകടനങ്ങൾ അവിശ്വസനീയമാണ്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്” എന്നാണ് അഗ്യൂറോ പറഞ്ഞത്.
മാഞ്ചസ്റ്റർ സിറ്റിയിൽ അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ അഗ്യൂറോ, 2021-ൽ ബാഴ്സലോണയിൽ ചേർന്നതിന് പിന്നാലെയാണ് പരിക്കുകളും ആരോഗ്യപ്രശ്നങ്ങളും മൂലം കരിയർ അവസാനിപ്പിക്കേണ്ടി വന്നത്.
കരിയർ നീണ്ടുപോയിരുന്നെങ്കിൽ അഗ്യൂറോയ്ക്ക് 1,000 ഗോൾ എന്ന കടമ്പ കടക്കാൻ കഴിയുമായിരുന്നോ എന്ന ചോദ്യം ആരാധകർക്കിടയിൽ വലിയ തർക്കങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.


