വീടുകളിൽ, പ്രത്യേകിച്ച് അടുക്കളകളിൽ എലി ശല്യം എന്നത് വലിയൊരു തലവേദനയാണ്. ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുക മാത്രമല്ല, നിരവധി രോഗങ്ങൾ പരത്താനും എലികൾ കാരണമാകുന്നുണ്ട്. ഇവയെ തുരത്താനായി പലപ്പോഴും രാസവിഷങ്ങളും അപകടകരമായ കെണികളും ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇവ കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ഹാനികരമാണ്. വിഷ വസ്തുക്കളുടെ സഹായമില്ലാതെ, തീർത്തും പ്രകൃതിദത്തമായ രീതിയിൽ എലികളെ എങ്ങനെ അടുക്കളയിൽ നിന്ന് തുരത്താമെന്ന് നോക്കാം. ഇതിനായി മാലിന്യമായി വലിച്ചെറിയുന്ന ഓറഞ്ചിന്റെ തൊലി മാത്രം മതിയാകും.
ഓറഞ്ച് തൊലി എലികളെ അകറ്റുന്നത് എങ്ങനെ?
എലികൾക്ക് ഓറഞ്ചിന്റെ രൂക്ഷമായ മണം ഒട്ടും ഇഷ്ടമല്ല. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന സിട്രസ് ഓയിലാണ് എലികളെ ഫലപ്രദമായി അകറ്റാൻ സഹായിക്കുന്നത്.
ഇത് അവയ്ക്ക് അരോചകമാണ്. മാത്രമല്ല, വിഷമയമല്ലാത്തതുകൊണ്ട് കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ഇത് പൂർണ്ണമായും സുരക്ഷിതവുമാണ്.
ഓറഞ്ച് തൊലി എലി തുരത്താനായി ഉപയോഗിക്കുന്ന വിധം:
പൊടിയായി ഉപയോഗിക്കാം: ഓറഞ്ച് കഴിച്ച ശേഷം അതിന്റെ തൊലികൾ കളയാതെ ചെറിയ കഷ്ണങ്ങളാക്കി നന്നായി ഉണക്കിപ്പൊടിച്ചെടുക്കുക. എലി ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ഈ പൊടി വിതറാം.
തൊലികൾ നേരിട്ട് വെക്കാം:
ഉണങ്ങിയ ഓറഞ്ച് തൊലികൾ അടുക്കള ക്യാബിനിലും, സിങ്കിന്റെ അടുത്തും മറ്റും സൂക്ഷിക്കുന്നത് എലി ശല്യം കുറയ്ക്കാൻ സഹായിക്കും.
തൊലികൾ പച്ചയായിട്ടാണ് വെക്കുന്നതെങ്കിൽ അഴുകിപ്പോകാൻ സാധ്യതയുള്ളതിനാൽ എല്ലാ ദിവസവും അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാറ്റാൻ ശ്രദ്ധിക്കണം.
സ്പ്രേ ആയി ഉപയോഗിക്കാം:
ഓറഞ്ച് തൊലികൾ വെള്ളത്തിലിട്ട് തിളപ്പിച്ച്, ആ വെള്ളം ഒരു സ്പ്രേ ബോട്ടിലിലാക്കി അടുക്കളയുടെ മൂലകളിലും വിടവുകളിലും സ്പ്രേ ചെയ്യാം.
എലികളെ അകറ്റാൻ സഹായിക്കുന്നതിനൊപ്പം അടുക്കളയ്ക്ക് നല്ലൊരു സുഗന്ധവും നവോന്മേഷവും നൽകാനും ഓറഞ്ചിന്റെ മണത്തിന് സാധിക്കും.


