ലുക്മാൻ മമ്പാട്
മെയ് 18ന്റെ സൂര്യൻ ഉദിക്കും മുമ്പ് തന്നെ അനന്തപുരിയാകെ വി.ഡി.എസ് സർക്കാറിന്റെ സത്യ പ്രതിജ്ഞക്കായെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. രാവിലെ എട്ടോടെ തന്നെ പാണക്കാട് ഹാളിലേക്ക് നേതാക്കളെത്തി തുടങ്ങി. എട്ടരയായപ്പോൾ നിയുക്ത മന്ത്രിമാർ ഉൾപ്പെടെയുള്ള എം.എൽ.എമാർ ഹാജർ. ബൈറ്റ് എടുക്കാൻ മീഡിയകളുടെ ബഹളം. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, എന്നിവർ ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾടെയുള്ള സംസ്ഥാന ഭാരവാഹികളോടും നൂറുകണക്കിന് പ്രവർത്തകരോടുമൊപ്പം സന്തോഷം പങ്കിടുമ്പോൾ ഒമ്പത്തോടെ നിയുക്ത മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുൽ വഹാബ് എം.പിക്കും ഒപ്പം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പാണക്കാട് ഹാളിലെ ആവേശതിരയിലൂടെ വേദിയിലേക്ക്. തങ്ങളും ഉന്നതധികാര സമിതി അംഗങ്ങളും നിയുക്ത മന്ത്രിമാരുമായി ഏതാനും മിനുട്ടിന്റെ കൂടിയാലോചന. സത്യ പ്രതിജ്ഞയുടെ അവസാന വട്ട വിലയിരുത്തൽ. പി.കെ കുഞ്ഞാലികുട്ടി ഉൾപ്പെടെയുള്ള ഉന്നതധികാര സമിതി അംഗങ്ങളും പാണക്കാട്ടെ സയ്യിദുമാരായ അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വേദിയിലെ മുൻ നിരയിൽ. പിന്നിൽ നിയുക്ത മന്ത്രിമാരും സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളും.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ ആറ്റിക്കുറിക്കിയ ആമുഖ ഭാഷണം. ശേഷം, ദേശീയ ജനറൽ സെക്രട്ടറി കൂടിയായ നിയുക്ത മന്ത്രി പി.കെ കുഞ്ഞാലി കുട്ടിയുടെ അഞ്ചു മന്ത്രിമാർക്കും വേണ്ടിയുള്ള സമ്മതം ചോദിക്കൽ. നായകൻ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ ക്ഷണിക്കുമ്പോൾ പിൻ ഡ്രോപ്പ് സൈലന്റ്. പത്താണ്ടിന് ശേഷം ഭരണം ലഭിച്ച സന്തോഷത്തെക്കാൾ അതിന്റെ ഉത്തരവാദിത്വം ഓർമ്മപെടുത്തുന്ന വാക്കുകൾ. പ്രാർത്ഥന നിർഭരമായി മുന്നേറാൻ നിയുക്ത മന്ത്രിമാരോടുള്ള ആഹ്വാനം. തുടർന്ന് സാദിക്കലി തങ്ങളുടെ ഭക്തി നിർഭരമായ പ്രാർത്ഥന. ഈ ലോകത്തും ഇഹലോകത്തും വിജയവും രക്ഷയും ഉണ്ടാവട്ടെ. നാട്ടിൽ ജാതി മതങ്ങൾക്കിടയിൽ മൈത്രിയും സ്നേഹവും ശക്തിപ്പെടട്ടെ. എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും വർധിക്കട്ടെ… ഒമ്പതരയോടെ പോലീസ് എസ്കോട്ടിനു പിന്നിൽ കാറുകൾ അണിനിരന്നു. പതിവിന് വിപരീതമായി, പി.കെ കുഞ്ഞാലികുട്ടി പിൻ സീറ്റിലേക്ക് മാറി സയ്യിദ് സാദിക്കലി തങ്ങളെ മുന്നിലിരുത്തി കാർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക്. പിന്നിൽ മുതിർന്നവരും ഇളയവരുമായ പാണക്കാട്ടെ സയ്യിദുമാരുടെയും ദേശീയ സംസ്ഥാന നേതാക്കളുടെയും കാറുകൾ. അനന്തപുരിയിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ തലയെടുപ്പുള്ള മനോഹര കാഴ്ച സത്യപ്രതിജ്ഞാ വേദിയുടെ പുരുഷാ രാരവവും കടന്നു മുന്നോട്ട്… ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാർ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു; കാലം സാക്ഷി…


