സാധാരണയായി കണ്ടുവരുന്ന ദഹനക്കേടോ, ഭക്ഷ്യവിഷബാധയോ ആയി തെറ്റിദ്ധരിക്കപ്പെട്ട് ഒടുവിൽ ഗുരുതരമായ അവസ്ഥയിലെത്തുന്ന ഒരു രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാരിൽ വൻതോതിൽ വർദ്ധിച്ചുവരികയാണ്. അതാണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (Inflammatory Bowel Disease). ദഹനവ്യവസ്ഥയെ ബാധിക്കുന്നതും വിട്ടുമാറാത്തതുമായ വീക്കമാണ് (Chronic Inflammation) ഈ രോഗത്തിന്റെ പ്രത്യേകത.
പ്രധാനമായും രണ്ട് തരത്തിലാണ് IBD കാണപ്പെടുന്നത്:
>>അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative Colitis): ഇത് വൻകുടലിന്റെ ആന്തരിക ചർമ്മത്തെ മാത്രം ബാധിക്കുന്ന വ്രണങ്ങളാണ്.
>>ക്രോൺസ് ഡിസീസ് (Crohn’s Disease): ഇത് ദഹനവ്യൂഹത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം.
ഒരുകാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കൂടുതലായി കണ്ടുവന്നിരുന്ന ഈ രോഗം, ഇന്ന് ഇന്ത്യയിൽ ഇരുപത് മുതൽ നാൽപ്പത് വരെ പ്രായം വരുന്ന ചെറുപ്പക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.
പ്രാരംഭ ലക്ഷണങ്ങളും അപകടസൂചനകളും
IBD-യുടെ ലക്ഷണങ്ങൾ പലപ്പോഴും പ്രാരംഭഘട്ടത്തിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലെയുള്ള സാധാരണ ഉദരരോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്:
>>വിട്ടുമാറാത്ത വയറിളക്കം: ആഴ്ചകളോളം നീണ്ടുനിൽക്കുന്നതും, പലപ്പോഴും മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോകുന്നതുമായ അവസ്ഥ.
>>വയറുവേദനയും അസ്വസ്ഥതയും: അടിവയറ്റിൽ കഠിനമായ വേദന, മലവിസർജ്ജനത്തിന് ശേഷവും വയറ്റിൽ അനുഭവപ്പെടുന്ന ഭാരം.
>>കാരണമില്ലാത്ത ശരീരഭാരം കുറയുക: കൃത്യമായ ഭക്ഷണരീതി പിന്തുടർന്നിട്ടും പെട്ടെന്ന് ശരീരഭാരം കുറയുകയും ശരീരപുഷ്ടി നഷ്ടപ്പെടുകയും ചെയ്യുക.
>>അമിതമായ ക്ഷീണവും വിളർച്ചയും: പോഷകങ്ങൾ കൃത്യമായി ആഗിരണം ചെയ്യപ്പെടാത്തതു മൂലമുണ്ടാകുന്ന വിളർച്ചയും (Anemia) വിട്ടുമാറാത്ത തളർച്ചയും.
>>വിട്ടുമാറാത്ത നേരിയ പനി: ശരീരത്തിനുള്ളിലെ വീക്കം കാരണം ഇടയ്ക്കിടെ ഉണ്ടാകുന്ന താപനില വ്യതിയാനം.
>>മലദ്വാരത്തിലെ അസ്വസ്ഥതകൾ: മലദ്വാരത്തിന് ചുറ്റുമുണ്ടാകുന്ന വേദന, മുറിവുകൾ (Fissures) അല്ലെങ്കിൽ പഴുപ്പ് വരുന്നത് (Fistulas).
രോഗകാരണങ്ങളും സാധ്യതകളും
ചെറുപ്പക്കാരിലെ IBD-യുടെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ജനിതക-പരിസ്ഥിതി ഘടകങ്ങളുടെ സങ്കീർണ്ണമായ ഇടപെടലുകളാണ് ഇതിലേക്ക് നയിക്കുന്നത്:
>>പ്രതിരോധസംവിധാനത്തിലെ വ്യതിയാനങ്ങൾ (Autoimmune Response): ശരീരത്തിലെ പ്രതിരോധ സംവിധാനം ദഹനവ്യവസ്ഥയിലെ കോശങ്ങളെ ബാക്ടീരിയകളോ വൈറസുകളോ ആയി തെറ്റിദ്ധരിച്ച് ആക്രമിക്കുന്ന അവസ്ഥ.
>>മാറിയ ഭക്ഷണരീതികൾ: അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (Ultra-processed foods), പാക്കറ്റ് ഭക്ഷണങ്ങൾ, നാരുകൾ (Fiber) കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ പാശ്ചാത്യ ഭക്ഷണരീതികൾ കുടലിലെ ബാക്ടീരിയകളുടെ (Gut Microbiome) സന്തുലിതാവസ്ഥ തെറ്റിക്കുന്നു.
>>മാനസിക സമ്മർദ്ദം (Chronic Stress): കരിയറും പഠനവുമായി ബന്ധപ്പെട്ട് ചെറുപ്പക്കാരിലുണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദം ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
>>വേദനസംഹാരികളുടെ ദുരുപയോഗം: വിട്ടുമാറാത്ത തലവേദനയ്ക്കും മറ്റു തരത്തിലുള്ള വേദനകൾക്കും ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്ഥിരമായി എൻ.എസ്.എ.ഐ.ഡി (NSAIDs) വിഭാഗത്തിൽപ്പെട്ട വേദനസംഹാരികൾ കഴിക്കുന്നത് കുടലിലെ വ്രണങ്ങൾ വർദ്ധിപ്പിക്കും.
മുൻകൂട്ടിയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
ഐ.ബി.ഡി. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് കുടലിൽ കടുത്ത തടസ്സങ്ങൾ (Strictures) ഉണ്ടാകുന്നതിനും, സുഷിരങ്ങൾ വീഴുന്നതിനും (Perforation) കാരണമാകാം. ദീർഘകാലം ചികിത്സിക്കാതെ കിടക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ് പിൽക്കാലത്ത് വൻകുടലിലെ അർബുദത്തിന് (Colon Cancer) വരെ കാരണമാകാൻ സാധ്യതയുണ്ട്.
രോഗനിർണ്ണയ പരിശോധനകൾ: വിട്ടുമാറാത്ത ഉദരരോഗ ലക്ഷണങ്ങൾ കണ്ടാൽ എൻഡോസ്കോപ്പി (Endoscopy), കൊളോണോസ്കോപ്പി (Colonoscopy), ബയോപ്സി, മലപരിശോധന (Fecal Calprotectin), രക്തത്തിലെ വീക്കത്തിന്റെ അളവ് അറിയാനുള്ള സി.ആർ.പി (CRP), ഇ.എസ്.ആർ (ESR) പരിശോധനകൾ എന്നിവയിലൂടെ രോഗം കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:
ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് പൂർണ്ണമായി ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിലും കൃത്യമായ മരുന്നുകളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും രോഗാവസ്ഥയെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും.
>>ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക: ഒരേസമയം കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പലതവണകളായി കഴിക്കുക. എരിവ്, പുളി, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കാപ്പി, അമിതമായി മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. അതോടൊപ്പം ധാരാളം വെള്ളം കുടിക്കുക.
>>ഡയറി ജേണൽ സൂക്ഷിക്കുക: ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് വയറിന് അസ്വസ്ഥത കൂടുന്നത് എന്ന് സ്വയം നിരീക്ഷിച്ച് അവ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുക (Trigger foods).
>>സമ്മർദ്ദം കുറയ്ക്കുക: കുടലും തലച്ചോറും തമ്മിൽ നേരിട്ട് ബന്ധമുള്ളതിനാൽ (Gut-Brain Axis) യോഗ, ധ്യാനം, കൃത്യമായ ഉറക്കം എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നത്തിനും രോഗം വഷളാകാതിരിക്കാനും സഹായിക്കും.
>>സ്വയംചികിത്സ അരുത്: വയറുവേദനയ്ക്കും വയറിളക്കത്തിനും സ്വയം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഗുളികകൾ വാങ്ങി കഴിക്കുന്നത് രോഗം കൂടുതൽ സങ്കീർണ്ണമാക്കും. അതിനാൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ കൃത്യമായ ചികിത്സ തേടുക.


