ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസ് എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ വിധി പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച് കോടതി ഇന്ന് തീരുമാനമെടുത്തേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻകടവിൽ വെച്ച് എംഎസ്എഫ് നേതാവായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഷുക്കൂറും സംഘവും കല്ലെറിഞ്ഞതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 33 പേരാണ് കേസിൽ പ്രതികളായത്. ഇതിൽ രണ്ടുപേർ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗം മൂന്ന് അധിക സാക്ഷികളെയും പ്രോസിക്യൂഷൻ ഒരു അധിക സാക്ഷിയെയും ഹാജരാക്കി.
സിബിഐ കുറ്റപത്രത്തിൽ ആകെ 81 സാക്ഷികളാണുള്ളത്. 238 രേഖകളും 21 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസിലെ വിചാരണ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് വിധി പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച നിർണായക തീരുമാനം കോടതി ഇന്ന് കൈക്കൊള്ളുമെന്ന പ്രതീക്ഷ.


