തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരായ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന റാലിക്ക് പൊലീസ് അനുമതി നൽകി. ബിജെപിക്കെതിരായ വോട്ട് ചോരി ആരോപണവും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിലെ ക്രമക്കേടുകളും ഉയർത്തിയാണ് കോൺഗ്രസും ഇന്ത്യാ മുന്നണിയിലെ കക്ഷികളും പ്രതിഷേധം ശക്തമാക്കുന്നത്.
റാലിക്ക് അനുമതി നിഷേധിച്ചെന്ന കോൺഗ്രസ് ആരോപണത്തിന് പിന്നാലെയാണ് ഒക്ടോബർ 17ന് നൽകിയ അനുമതി നിലനിൽക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയത്. നേരത്തെ അശോക് ഹോട്ടലിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടിക്ക് പൊലീസ് അനുമതി റദ്ദാക്കിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചിരുന്നു. തുടർന്നാണ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റിയത്.
റാലിക്ക് അനുമതി നൽകിയെങ്കിലും പൊലീസ് കർശന നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചിന് പരിപാടി അവസാനിപ്പിക്കണം. പരിപാടി കഴിഞ്ഞാൽ ഉടൻ ആളുകൾ പിരിഞ്ഞുപോകണമെന്നും മൈതാനത്ത് രാത്രി തങ്ങാനോ മറ്റൊരിടത്തേക്ക് പ്രകടനമായി നീങ്ങാനോ പാടില്ലെന്നും നിർദേശമുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സുരക്ഷാ ക്രമീകരണങ്ങൾ, സിസിടിവി സംവിധാനങ്ങൾ, കുടിവെള്ളം, ശുചിമുറികൾ, സ്ത്രീകൾക്കുള്ള പ്രത്യേക സൗകര്യങ്ങൾ എന്നിവ സംഘാടകർ ഒരുക്കണം. നിബന്ധനകൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളും ഉയർത്തി ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടം ശക്തമാക്കുകയാണ് കോൺഗ്രസ്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘പബ്ലിക് ഇംപീച്ച്മെന്റ്’ പരിപാടിയും പ്രതിഷേധത്തിന്റെ ഭാഗമാണ്.


