തിരുവനന്തപുരം: പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കിയ മലയാളികൾക്കായി സംസ്ഥാന സർക്കാർ ‘നോർക്ക റിട്ടേണി ഐഡി കാർഡ്’ പദ്ധതി നടപ്പിലാക്കി. മടങ്ങിയെത്തിയ പ്രവാസികളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമായാണ് പുതിയ തിരിച്ചറിയൽ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. രജിസ്ട്രേഷനുള്ള ഔദ്യോഗിക പോർട്ടൽ ഇന്ന് (ഒക്ടോബർ 8 രാവിലെ 11 മണി മുതൽ പ്രവർത്തനം ആരംഭിച്ചു.
കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്തോ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തോ പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയവർക്ക് റിട്ടേണി ഐഡി കാർഡിന് അപേക്ഷിക്കാം. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം.
മടങ്ങിയെത്തിയ പ്രവാസികളുടെ കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുക, സർക്കാർ നടപ്പാക്കുന്ന പുനരധിവാസ-ക്ഷേമ പദ്ധതികൾ അർഹരായവരിലേക്ക് വേഗത്തിൽ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നോർക്ക റൂട്ട്സ് നടപ്പാക്കുന്ന വിവിധ പദ്ധതികളായ NDPREM, സാന്ത്വന ചികിത്സാ-ധനസഹായ പദ്ധതികൾ, നൈപുണ്യ വികസന പരിശീലനങ്ങൾ തുടങ്ങിയവയ്ക്ക് ഈ കാർഡ് പ്രധാന തിരിച്ചറിയൽ രേഖയായിരിക്കും. ഭാവിയിൽ നോർക്കയുമായി സഹകരിക്കുന്ന ആശുപത്രികൾ, ലാബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കാൻ ആലോചനയുണ്ടെന്നും അധികൃതർ അറിയിച്ചു.
അപേക്ഷയ്ക്കൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, കൂടാതെ മുൻപ് പ്രവാസിയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവ സമർപ്പിക്കണം. കാലാവധി കഴിഞ്ഞ നോർക്ക പ്രവാസി ഐഡി കാർഡ്, പ്രവാസി ക്ഷേമനിധി അംഗത്വ കാർഡ്, അല്ലെങ്കിൽ പാസ്‌പോർട്ടിലെ വിസാ രേഖകൾ എന്നിവ തെളിവായി ഉപയോഗിക്കാം.


