ഭുവനേശ്വർ കുമാർ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത് രോഹിത് ശർമയുടെയും വിരാട് കോലിയുടെയും സമീപകാലത്തെ മികച്ച പ്രകടനങ്ങൾ ആണെന്ന് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് രോഹിത്തും കോലിയും തെളിയിച്ചുവെന്നും ഇതിനു പിന്നാലെയാണ് ഭുവനേശ്വർ കുമാറിനെ വീണ്ടും ടീമിലെടുത്തതെന്നാണ് മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടത്.
‘നാല് വർഷങ്ങൾക്കുശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത് വലിയ അത്ഭുതമാണ്. പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് വിരാട് കോലിയും രോഹിത് ശർമയും തെളിയിച്ചു. ഇതോടെ ബിസിസിഐയുടെയും സെലക്ടർമാരുടെയും സമീപനത്തിലും മാറ്റം സംഭവിച്ചു.
പ്രായത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്ന സെലക്ടർമാർ പുറത്തുപോയതോടെ പുതിയ സെലക്ഷൻ കമ്മിറ്റി പ്രകടനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അതിന്റെ ഭാഗമാണ് ഭുവനേശ്വർ കുമാറിനെയും ടീമിൽ ഉൾപ്പെടുത്തിയത്’ മുൻ ഇന്ത്യൻ താരം തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.
2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് ഭുവനേശ്വർ കുമാറിന്റെ മുന്നിൽ വീണ്ടും ഇന്ത്യൻ ടീമിന്റെ വാതിൽ തുറക്കപ്പെട്ടത്. ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഭുവനേശ്വർ ഇടം നേടിയത്. 2022ലായിരുന്നു താരം അവസാനമായി ഇന്ത്യക്കായി കളിച്ചിരുന്നത്.


