ന്യൂഡല്‍ഹി: ദേശീയ പതാക വീശിയതിന് കൊക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) പ്രവര്‍ത്തകര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുമ്പോള്‍, അക്രമം നടത്തിയവര്‍ക്ക് ജാമ്യം ലഭിച്ചതിലെ വിവേചനത്തിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി രംഗത്ത്. സി.ജെ.പി പ്രവര്‍ത്തകരായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവര്‍ ജയിലില്‍ കഴിയുമ്പോഴും, സമരക്കാരെ മര്‍ദ്ദിച്ച ഹിന്ദു രക്ഷാദള്‍ അംഗങ്ങള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെയാണ് അദ്ദേഹം ശക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 18-ന് എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് സര്‍ദേശായി ഇരു കേസുകളിലെയും നടപടികള്‍ തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചത്. ജന്തര്‍മന്ദറില്‍ ദേശീയ പതാക വീശിയതിന് അതിക്രമിച്ചു കയറിയെന്നും നിരോധനാജ്ഞ ലംഘിച്ചെന്നും ആരോപിറിച്ചാണ് സി.ജെ.പി പ്രവര്‍ത്തകരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. എന്നാല്‍ സമരക്കാരെ മര്‍ദ്ദിക്കുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടും ഹിന്ദു രക്ഷാദള്‍ അംഗങ്ങള്‍ക്ക് ജാമ്യം ലഭിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അതിശയം തന്നെ; ജന്തര്‍മന്ദറില്‍ ദേശീയ പതാക വീശിയതിന് സി.ജെ.പിയുടെ അശുതോഷ് റങ്കയും സൗരവ് ദാസും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് (ഇത് ഒരിക്കലും അക്രമമല്ല). എന്നാല്‍ സമരക്കാരെ മര്‍ദ്ദിക്കുന്നത് ക്യാമറയില്‍ കുടുങ്ങിയ ഹിന്ദു രക്ഷാദള്‍ അംഗങ്ങള്‍ ജാമ്യത്തിലാണ്. ഇതാണോ നിയമം?’ – സര്‍ദേശായി കുറിച്ചു.
നിരോധിച്ച സമരകേന്ദ്രങ്ങളില്‍ പ്രവേശിച്ചെന്നും സമാധാന കരാറുകള്‍ ലംഘിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ വാദം. രാഷ്ട്രീയ പ്രകടനങ്ങളോടും സമാധാനപരമായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരുടെ അവകാശങ്ങളോടുമുള്ള സമീപനത്തിലും നിയമനടപ്പുകളിലെ സ്ഥിരതയില്ലായ്മയിലും സര്‍ദേശായിയുടെ പ്രസ്താവന വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.


