ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഷമിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.
ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ കുൻവർ ബാസിത് അലിയും പങ്കെടുത്തിട്ടുണ്ട്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഷമി ബി.ജെ.പിയുടെ ഭാഗമാവുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.
അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ഷമിയുടെ ഈ നീക്കം ദുരൂഹമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ചോ രാഷ്ട്രീയ പദവി ഏറ്റെടുക്കുന്നതിനെക്കുറിച്ചോ ഷമിയോ ബി.ജെ.പി നേതൃത്വമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ ബി.ജെ.പിയുടെ ദേശീയ ഒ.ബി.സി മോർച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഷമിയുടെ ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
കായികരംഗത്തുള്ള പ്രമുഖരായ ആളുകളെ പാർട്ടിയുടെ സംഘടന സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഷമിയുമായുള്ള കൂടിക്കാഴ്ചയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
അടുത്തിടെയാണ് ഷമി ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2013ൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷമി 64 മത്സരങ്ങളിൽ നിന്നും 229 വിക്കറ്റുകളാണ് വീഴ്ത്തിയത്.

വിദേശ ടെസ്റ്റുകളിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് ഷമി. ഇന്ത്യക്ക് വേണ്ടി രണ്ട് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ താരം കളിച്ചിട്ടുണ്ട്. 2023ലാണ് ടെസ്റ്റിൽ ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്.


