ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റിൽ ന്യൂസിലാൻഡിന് 243 റൺസ് ലീഡ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് ആണ് നേടിയത്.
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 246 റൺസിന് പുറത്തായി. 170 പന്തിൽ നിന്നും 88 റൺസ് നേടിയ ധ്രുവ് ജുറലിന്റെ പോരാട്ടമാണ് ഇന്ത്യയെ കരകയറ്റിയത്.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ 250 റൺസിൽ താഴെ പുറത്തായ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമാണ് ജുറൽ. 2024ൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 155 റൺസിന് പുറത്തായപ്പോൾ 84 റൺസ് നേടി തിളങ്ങിയ യശ്വസി ജെയ്സ്വാളിനെയാണ് ജുറൽ നാലാമനാക്കിയത്.
2023ൽ സൗത്ത് ആഫ്രിക്കക്കെതിരെ 245 റൺസിന് പുറത്തായപ്പോൾ 101 റൺസ് നേടിയ കെ.എൽ രാഹുലാണ് ഒന്നാമതുള്ളത്. 2022ൽ സൗത്ത് ആഫ്രിക്കക്കെതിരെ 198 റൺസിന് ഇന്ത്യ ഓൾഔട്ട് ആയപ്പോൾ 100 റൺസ് നേടിയ റിഷബ് പന്താണ് രണ്ടാമൻ.
അതേസമയം, ഒന്നാം ഇന്നിംഗ്സിൽ കിവീസ് 356 റൺസ് ആണ് നേടിയത്. ടോം ബ്ലണ്ടൽ 89 റൺസും ഡെവോൺ കോൺവേ 59 റൺസും നേടി ന്യൂസിലാൻഡ് നിരയിൽ തിളങ്ങി.
ഇന്ത്യക്കായി ആകാശ് ദീപ് 5 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 31.3 ഓവറിൽ 99 റൺസ് വിട്ടു നൽകിയാണ് ആകാശ് ദീപ് 5 വിക്കറ്റുകൾ നേടിയത്. അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ എന്നിവർ രണ്ട് വീതം വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.


