ബുറൈദ: സൗദി പ്രോ ലീഗിൽ അൽ-ഹസീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് അൽ-നാസറിന് ഉജ്ജ്വല വിജയം. ബുറൈദയിലെ കിംഗ് അബ്ദുള്ള സ്പോർട് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അൽ-ഖാദ്സിയയ്ക്കൊപ്പമെത്താൻ (31 പോയിന്റ്) അൽ-നാസറിനായി. എന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 1,000 കരിയർ ഗോളുകളെന്ന സ്വപ്നനേട്ടത്തിലേക്കുള്ള കാത്തിരിപ്പ് നീളുകയാണ്.
26-ാം മിനിറ്റിൽ പോർച്ചുഗീസ് മിഡ്ഫീൽഡർ സാമു കോസ്റ്റയാണ് അൽ-നാസറിന്റെ വിജയഗോൾ കുറിച്ചത്. ജോവോ ഫെലിക്സിന്റെ ക്രോസ് പ്രതിരോധിക്കുന്നതിൽ അൽ-ഹസീം ഗോൾകീപ്പർ ജിൻഡ്രിച്ച് സ്റ്റാനെക്കിന് പിഴച്ചതോടെ ലഭിച്ച അവസരം കോസ്റ്റ വലയിലാക്കുകയായിരുന്നു. വിഎആർ (VAR) പരിശോധനയ്ക്ക് ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്.
ചരിത്രം കുറിച്ച് അൽ-നാസർ
സാമു കോസ്റ്റ നേടിയ ഗോളോടെ സൗദി പ്രോ ലീഗ് ചരിത്രത്തിൽ തുടർച്ചയായി 100 മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ടീമെന്ന അപൂർവ്വ റെക്കോർഡ് അൽ-നാസർ സ്വന്തമാക്കി. 2023 ഡിസംബറിൽ അൽ-റിയാദിനെതിരെ ആരംഭിച്ച ഈ ഗോളടിമേളം ഇന്നും തുടരുകയാണ്.
റൊണാൾഡോയുടെ ശ്രമം ക്രോസ്ബാറിൽ തട്ടി തെറിച്ചു
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗോളൊന്നും നേടാനായില്ല. ബോക്സിനുള്ളിൽ നിന്നുള്ള താരത്തിന്റെ ശക്തമായ ഷോട്ട് ക്രോസ്ബാറിൽ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. കരിയറിലെ 987 ഗോളുകളെന്ന നാഴികക്കല്ലിലാണ് നിലവിൽ റൊണാൾഡോ. 1,000 ഗോൾ നേട്ടത്തിലെത്താൻ താരത്തിന് ഇനി 13 ഗോളുകൾ കൂടി വേണം. തുടർച്ചയായ നാല് മത്സരങ്ങളിൽ റൊണാൾഡോ ഗോൾ നേടാൻ കഴിയാതെ പോകുന്നത് ഇതാദ്യമാണ്.
നിലവിൽ ലീഗിൽ 9 ഗോളുകളോടെ ടോപ് സ്കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് 41-കാരനായ റൊണാൾഡോ. ഈ വിജയത്തോടെ അൽ-നാസർ ലീഗ് കിരീടപ്പോരാട്ടം കൂടുതൽ ശക്തമാക്കി.


