editorial
ന്യൂനപക്ഷ വേട്ടക്ക് മറ്റൊരു നിയമം കൂടി
വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്. സി.ആര്.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്.
വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്. സി.ആര്.എ) ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു കുരുക്കാണ്. ‘ദേശീയ സുരക്ഷ’ ഉറപ്പാക്കാനും ‘സുതാര്യത’ വര്‍ധിപ്പിക്കാനുമാണ് നിയമനിര്‍മാണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന പൊതുസമൂഹത്തെയും രാജ്യത്തിന്റെ പുരോഗതിയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെയും ഈ നിയമം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളെ പൊടുന്നനെ സംശയനിഴലിലാക്കിയിരിക്കയാണ് നിയമഭേദഗതി.
വിദേശഫണ്ട് ദുരുപയോഗം തടയാന്‍ നിയമങ്ങളുണ്ടായിരിക്കെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായ വിദേശ ഇടപെടലുകള്‍ തടയുക എന്നത് ഏതൊരു പരമാധികാര രാഷ്ട്രത്തിന്റെയും അനിവാര്യതയാണ്. എന്നാല്‍, ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക സേവനങ്ങളുടെയും ശ്വാസം മുട്ടിക്കപ്പെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ലൈസന്‍സ് പുതുക്കുന്നതിലെ കാലതാമസവും അപ്രതീക്ഷിതമായ റദ്ദാക്കലുകളും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കും.
പുതിയ വ്യവസ്ഥകള്‍ പ്രകാരം, ഒരു സംഘടനയുടെ എഫ്.സി.ആര്.എ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെടുകയോ റദ്ദാക്കപ്പെടുകയോ അല്ലെങ്കില്‍ കൃത്യസമയത്ത് പുതുക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍, അതിന്റെ ആസ്തികള്‍ താല്‍ക്കാലികമായോ സ്ഥിരമായോ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. പ്രധാനമായും ഇത് പണത്തെ മാത്രമല്ല, ഭൂമി, കെട്ടിടങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെയും ബാധിക്കും. അവ ഭാഗികമായി മാത്രം വിദേശഫണ്ട് ഉപയോഗിച്ച് നിര്മിച്ചതാണെങ്കില് പോലും. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പല ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഭരണപരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കമ്യൂണിറ്റി ആസ്തികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നതാണ് ബില്ല്.
ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ ഈ നിയമം സൃഷ്ടിച്ചിരിക്കുന്ന ആശങ്കകള്‍ ഗൗരവതരമാണ്. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ പോലും വിദ്യാഭ്യാസവും ചികിത്സയും എത്തിക്കുന്നതില്‍ ഈ സമുദായങ്ങളുടെ കീഴിലുള്ള എന്‍.ജി.ഒകള്‍ വഹിക്കുന്ന പങ്ക് നിഷേധിക്കാനാവില്ല. രാജ്യത്ത് 15,010 സംഘടനകള്‍ക്കാണ് എഫ്.സി.ആര്. ഐ ലൈസന്‍സുള്ളത്. ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ എന്‍.ജി.ഒകളുടെ വിദേശഫണ്ടും ആസ്തികളും കേന്ദ്ര സര്‍ക്കാരിന് കൈവശപ്പെടുത്താം. എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന് വിചാരിച്ചാല്‍പോലും ലൈസന്‍സ് പുതുക്കാതിരിക്കാം. പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പള്ളിയോ, മറ്റു സ്ഥാപനങ്ങളോ പിടിച്ചെടുക്കാം. മുന്‍കാല പ്രാബല്യത്തോടെ വ്യവസ്ഥ നടപ്പാക്കാമെന്നും ബില്ലിലുണ്ട്.
വിദേശരാജ്യങ്ങളില്‍ കഴിയുന്ന സഭാവിശ്വാസികള്‍ നേര്‍ച്ചയായി നല്കുന്ന പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ലെന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് ഇത്തരം ഫണ്ടുകള്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസ- ആരോഗ്യ- സാമൂഹിക മേഖലകളിലാണ് പണം ചെലവഴിക്കുന്നത്. ചെലവഴിക്കുന്ന ഓരോ പണത്തിനും വ്യക്തമായ കണക്കും രേഖകളുമുണ്ട്. വിദേശ ഫണ്ടുകളെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആശുപത്രികളും സ്കൂളുകളും തകര്‍ക്കാന്‍ ഈ നിയമം ആയുധമാക്കപ്പെടുമോ എന്ന ഭീതി വ്യാപകമാണ്. പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സയും സ്കോളര്‍ഷിപ്പുകളും മുടങ്ങാന്‍ ഈ നിയന്ത്രണങ്ങള്‍ കാരണമാകും.
മത-സാമുദായിക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിര്‍പ്പിനിടയിലും ബില്‍ ഇന്ന് പാസാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ ഇന്നത്തെ റിവേഴ്സ്ഡ് ലിസ്റ്റ് ഓഫ് ബിസിനസില്‍ ഉള്‍പ്പെടുത്തിയ തോടെയാണ് ബില്‍ ലോക്സഭ പാസാക്കുമെന്ന ആശങ്ക ശക്തമായത്. നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബില്‍ അവതരിപ്പിച്ച സമയവും ഇതിന് മുന്‍പായി കൂടിയാലോചനകള്‍ നടക്കാത്തതും ശ്രദ്ധേയമാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ നിര്‍ണായക തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എം.പിമാര്‍ അവരുടെ സംസ്ഥാനങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിനില്ക്കുന്ന തക്കം നോക്കി പ്രതിപക്ഷ കക്ഷി പ്രതിനിധികളുടെ അഭാവത്തില്‍ നിര്‍ണായക ഭേദഗതികള്‍ ചുട്ടെടുക്കുകയാണ്.
സുതാര്യത കൊണ്ടുവരേണ്ടത് അത്യാവശ്യം തന്നെയാണ്. പക്ഷേ അത് സേവന പ്രവര്‍ത്തനങ്ങളുടെ കുഴിമാടത്തിന് മുകളിലാകരുത്. വിദേശ പണം എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്ന് നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമായിരിക്കെ, കടുത്ത നിയമങ്ങള്‍ വഴി സന്നദ്ധ സംഘടനകളെ തളച്ചിടുന്നത് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയനിഴലിലാക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനാധിപത്യം എന്നാല്‍ ഭൂരിപക്ഷാധിപത്യം മാത്രമല്ല, മറിച്ച് വിയോജിപ്പുകളെയും വൈവിധ്യമാര്‍ന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെയും ചേര്‍ത്തുപിടിക്കല്‍ കൂടിയാണ്. ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പൊതുസമൂഹവുമായും മത-സാമൂഹിക നേതാക്കളുമായും തുറന്ന ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണം. സുരക്ഷയുടെ പേരില്‍ സേവനത്തിന്റെ വാതിലുകള്‍ അടഞ്ഞുപോകാതിരിക്കട്ടെ.
ഉത്തരം കിട്ടാത്തതെന്തും എ.ഐ അഥവാ നിര്‍മിത ബുദ്ധി എന്നു പറയുന്നതാണ് സി.പി.എമ്മിന്റെ പുതിയ തന്ത്രം. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് സ്ഥിരം പറയുന്നത് ഇപ്പോള്‍ ഇതാണ്. ഇത് തന്നെയാണ് ഇപ്പോള്‍ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ പിണറായിക്കാലത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവള പത്രം പുറത്തിറക്കിയപ്പോഴും സി.പി.എമ്മിന്റെ പ്രതികരണം. പിണറായി സര്‍ക്കാറിന്റെ കോടിക്കണക്കും കിഫ്ബിയുമെല്ലാം വെറും തള്ള് മാത്രമായിരുന്നുവെന്ന് വ്യകതമാക്കിക്കൊണ്ടാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതിയും മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം വിയോജിച്ചത് എ.ഐ ഉപയോഗിച്ച് തയ്യാറാക്കി എന്നും പറ ഞ്ഞായിരുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അവകാശം എജിക്ക് മാത്രമാണെന്നായിരുന്നു മുന്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. പേടി ഇല്ലെന്ന് ഓരോ രണ്ട് വാക്കിലും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞതോടെ കേട്ടവര്‍ക്കൊക്കെ സംഗതി മനസിലായി. ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നുമായിരുന്നു ആദ്യം പ്രതിപക്ഷത്തിന്റെ ആക്ഷേപം. പുറത്ത് നിന്നുള്ള വരെ ധവള പത്രം തയാറാക്കാന്‍ ഏല്‍പ്പിച്ചത് ശരിയല്ല. ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ മൊത്തം തകിടം മറിക്കാനാകുമെന്നും എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആധി. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖയിലൂടെ യു.ഡി.എഫ് പുറത്ത് വിട്ടത്. തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും കടം വാങ്ങാന്‍ റിസര്‍വ് ബാങ്കില്‍ പോയി കൂടുതല്‍ നോട്ട് അടിച്ചു തരാന്‍ ആവശ്യപ്പെട്ടാല്‍ മതിയെന്ന യമണ്ടന്‍ തിയറി പുറത്തിറക്കിയ ഒന്നാം പിണറായി സര്‍ക്കാറിലെ ധനമന്ത്രി കയറുപിരി ശാസ്ത്രജ്ഞന് പക്ഷേ ഇതൊന്നും പോര.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച കേന്ദ്ര സഹായങ്ങള്‍, അവ ഏതൊക്കെ രീതിയില്‍ ചെലവഴിച്ചു, നിലവില്‍ സംസ്ഥാന ഖജനാവിലെ നീക്കിയിരിപ്പ് എത്രയാണ് തുടങ്ങിയ വിശദമായ വിവരങ്ങളാണ് ധവളപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ധവളപത്രം തയ്യാറാക്കിയത്.
ഇത്രയും കാലം തള്ളിമറിച്ചു നടന്നവര്‍ യാഥാര്‍ത്ഥ്യം പുറത്ത് വരുമെന്നായപ്പോള്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന വാദവുമായാണ് ഇറങ്ങിയത്. എന്നാല്‍ ഉമ്മാക്കിയല്ല മുന്‍ സര്‍ക്കാറിന്റെ കണ്ണാടിയാണെന്ന് വി.ഡി സതീശനും വ്യക്തമാക്കിയതോടെ കണ്ണാടി എങ്കില്‍ കുത്തിപ്പൊട്ടിച്ചിട്ട് തന്നെ കാര്യമെന്നാണ് പ്രതിപക്ഷം പറയുന്നത്. മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിക്കുക എന്ന കുബുദ്ധിയുമായാണ് ഇറങ്ങിത്തിരിക്കുന്നത്. ഇനിയിപ്പോള്‍ ഇടതിന്റെ ബദല്‍ ധവളപത്രം അവതരിപ്പിക്കുകയാണ് പോലും, പ്രശസ്ത ആര്.ബി.ഐ വായ്പ തിയറിസ് പെഷ്യലിസ്റ്റ് കയറുപിരി ശാസ്ത്രജ്ഞനും മുന്‍ ധനമന്ത്രിയുമാണത്രേ തയ്യാറാക്കുന്നത്. ബലേ ഭേഷ്.
നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്നതിന് അഥവാ എ.ഐ സാങ്കേതികവിദ്യയ്ക്ക് സിപിഎം എതിരാണോയെന്ന് ചോദിക്കരുത്. വെറുതെ ട്രോളിയാല്‍ തീരില്ലത്രേ ഇത്. എല്ലാം രഹസ്യ രേഖയാണ് പോലും. അതായത് ട്രഷറി ബാലന്‍സ് രഹസ്യ രേഖയാണോ?. ചോദ്യങ്ങള്‍ പാടില്ല. സ്റ്റഡി ക്ലാസിന് വരാത്തതിനാല്‍ ഉത്തരം ലഭിക്കില്ല. എന്തായാലും ഇത്തവണ ഫേസ്ബുക് സംവാദത്തിന് പോലും വെല്ലുവിളി ഇല്ല. പണ്ട് ഇന്നത്തെ മുഖ്യമന്ത്രി വിഡി സതിശനെ ലോട്ടറി സംവാദത്തിന് വെല്ലുവിളിച്ചത് ഓര്‍മയുണ്ടാവും. എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ….അന്ന് വിയര്‍ത്ത വിയര്‍ക്കല്‍ ഇന്നും തുടച്ചാല്‍ തീരില്ല. പക്ഷേ എ.ഐ ആയാലും അയ്യേ ആയാലും ഒരു കാര്യം മലയാളികള്‍ക്ക് വ്യക്തമായി. സി.പി.എം പറഞ്ഞത് ബുമറാങ് ആയിട്ടുണ്ട്. പ്രശ്നം എന്തെന്ന് വച്ചാല്‍ ഇപ്പോള്‍ ധവളപത്രത്തില്‍ ഇപ്പോള്‍ ഉള്ളത് മുഴുവനും സത്യം ആണ് എന്ന് ഉറപ്പായി. ആകെ കുഴപ്പം. ഇനിയിപ്പോള്‍ ബദല്‍ എങ്കില്‍ ബദല്‍ എങ്ങനേലും രക്ഷപ്പെടണല്ലോ.
മസാല ബോണ്ട് എന്ന ഏറ്റവും വലിയ കൊടിയ അനീതി കാണിച്ച സാമ്പത്തിക വികസന വിരുദ്ധ ബുദ്ധിയുടെ ആളുകളൊക്കെ ബദല്‍ രേഖയുമായി എത്തിയാല്‍ എന്താകുമെന്നൊന്നും ചോദിക്കരുത്. വെറുതെ ബഡായി പറഞ്ഞു ആളുകളെ പറ്റിക്കാലോ. പക്ഷേ ഇത് കാലം വേറെയല്ലേ സഖാവേ. ഏറ്റവും കൂടിയ പലിശക്ക് മസാലബോണ്ട് വാങ്ങി അത് കുറഞ്ഞ പലിശക്ക് ബാങ്കില്‍ ഇട്ട് പിന്നീട് അതിന്റെ രണ്ടിരട്ടി തിരിച്ചു കൊടുത്ത ലോകത്തെ ഏറ്റവും വലിയ വിഡ്ഢിത്തം ചെയ്ത ആളൊക്കെ ബദലുമായി എത്തുമ്പോള്‍ ജനം മൗനം പാലിച്ചു ഒതുങ്ങി ഇരിക്കുമെന്നൊന്നും കരുതരുത്.
കമ്പ്യൂട്ടറിനെതിരെ തൊഴില്‍ തിന്നുന്ന ബഗനെന്നും പറഞ്ഞ് സമരം ചെയ്ത കാലത്ത് നിന്നും സഖാക്കള്‍ വരെ വളര്‍ന്ന കാലമാണല്ലോ. എന്തിനേറെ പറയുന്നു ഇന്ന് വരെ ലോകം കാണാത്ത കേരളത്തിലെ ജി.ഇയുടെ സ്കാനിങ് മെഷീന് ഫാക്ടറിയെങ്കിലും ബദല്‍ രേഖയില്‍ പുറത്ത് വിട്ടാല്‍ മതിയായിരുന്നു. എന്നാലും പൊതു ജനത്തിന്റെ മെഡിക്കല്‍ ഡേറ്റാ പ്രൈസ് വാട്ടര്‍ കുപ്പേഴ്സിന് വിറ്റു മാസപ്പടി വാങ്ങി നിയമ നടപടികള്‍ നേരിടുന്നവരൊക്കെ എ.ഐ ഉപയോഗിച്ചാല്‍ ഡേറ്റ ചോരും രഹസ്യം ചോരുമെന്നൊക്കെ പറയുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ കോമഡി.
editorial
ചിരി, ചിന്ത, നിലപാട്
മലയാളിയെ നിറചിരിയുടെ മാത്രമല്ല, നിത്യ ചിന്തയുടെയും ആഴങ്ങളിലേക്ക് കൈപിടിച്ചു നടത്തിയാണ് സലിം കുമാര്‍ എന്ന മഹാ നടന് വിടവാങ്ങുന്നത്.
മലയാളിയെ നിറചിരിയുടെ മാത്രമല്ല, നിത്യ ചിന്തയുടെയും ആഴങ്ങളിലേക്ക് കൈപിടിച്ചു നടത്തിയാണ് സലിം കുമാര്‍ എന്ന മഹാ നടന് വിടവാങ്ങുന്നത്. തന്റെ ചിരിക്കു പിന്നിലെ കരച്ചിലിന്റെയും സങ്കടത്തിന്റെയും പിന്നാമ്പുറങ്ങളെ നിരന്തരമായി അനാവരണം ചെയ്ത് അതുവഴി ചിന്തകളുടെ തീപ്പൊരികള്‍ അദ്ദേഹം സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ടേയിരുന്നു. അയാം ദി സോറി അളിയാ… അയാം ദി സോറി, ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുത്താലോ, നമ്മള് നാലുപേരുമല്ലാതെ മൂന്നാമതൊരാള്‍ ഇതറിയരുത് … എന്നെല്ലാം പറഞ്ഞ അതേനാക്കകൊണ്ടുതന്നെയാണ് ‘നല്ല മനുഷ്യരെ എപ്പോഴും ഇഷ്ടമാണ്. നല്ല മനുഷ്യരില്ല ഇപ്പോള്‍, അതാണ് പ്രശ്നം. അവനവന്റെ കാര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന മനുഷ്യരായി മാറി കഴിഞ്ഞിരിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞുവെച്ചത്. അതുകൊണ്ടുതന്നെ സലിംകുമാറിന്റെ കഥാപാത്രങ്ങളെ ഓര്‍ത്തോര്‍ത്തു ചിരിക്കുന്ന മലയാളി അതിലെപ്പോഴും ഒരു കണ്ണുനീരിന്റെ നനവുകൂടി ബാക്കി വെച്ചുകൊണ്ടിരുന്നു. ഏതൊരു കലാകാരനെയുമെന്ന പോലെ അനുഭവങ്ങളുടെ തീച്ചൂളയാണ് സലിംകുമാര്‍ എന്ന മഹാനടനെയും മലയാളിക്ക് സമ്മാനിച്ചത്. താന്‍ അതിജീവിച്ച പ്രതിസന്ധികളുടെ തീക്ഷ്ണാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കുമ്പോള്‍ ഒരായിരംപേര്‍ക്ക് അത് പ്രചോദനത്തിന്റെ മഹാഗാഥയായിത്തീരുകയായിരുന്നു. എഴുത്തുകാരാനാകാനും അഭിനേതാവാനുമൊക്കെയുള്ള ആഗ്രഹങ്ങളെ മുളയിലേ നുള്ളപ്പെട്ടുവെങ്കിലും ആരെങ്കിലുമൊക്കെയാകണമെന്നുള്ള അത്യാഗ്രഹത്തെ വകഞ്ഞുമാറ്റാന്‍ തിക്താനുഭവങ്ങള്‍ക്കോ, ജീവിത പ്രാബ്ധങ്ങള്‍ക്കോ സാധിച്ചില്ല. ഇച്ഛാശക്തിക്കുമുന്നില്‍ പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി തോല്‍വി സമ്മതിച്ചപ്പോള്‍ കുട്ടിക്കാലത്ത് ആവാന്‍ ആഗ്രഹിച്ചതെല്ലാം പില്ക്കാലത്ത് ആയിത്തീര്‍ന്നതാണ് സലിംകുമാറിന്റെ ആത്മകഥ.
കോളജ് പഠനകാലത്ത് കൂടെകൊണ്ടുനടന്ന മിമിക്രി, കൊച്ചിന് കലാഭവനിലേക്കും സാഗറിലേക്കുമെല്ലാം സലിമിനെ കുട്ടിക്കൊണ്ടുപോയി. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. ശേഷം കരിയറിലുട നീളം കോമഡി കഥാപാത്രങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രേക്ഷകരെ ആര്‍ത്തുചിരിപ്പിച്ചു. എന്നാല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ സാമുവലിലേക്കുള്ള വേഷപ്പകര്‍ച്ച സലിം കുമാറിലെ അഭിനയ പ്രതിഭയുടെ ആഴം തെളിയിക്കുന്നതായിരുന്നു. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തിലുടെ ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സലിംകുമാറിനെ തേടിയെത്തി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സലിം അഹ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന് അബു എന്ന ചിത്രം അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന്റെ വിസ്മയകരമായ അടയാളപ്പെടുത്തലായിരുന്നു. അര്‍ഹതക്കുള്ള അംഗീകാരമായി മികച്ച നടനുള്ള ദേശീയ പുരസ്കാരവും ആ സിനിമയിലൂടെ അദ്ദേഹത്തിനൊപ്പം ചേര്‍ന്നുനിന്നു. ഹാസ്യനടന്മാരുടെ കള്ളിയില്‍ ഒതുക്കിനിര്‍ത്തപ്പെട്ട ഇന്ദ്രന്‍സും സുരാജ് വെഞ്ഞാറമൂടുമെല്ലാം അതിശയകരമായ അഭിനയത്തിലൂടെ ദേശീയ അവാര്‍ഡില്‍ മുത്തംവെക്കുമ്പോള്‍ സലീംകുമാര്‍ തുറന്നിട്ട വാതില്‍ ആ നേട്ടങ്ങള്‍ക്കെല്ലാം പ്രചോദനമായിത്തീരുകയായിരുന്നു. മൂന്നു മികച്ച സിനിമകളും അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി.
മികച്ച നടന് എന്നതിനൊപ്പം സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ നിലപാടുകളുള്ള, അത് മറയില്ലാതെ പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു സലിം കുമാര്‍. പലപ്പോഴും പലകാരണങ്ങളാല്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ തങ്ങളുടെ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ മടിച്ചപ്പോള്‍, അദ്ദേഹം അത് ഉറക്കെ പറഞ്ഞു. സാമൂഹ്യരാഷ്ട്രീയ വിമര്‍ശനങ്ങള്‍ മാത്രമല്ല, സിനിമാരംഗത്തെ നീതികേടുകളും അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞു. അതിന്റെയൊക്കെ പേരില്‍ ആ അഭിനയ പ്രതിഭക്ക് വിമര്‍ശനങ്ങളും തിരസ്കാരങ്ങളും നേരിടേണ്ടിവന്നു. കലാ ജീവിതത്തിന്റെ തുടക്കം മുതല്‍തന്നെ കോണ്‍ഗ്രസ് അനുഭാവിയാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കൂടാതെ, വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല നിലപാടുകള്‍ പരസ്യമായി സ്വീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ നിലപാട് തുറന്നുപറയാന്‍ ഒരു ഭയവുമില്ലെന്നും രാഷ്ട്രീയ സ്വത്വം മറച്ചുവെക്കുന്നത് സമൂഹത്തോടുള്ള വലിയ ചതിയാണെന്നുമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ള നിലപാട്. കലാകാരന് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത് ശത്രുത മൂലമല്ലെന്നും ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ വിനിയോഗിക്കാനാണെന്നും അദ്ദേഹം കരുതി.
കഥയെഴുതുന്നതുപോലെയോ സിനിമ സംവിധാനം ചെയ്യുന്നതുപോലെയോ അതിലേറെയോ സര്‍ഗാത്മകമാണ് കൃഷി എന്ന് അദ്ദേഹം വിശ്വസിച്ചു. കൃഷിയുടെ ഇടനിലയില്‍ പ്രകൃതിയും മനുഷ്യനും തമ്മില്‍ രൂപപ്പെടുന്ന ഉലയാത്ത ബന്ധത്തെപ്പറ്റി തന്റെ അനുഭവ കഥകളും അദ്ദേഹം നര്‍മത്തില്‍ ചാലിച്ച് ഒട്ടേറെ വേദികളില്‍ പങ്കുവെക്കുകയുണ്ടായി. ‘കൃഷി ചെയ്ത് ആര്‍ക്കും ടാറ്റയോ ബിര്ളയോ അംബാനിയോ ആകാനാകില്ല. പക്ഷേ, സംതൃപ്തിയുടെ കാര്യത്തില്‍ കൃഷി നമ്മെ കോടീശ്വരനാക്കും. വിത്ത് നാമ്പിട്ട് ഇലയും പൂവും കായുമാകുന്നതു കണ്ടുനില്ക്കുമ്പോള് പ്രകൃതിയെ കോടീശ്വരനാക്കും. വിത്ത് നാമ്പിട്ട് ഇലയും പൂവും കായുമാകുന്നതു കണ്ടുനില്ക്കുമ്പോള് പ്രകൃതിയെ തൊട്ടറിയുന്നതിന്റെ അടങ്ങത്ത ആനന്ദം ഹൃദയത്തില്‍ പന്തലിക്കും. ലോകത്ത് മറ്റൊന്നിനും അത് നല് കാനാവില്ല’. കൃഷിയെ നെഞ്ചോട് ചേര്‍ത്തുവെച്ച ഈ കാര്‍ഷിക തത്വം സ്വന്തം ജീവിത ദര്‍ശനം തന്നെയായിരുന്നു. ജീവിതത്തിന്റെ അവസനാനാളുകളില്‍ മരണത്തെക്കുറിച്ച് അദ്ദേഹം കോറിയിട്ട വാക്കുകള്‍ ഓരോമലയാളിയുടെയും ഉള്ളില്‍ തട്ടുന്നതയായിരുന്നു.
‘ആയുസിന്റെ സൂര്യന് പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റൂ. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം. സ്നേഹപൂര്‍വ്വം നിങ്ങളുടെ സലിംകുമാര്‍’ എന്നായിരുന്നു ആ വാക്കുകള്‍, സജീവ സിനിമയില്‍ നിന്ന് അകന്നു നിന്നപ്പോള്‍ പോലും സലിംകുമാര്‍ എന്ന നടന്റെ സാന്നിധ്യം മലയാളിയുടെ സോഷ്യല്‍ മീഡിയ ഇടങ്ങളും സ്വീകരണ മുറികളും കൊണ്ട് അലങ്കരിക്കപ്പെട്ടുകിടക്കുകയായിരുന്നു. അത് ഇനിയും തുടരും എന്നത് അവിതര്‍ക്കിതമാണ്. ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ മാത്രമല്ല, സ്വീകരിച്ച നിലപാടുകളിലൂടെയും അദ്ദേഹം എന്നെന്നും മലയാളിയുടെ മനോരഥങ്ങളില്‍ മായാതെ നിലകൊള്ളും.
അങ്ങനെ സി.പി.എമ്മിന്റെ ഇറയത്ത് വെയിലും മഴയും കൊണ്ട് കാലം കുറേ തള്ളി നീക്കിയ കെ.ടി ജലീല്‍ ഒടുവില്‍ സഖാവ് ജലീലായി. വാക്കുകള്‍ ഇടക്കിടക്ക് മാറ്റി അധികാരത്തിനായി ഏതറ്റം വരെയും പോകുന്ന കെ.ടി ഇനി മുതല്‍ അരയും തലയും മുറുക്കി സി.പി.എമ്മിനായി പടവെട്ടും. കിരീടം സിനിമയില്‍ കൊച്ചിന് ഹനീഫയുടെ ലവലില്‍ എല്ലാവരെയും വെല്ലുവിളിച്ച് ഇനിയാരുണ്ട് എന്നെ തോല്പിക്കാന് ലീഗിനും കോണ്‍ഗ്രസിനും എന്നെ തൊടാനാവില്ലെന്നൊക്കെ ആഞ്ഞു തള്ളിയിരുന്ന ജലീല്‍ ഒടുവില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി ജോയിക്കു മുന്നില്‍ കമിഴ്ന്നടിച്ച് വീണതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റുകളിലൊന്ന്. പാണക്കാട് നിന്നുള്ള രസീതും ലീഗാരുടെ പിന്തുണയും ഒന്നും എനിക്ക് വേണ്ട എ.കെ.ജിയും ഇ.എം.എസും ഉള്ള സ്വര്‍ഗം മതിയെന്നും പ റഞ്ഞ് വര്‍ഷം കുറച്ചായി സി.പി.എമ്മിന് പിന്നാലെ നടക്കുന്നു. ജലീലിനോളം കുബുദ്ധിയുള്ള മറ്റൊരാളും സി.പി.എമ്മിനൊപ്പം ഓടുന്നവരില്‍ നിലവിലുണ്ടാവില്ല.
സി.പി.എമ്മുകാരാനായാല്‍ രണ്ട് തവണ മാത്രമേ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കൂ. പിണറായി പാര്‍ട്ടിയായതിനാല്‍ ഒഴിവുകഴിവ് നല്കുന്നു. അതു കൊണ്ട് ജലീല്‍ കിട്ടാവുന്നേടത്തോളം പുറത്ത് നിന്നും നേടി. നാലു തവണ എം.എല്‍.എയും ഒരു തവണ മന്ത്രിയുമായി. അധികാരത്തിന് ആര്‍ത്തിയില്ലെന്ന് നാഴികക്ക് നാല്പത് വട്ടം പറയും. എന്നാല്‍ പ്രവര്‍ത്തി മറ്റൊന്നും മത്സരിക്കില്ലെന്ന് എത്രയോ തവണ പറഞ്ഞു. ഓരോ തവണയും തിരഞ്ഞെടുപ്പ് വന്നാല്‍ കെടിക്ക മത്സര രംഗത്തുണ്ടാവും. പക്ഷേ ഇത്തവണ പലതും പ്രയോഗിച്ചിട്ടും സംഗതി ഒത്തില്ല. എട്ടു നിലയില്‍ പൊട്ടി. ഇനി മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്നും മത്സരിച്ചാല്‍ തന്നെ കെട്ടി വെച്ച കാശ് ബാക്കിയുണ്ടാവില്ലെന്നും ജലീലിനോളം അറിയുന്ന മറ്റൊരാള്‍ ഉണ്ടാവില്ല. ശിഷ്ട കാലം വെറും സ്വതന്ത്രനായി കാലാകാലവും നടന്നിട്ട് പ്രത്യേകിച്ച് ഒന്നും നടക്കില്ലെന്ന് ഉറപ്പായതോടെ ഒരൊറ്റ പ്രഖ്യാപനമായിരുന്നു. സി.പി.എമ്മില്‍ അംഗത്വമെടുക്കുന്നു. സി.ആര് മഹേഷ് എം.എല്‍.എയുടെ വാക്കില്‍ പറഞ്ഞാല്‍ മകളുടെ കല്ല്യാണത്തിന് വാപ്പ വീണ്ടും പുയ്യാപ്ലയാവാന്‍ തയ്യാറാകുന്നു. ഇനി ലീഗിനെ തിന്നാന്‍ അന്ത ഭക്തന്മാര്ക്ക് ഒരു കവല പ്രാസംഗികനെ കൂടി കിട്ടുമെന്നല്ലാതെ പ്രത്യേകിച്ചു ഒന്നും നടക്കില്ല.
പിണറായി വിജയനും സി.പി.എമ്മിനുമായി തള്ളാവുന്നത്രയും തള്ളി നടന്നതായിരുന്നു. അങ്ങിനെ മുണ്ടശ്ശേരിയും സി.എച്ചും ബേബിയും പി.കെ അബ്ദുറബ്ബുമൊക്കെ ഒറ്റക്കു ഭരിച്ച വിദ്യാഭ്യാസ വകുപ്പിനെ രണ്ടാക്കി മുറിച്ച് ഒരു അപ്പക്കഷ്ണം ശാഖയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രവീന്ദ്രനാഥിനും മറ്റൊരു കഷ്ണം കെ.ടി ജലീലിനുമായാണ് അന്ന് പിണറായി കൈമാറിയത്. പിന്നീട് കണ്ടത് പിണറായി പോരിശയായിരുന്നു. തൂക്ക് പാത്രത്തില്‍ കിട്ടിയ പായസത്തിന്റെ കണക്കൊക്കെ വെച്ചു കാച്ചി നാട്ടാര്‍ക്ക് മുന്നില്‍ തന്റെ അല്പത്തം അനുസ്യൂതം തുടരുകയും ചെയ്തു. പക്ഷേ കിട്ടിയ മന്ത്രി സ്ഥാനം സ്വജനപക്ഷപാതത്തിനും അഴിമതിക്കും പിടിക്കപ്പെട്ടതോടെ രാജിവെച്ച് ഒഴിയേണ്ടിയും വന്നു.
അഴിമതിയില്‍ പിടിക്കപ്പെട്ട് രാജിവെച്ച ചരിത്രവും ഇതി നിടെ കൊച്ചാപ്പ സ്വന്തമാക്കിയിരുന്നു. ആര്.എസ്.എസുകാരനായ സുഗതനെ പിണറായി സര്‍ക്കാറിന്റെ മതിലിന്റെ മേസ്തിരിയാക്കുകയും പിന്നീട് ഖലീഫ ഉമറായി പ്രഖ്യാപിച്ചതുമൊക്കെയാണ് അക്കാലത്ത് കെടിക്ക ചെയ്ത വീരസാഹസങ്ങള്‍. വെള്ളാപള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗിനെതിയാണ് വെള്ളാപ്പള്ളി എന്ന് വക്രീകരിച്ച് നല്കിയതും ഇതേ കെടി ജലീല്‍ തന്നെയായിരുന്നു. വി.എസിനെ പൂട്ടാന്‍ പിണറായിക്കൊപ്പം ബക്കറ്റിലെ തിരയുണ്ടാക്കിയതിന്റെ നന്ദിയായി തുടര്‍ച്ചയായി മത്സരിക്കാന്‍ സീറ്റ് കിട്ടിയതായിരുന്നു. എന്നാല്‍ കളി തരത്തില്‍ പോയി കളി എന്ന് നാട്ടാര് ഒടുവില്‍ പടിപ്പിച്ചതോടെ പിന്നീടങ്ങോട്ട് പ്രഖ്യാപനങ്ങളുടേയും വീമ്പ് പറയലിന്റേയും കാലമായിരുന്നു.
മുസ്ലിം ലീഗ് വയനാട് ഉരുള്‍ ദുരന്തബാധിതര്‍ക്ക് വീടു വെച്ചു കൊടുക്കാന്‍ തീരുമാനിച്ച അന്നു തുടങ്ങിയതായിരുന്നു ടിയാന്റെ ഓഡിറ്റിങ്. ആദ്യം ലീഗാര് നടത്തില്ല, പൈസ വെറുതെയാവുമെന്നായി. പിന്നീട് സ്ഥലം വാങ്ങിയപ്പോള്‍ അത് കൊള്ളപ്പണത്തിനാണ് വാങ്ങിയതെന്നായി. വീടു വെക്കാന്‍ തുടങ്ങിയപ്പോള്‍ ചെങ്കല്ലിലാണ് വീട് നിര്‍മാണമെന്നായി. പണി പൂര്‍ത്തിയാവുമെന്ന് തോന്നിയപ്പോള്‍ സ്കൂളും അങ്കണവാടിയും കണ്ടില്ലെന്നായി. ഇനിയിപ്പോള്‍ വലിയ വായിലാണ് പ്രഖ്യാപനങ്ങള്‍. അതായത് പിണറായിയുടെ വീട്ടില്‍ ഇ.ഡി പരിശോധിച്ചതിന് കെനിയയിലേയും യുഗാണ്ടയിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതിഷേധിച്ചതൊക്കെയാണ് വലിയ സംഭവമായി മൂപ്പര് കാണുന്നത്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തരകൊറിയയും ഒരുമിച്ചു നില്ക്കുന്ന കാഴ്ച ആവേശം കൊള്ളിക്കുന്നുണ്ടത്രേ!. പക്ഷേ ഇതെവിടെയാ കാണാന്‍ കഴിയുകയെന്നൊന്നും ചോദിക്കരുത് മൂപ്പര് പറഞ്ഞാല്‍ അച്ചട്ടാണ്. സംഗതി നടന്നിരിക്കും. അല്ലേലും കമ്മി ഊണിസ്റ്റുകള്‍ക്ക് ആമസോണ്‍ കാടും വെനസ്വേലയും ക്യൂബയുമൊക്കെ ചര്‍ച്ച ചെയ്യാനാണ് കൂടുതല്‍ താല്പര്യം. അതാവുമ്പോള്‍ ചിലവൊന്നുമില്ല നാട്ടാര്‍ക്ക് മനസിലാകത്തുമില്ല.
ഇനി വരാനിരിക്കുന്നതത്രയും കെടിക്കയുടെ പ്രഖ്യാപനങ്ങളായിരിക്കും. തിരഞ്ഞെടുപ്പ് കാലത്ത് തനിക്ക് കിട്ടാന്‍ പോകുന്ന പിന്തുണയെ കുറിച്ച് ടിയാന്റെ തള്ളുകള്‍ കേട്ടവര്‍ കേട്ടവര്‍ അന്തം വിട്ട് നിന്നിട്ടുണ്ട്. അത്രമേല്‍ ഭയങ്കര പ്രഖ്യാപനങ്ങളായിരുന്നു. വീര സാഹസങ്ങളം വീമ്പു പറച്ചിലുകള്‍ക്കും ഇനിയും ഒരു കുറവുമുണ്ടാകില്ല. പക്ഷേ ഇനി മൂട്ടയെ ഓടിക്കാന്‍ പീരങ്കിയുടെ ആവശ്യമില്ലെന്ന് അറിയാവുന്ന സി.പി.എമ്മുകാര്‍ തന്നെ മിക്കവാറും ഇരുത്തേണ്ടിടത്ത് കൊണ്ടിരുത്തും.
-
kerala1 day agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News1 day agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News2 days ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india2 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News1 day agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More1 day agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News2 days agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala1 day agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

