കേരളത്തിന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അനുവദിക്കുന്നത് നിലവില്‍ പരിഗണ നയിലില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്. ഹൈക്കോടതിയില്‍ കേന്ദ്രം വ്യക്തമാക്കിയ ന്യായീകരണം അതിനേക്കാള്‍ വിചിത്രവും ആശങ്കാജനകവുമാണ്. ആരോഗ്യരംഗത്ത് പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്നും കേരളം ആരോഗ്യസൂചികകളില്‍ വളരെ മുന്നിലാണെന്നുമാണ് കേന്ദ്ര വാദം. അതായത്, ഒരു സംസ്ഥാനം സ്വന്തം ഇച്ഛാശക്തികൊണ്ടും മികച്ച ആസൂത്രണംകൊണ്ടും ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളെ, അവര്‍ക്ക് പുതിയ വികസന പദ്ധതികള്‍ നിഷേധിക്കാനുള്ള കാരണമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നു.
ഇതിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി.എം ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചോദിച്ച ചോദ്യങ്ങള്‍ ഓരോ മലയാളിയുടെയും ഉള്ളിലിരിപ്പാണ്. ആരോഗ്യരംഗത്ത് മുന്നില്നില് ക്കുന്നത് എയിംസ് ലഭിക്കുന്നതിന് അയോഗ്യതയാണോ? കേരളം എയിംസ് അര്‍ഹിക്കുന്നില്ലേ? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായൊരു ഉത്തരം നല്കാന് കേന്ദ്രത്തിന് ബാധ്യതയുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും വികസന സൂചികകളില്‍ മുന്‍പന്തിയിലെത്തുകയും ചെയ്യുന്ന ഒരു സം സ്ഥാനത്തെ, കൂടുതല്‍ മികച്ച സ്ഥാപനങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുന്നതിന്പകരം ആ മികവിനെത്തന്നെ അയോഗ്യതയായി കാണുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. അത് ഭരണഘടനാപരമായ തുല്യനീതിയുടെ ലംഘനമാണ്.
വര്‍ഷങ്ങളായി കേരള ജനതയും രാഷ്ട്രീയ സമൂഹവും ഒരുപോലെ ആവശ്യപ്പെടുന്ന ഒന്നാണ് സംസ്ഥാനത്തൊരു എയിംസ് എന്നത്. മുഖ്യമന്ത്രിമാര്‍ മുതല്‍ കേന്ദ്രമന്ത്രിമാര്‍ വരെ ഇതിനായി ഉറപ്പുകള്‍ നല്‍കുകയും എം.പിമാര്‍ പാര്‍ലമെന്റിലും പുറത്തും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ഇതിലെ മറ്റൊരു വൈരുധ്യം രാഷ്ട്രീയ വാഗ്ദാനങ്ങളും ഔദ്യോഗിക നിലപാടുകളും തമ്മിലുള്ള പൊരുത്തക്കേടാണ്. തിരഞ്ഞെടുപ്പ് കാലത്തും അതിനുശേഷവും കേരളത്തിന് എയിംസ് ഉടന്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കോടതി മുറിയിലെത്തുമ്പോള്‍ ഈ അവകാശവാദങ്ങള്‍ക്ക് കടകവിരുദ്ധമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വാഗ്ദാനങ്ങള്‍ നല്‍കുകയും ഔദ്യോഗികമായി അതില്‍ നിന്ന് പിന്നാക്കം പോവുകയും ചെയ്യുന്ന പ്രവണത ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്.
കേരളം ആരോഗ്യരംഗത്ത് മികച്ചതാണെന്നത് ശരിതന്നെയാണ്; എന്നാല്‍ അത് പ്രാഥമിക-ദ്വിതീയ ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യത്തിലാണ്. കേരളത്തിന്റെ ഇന്നത്തെ ആരോഗ്യ ആവശ്യങ്ങള്‍ അതിലും വളരെ വലുതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കാന്‍സര്‍, പ്രമേഹം, ഹ്യദ്രോഗങ്ങള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഇവിടെ വന്‍ തോതില്‍ വര്‍ധിച്ചുവരികയാണ്. ഇതിനായി മികച്ച ഗവേഷണ സൗകര്യങ്ങളുള്ള, സാധാരണക്കാര്‍ക്ക് പ്രാപ്യമായ, ലോകോത്തര നിലവാരമുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിന് അത്യാവശ്യമാണ്. അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള ചികിത്സ, അത്യാധുനിക മെഡിക്കല്‍ ഗവേഷണങ്ങള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിദഗ്ദ്ധ പരിശീലനം എന്നിവക്ക് എയിംസ് പോലെയുള്ള സ്ഥാപനങ്ങള്‍ അത്യാവശ്യമാണ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ വലിയ ജനസാന്ദ്രത മൂലമുള്ള ഭാരം അനുഭവിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ എയിംസ് വരുന്നത് കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും സാധാരണക്കാരായ രോഗികള്‍ക്ക് വലിയൊരാശ്വാസമാകും. നിലവില്‍ വിദഗ്ധ ചികിത്സക്കായി വലിയൊരു ശതമാനം ജനങ്ങളും വന്‍കിട സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇത് സാധാരണക്കാരുടെ സാമ്പത്തിക നട്ടെല്ലൊടിക്കുന്നുണ്ട്. കൂടാതെ, നിപ, കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികള്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഒരു സംസ്ഥാനത്തിന് മികച്ച വൈറോളജി-മെഡിക്കല്‍ റിസര്‍ച്ച് കേന്ദ്രങ്ങള്‍ അനിവാര്യമാണ്.
കോഴിക്കോട് കിനാലൂരില്‍ ഭൂമി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍പേ തന്നെ കണ്ടെത്തിയിട്ടും അനുമതി മാത്രം വൈകിപ്പിക്കുന്ന നടപടി തികഞ്ഞ അനീതിയാണ്. ഹൈക്കോടതി ചൂണ്ടിക്കാണിച്ചതുപോലെ, കേരളം എയിംസ് അര്‍ഹിക്കുന്നുണ്ട്; കേന്ദ്രത്തില്‍നിന്ന് നമുക്കൊരു പോസിറ്റീവായ മറുപടി ലഭിക്കേണ്ടതുണ്ട്. കേരളത്തിന്റെ അര്‍ഹതയെ രാഷ്ട്രീയമായോ ഉദ്യോഗസ്ഥതലത്തിലോ ഉള്ള കുരുക്കുകളില്‍ പെടുത്താതെ, അനുകൂലമായൊരു തീരുമാനം എത്രയും വേഗം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. വികസനം എന്നത് പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ മാത്രമുള്ളതല്ല, മികച്ച രീതിയില്‍ മുന്നേറുന്നവര്‍ക്ക് കൂടുതല്‍ ഉയരങ്ങളിലെത്താന്‍ കരുത്ത് പകരാനുള്ളത് കൂടിയാവണം. ആ അവകാശം കേരളത്തിന് നിഷേധിക്കപ്പെടരുത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ രാഷ്ട്രീയ നിലപാടുകളും തര്‍ക്കങ്ങളും വികസന പദ്ധതികളെ ബാധിക്കുന്നത് പുതിയൊരു സംഭവമല്ല. റെയില്‍വേ വികസനം, ധനവിഹിതം, വായ്പാ പരിധി തുടങ്ങി നിരവധി വിഷയങ്ങളില്‍ കേരളത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ ഇതിന് മുന്‍ ഉദാഹരണങ്ങളാണ്. അതിനാല്‍ തന്നെ, എയിംസിന്റെ കാര്യത്തിലും സമാനമായൊരു അനിശ്ചിതത്വം ഉടലെടുക്കുമോ എന്ന ആശങ്ക തികച്ചും സ്വാഭാവികമാണ്.
രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കപ്പുറം വിഷയം ഇപ്പോള്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള പരിഗണനയിലാണ് എന്നതാണ് അല്പം പ്രതീക്ഷ നല്കുന്ന കാര്യം. ‘മികച്ച പ്രകടനം അയോഗ്യതയാണോ’ എന്ന കോടതിയുടെ മറുപടിയില്ലാത്ത ചോദ്യം കേന്ദ്രത്തിന് അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയില്ല. ഇത് കേരളത്തിന് വലിയൊരു നിയമപരമായ സംരക്ഷണം നല്‍കുമെന്ന് നമുക്ക് ആശ്വാസം കൊള്ളാം. സാധാരണ ഇത്തരം പദ്ധതികള്‍ വൈകുമ്പോള്‍ കേന്ദ്രം ചൂണ്ടിക്കാണിക്കാറുള്ളത് ഭൂമി ലഭ്യതയില്ലായ്മയോ സംസ്ഥാനത്തിന്റെ സഹകരണമില്ലായ്മയോ ആണ്. എന്നാല്‍ കോഴിക്കോട് കിനാലൂരില്‍ ഭൂമി കണ്ടെത്തി തയ്യാറാക്കിയതിലൂടെ ആ സാങ്കേതിക തടസ്സങ്ങളെല്ലാം കേരളം നേരത്തെ തന്നെ മറികടന്നിട്ടുണ്ട്. ഇതൊരു ജനകീയ ആവശ്യമാണ്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തില്‍ നിന്നുള്ള എല്ലാ ജനപ്രതിനിധികളും എം.പിമാരും പാര്‍ലമെന്റിലും പുറത്തും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ കേന്ദ്രത്തിന് തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാവൂ. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വികസനം നിഷേധിക്കുന്നത് ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് തന്നെ നിരക്കാത്തതാണ്. വികസന പദ്ധതികള്‍ വിതരണം ചെയ്യുമ്പോള്‍ രാഷ്ട്രീയമോ ഭൂമിശാ സ്ത്രപരമോ ആയ മുന്‍ഗണനകള്‍ക്കപ്പുറം, ഒരു സംസ്ഥാനത്തിന്റെ ആവശ്യകതയും അര്‍ഹതയും മാനിക്കപ്പെടണം. എയിംസ് വിഷയം മറ്റൊരു രാഷ്ട്രീയ ഇരയായി മാറാതിരിക്കാന്‍ നിയമപോരാട്ടത്തോടൊപ്പം ജനകീയ സമ്മര്‍ദ്ദവും അനിവാര്യമാണ്. മികച്ച ആരോഗ്യ മാതൃകകള്‍ സൃഷ്ടിച്ചതിന് കേരളത്തിന് ലഭിക്കുന്ന ശിക്ഷയാകരുത് കേന്ദ്രത്തിന്റെ ഈ നിഷേധാത്മക നിലപാട്.


