അധികാരത്തിന്റെ തിളക്കത്തേക്കാള്‍ പ്രതിരോധത്തിന്റെ പൊടിപടലങ്ങളെ പ്രണയിച്ച രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധി.
അടിച്ചമര്‍ത്തലുകള്‍ക്കും വേട്ടയാടലുകള്‍ക്കും മുന്നില്‍ പതറാതെ, തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനശരങ്ങളെ അതിജീവനത്തിനുള്ള ഊര്‍ജ്ജമാക്കി മാറ്റിയ ഒരു ജനനായകന്റെ പരിണാമത്തിനാണ് ആധുനിക ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്.
ത്യാഗനിര്‍ഭരമായ കുടുംബപാരമ്പര്യത്തില്‍ നിന്ന് വന്ന്, വര്‍ത്തമാനകാല ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്കുന്ന പ്രതിപക്ഷ നേതാവിലേക്ക് അദ്ദേഹം വളര്‍ന്ന വഴി ജനാധിപത്യ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ തെരുവുകളില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയവീര്യത്തിന്റെ തെളിവാണ്.
ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരവും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് മുന്നണിയില്‍ നിന്ന് അദ്ദേഹം നേതൃത്വം നല്കുന്നു.

(വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി)
പോലീസിന്റെ തടസ്സങ്ങളെയും ബാരിക്കേഡുകളെയും അതിജീവിച്ച്, പ്രതിപക്ഷ എം.പിമാരെ അണിനിരത്തി നടത്തിയ മാര്‍ച്ചും അറസ്റ്റും ഭരണകൂടത്തിന്റെ കിരാത നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ വിരല്‍ചൂണ്ടലായിരുന്നു.
‘ഇത് രാഷ്ട്രീയ തര്‍ക്കമല്ല, രാജ്യത്തിന്റെ ഭരണഘടനയും ഓരോ പൗരന്റെയും വോട്ടവകാശവും സംരക്ഷിക്കാനുള്ള ധര്‍മ്മയുദ്ധമാണ്’ എന്ന് പോലീസ് വാനിലിരുന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്ത്യന്‍ ജനാധിപത്യ ബോധത്തെ വീണ്ടും ഉണര്‍ത്തി.
കരുതലിലാവുമ്പോഴും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന ആത്മവിശ്വാസം പ്രത്യാശയുടെ വെളിച്ചമായാണ് ജനങ്ങളുടെ മനസ്സിലേക്ക് പടരുന്നത്.
ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ കുടുംബം സഹിച്ച ചരിത്രപരമായ ത്യാഗങ്ങളിലേക്ക് നോക്കുമ്പോള്‍ ഈ പോരാട്ടവീര്യത്തിന്റെ ആഴം മനസ്സിലാക്കാം.
സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യത്തിന് ദിശാബോധം നല്കിയ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും, ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടി ജീവന് ബലിനല്‍കിയ ഇന്ദിരാ ഗാന്ധിയുടെയും, ആധുനിക ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്കായി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയുടെയും പിന്തലമുറക്കാരനാണ് അദ്ദേഹം.
ബാല്യത്തില്‍ മുത്തശ്ശിയുടെയും കൗമാരത്തില്‍ പിതാവിന്റെയും വേര്‍പാട് നേരിട്ടറിഞ്ഞ അനുഭവസമ്പത്തുണ്ട് രാഹുലിന്. അധികാരത്തിന്റെ അഹങ്കാരമല്ല, മറിച്ച് രാജ്യത്തിന് വേണ്ടി സ്വന്തം കുടുംബം നല്കിയ ചോരയുടെ വിലയറിയാവുന്ന ഉത്തരവാദിത്തമാണ് അദ്ദേഹത്തെ നയിക്കുന്നത്.
തനിക്കെതിരെ ഉയര്‍ന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെയും അപപ്രചാരണങ്ങളെയും പുഞ്ചിരിയോടെ നേരിടാന്‍ രാഹുലിന് കരുത്ത് നല്‍കുന്നത് ദുരന്തങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ച ഈ ആത്മബലമാണ്.
സോഷ്യല്‍ മീഡിയയിലൂടെ നിര്‍മ്മിച്ചെടുത്ത വ്യാജ പ്രതിച്ഛായകളെ തകര്‍ത്തെറിഞ്ഞാണ് രാഹുല്‍ ഗാന്ധി ഇന്നത്തെ ജനനായകനായി മാറിയത്.
പാര്‍ലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ടപ്പോഴും വാസസ്ഥലം ഒഴിയേണ്ടി വന്നപ്പോഴും ‘എന്റെ വീട് ഈ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലാണ്’ എന്ന് പ്രഖ്യാപിച്ച് അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും അസമില്‍ നിന്ന് ഗുജറാത്ത് വരെയും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച ‘ഭാരത് ജോഡോ യാത്രകള്‍’ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു.
കത്തുന്ന വെയിലിലും തണുപ്പിലും ലക്ഷക്കണക്കിന് മനുഷ്യര്‍ക്കൊപ്പം നടന്ന് ഇന്ത്യയുടെ വൈവിധ്യങ്ങളെയും സാധാരണക്കാരുടെ വേദനകളെയും അദ്ദേഹം നേരിട്ടറിഞ്ഞു. ‘വെറുപ്പിന്റെ അങ്ങാടിയില്‍ സ്നേഹത്തിന്റെ കട തുറക്കാനാണ് താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്’ എന്ന വാക്കുകള്‍ രാജ്യം ഏറ്റെടുത്തിരുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി കാഴ്ചവെക്കുന്ന പ്രകടനം പാര്‍ലമെന്ററി ചരിത്രത്തിലെ എന്നും ഓര്‍മ്മിക്കപ്പെടുന്ന അധ്യായമായിരിക്കും.
പ്രതിപക്ഷം എന്നാല്‍ വെറുമൊരു എതിര്‍പ്പല്ല, മറിച്ച് ജനങ്ങളുടെ ശബ്ദമാണെന്ന് അദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുന്നു.
തൊഴിലാളികള്‍, കര്‍ഷകര്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍, യുവജനങ്ങള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ സഭയില്‍ നിരന്തരം ഉയര്‍ത്തുന്ന അവസരത്തില്‍ തന്നെ, ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളുടെ തകര്‍ച്ചയെയും തെളിവുകള്‍ സഹിതം ചോദ്യം ചെയ്യാനും അദ്ദേഹം മടിക്കുന്നില്ല.
വോട്ട് രാഷ്ട്രീയത്തിനപ്പുറം പൗരന്മാരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന ഉറച്ച നിലപാടാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്.
ഭരണഘടന തകര്‍ക്കാനുള്ള ശ്രമങ്ങള്‍, ഏകീകൃത സിവില്‍ കോഡ്, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ തുടങ്ങിയ ആശയങ്ങള്‍, പാര്‍ലമെന്റിലെ അശാസ്ത്രീയമായ തീരുമാനങ്ങള്‍ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
ഭരണകൂടം എത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അത്രത്തോളം ആവേശത്തോടെ തിരിച്ചുവരുന്ന രാഹുല്‍ ഗാന്ധിയുടെ ശൈലി രാജ്യത്തെ ജനാധിപത്യത്തിന് പുതിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.
തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും, സ്വന്തം പദവികള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല, മറിച്ച് ഇന്ത്യ എന്ന ആത്മാവിന് വേണ്ടിയാണ് താന്‍ പോരാടുന്നതെന്നുമുള്ള ബോധ്യം അദ്ദേഹത്തെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.
ഇപ്പോള്‍ ഡല്‍ഹിയുടെ തെരുവുകളില്‍ ഉയരുന്ന ശബ്ദങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ മുദ്രാവാക്യങ്ങള്‍ എന്നതിനപ്പുറം, ഒരു ജനതയുടെ അതിജീവനത്തിന്റെ ശബ്ദമായി മാറിക്കൊണ്ടിരിക്കുകയാണ്.
സര്‍വ്വാധിപത്യ പ്രവണതകള്‍ക്കെതിരെ, പൗരന്മാരുടെ സത്യത്തിനും നീതിക്കും വേണ്ടി അധികാര ശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ തെരുവില്‍ നിലകൊള്ളുന്ന ആ പോരാട്ടവീര്യം ചരിത്രത്തില്‍ താളുകളില്‍ കൊത്തിവെക്കപ്പെടുമെന്ന് തീര്‍ച്ചയാണ്.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനവും ജീവവായുവായ വോട്ടവകാശവും സംരക്ഷിക്കാനുള്ള ഈ മുന്നേറ്റത്തില്‍, ഓരോ പൗരന്റെയും അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഈ നാട് അണിനിരക്കും.


