മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കേരളം രണ്ടാം ജയം നേടിയപ്പോൾ കളിയിൽ രണ്ട് റൺസ് മാത്രം എടുത്ത നായകന് അഭിനന്ദന പ്രവാഹമാണ്.ഇത്തവണ സഞ്ജുവിന്റെ വിട്ടുകൊടുകാനുള്ള മനസിനാണ് കൈയടി നേടുന്നത്.സഹതാരങ്ങൾക്ക് ബാറ്റിങ് അവസരം ഒരുക്കാൻ സഞ്ജു ത്രിപുരക്കെതിരെ ഏഴാമനായാണ് ക്രീസിലെത്തിയത്. മൂന്ന് പന്തിൽ രണ്ട് റൺസ് നേടി സഞ്ജു പുറത്താകാതെ നിന്നു.നേരത്തെ ഓപ്പണിങ്, മൂന്നാം നമ്പർ, നാലാം നമ്പർ സ്ഥാനങ്ങളിൽ കളിച്ചിരുന്ന സഞ്ജു, ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിക്ക് ഓപ്പണിങ് വിട്ടുകൊടുത്ത് മൂന്നാം നമ്പറിൽ ഇറങ്ങിയതും ഏറെ പ്രശംസ നേടിയിരുന്നു
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ത്രിപുരയെ അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ടീമിന്റെ വിജയത്തിനൊപ്പം സഹതാരങ്ങൾക്ക് അവസരം നൽകാൻ ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ നിസ്വാർത്ഥ നീക്കവും കയ്യടി നേടി.
മത്സരത്തിൽ കേരളത്തിനായി പുറത്താകാതെ 51 റൺസ് നേടിയ സൽമാൻ നിസാറിന്റെ തകർപ്പൻ ബാറ്റിംഗും ബൗളിംഗിൽ തിളങ്ങിയ മുഹമ്മദ് ആസിഫിന്റെയും കാർത്തിക് ബി. നായരുടെയും പ്രകടനവുമാണ് കേരളത്തിന് വിജയമൊരുക്കിയത്.
കേരള ബൗളർമാർക്ക് മുന്നിൽ പതറി ത്രിപുര
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ത്രിപുരയ്ക്ക് കേരളത്തിന്റെ കൃത്യതയാർന്ന ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 32 പന്തിൽ 41 റൺസെടുത്ത ശ്രീധം പോൾ മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്.
തകർച്ചയ്ക്കിടെ ക്യാപ്റ്റൻ മണിശങ്കർ മുരാസിംഗ് (31), ധൻവീർ സിംഗ് (20) എന്നിവർ നടത്തിയ രക്ഷാപ്രവർത്തനമാണ് ത്രിപുരയുടെ സ്കോർ 121-ൽ എത്തിച്ചത്. കേരളത്തിനായി മുഹമ്മദ് ആസിഫും കാർത്തിക് ബി. നായരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
രോഹന്റെ വെടിക്കെട്ടും സൽമാന്റെ ഫിനിഷിംഗും
122 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും ഗോവിന്ദ് ദേവും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
ഗോവിന്ദ് ദേവ് പുറത്തായ ശേഷം ക്രീസിലെത്തിയ സൽമാൻ നിസാറിനെ കൂട്ടുപിടിച്ച് രോഹൻ സ്കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. 22 പന്തിൽ 38 റൺസെടുത്ത രോഹൻ ടീം സ്കോർ 76-ൽ നിൽക്കെ പുറത്തായതോടെ ത്രിപുര മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു.
തുടർന്നെത്തിയ വിഷ്ണു വിനോദ്, അബ്ദുൾ ബാസിത്, ഷറഫുദ്ദീൻ എന്നിവർ അതിവേഗം മടങ്ങിയത് കേരള ക്യാമ്പിൽ നേരിയ ആശങ്കയുണ്ടാക്കി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന സൽമാൻ നിസാർ (51*) ക്യാപ്റ്റൻ സഞ്ജു സാംസണെ (2*) സാക്ഷിയാക്കി കേരളത്തെ അനായാസം വിജയതീരത്തെത്തിച്ചു.
മത്സരഫലം ഒറ്റനോട്ടത്തിൽ
ത്രിപുര-121 (ഓൾഔട്ട്)
ശ്രീധം പോൾ (41), മണിശങ്കർ (31) — മുഹമ്മദ് ആസിഫ് (2 വിക്കറ്റ്), കാർത്തിക് ബി. നായർ (2 വിക്കറ്റ്)
കേരളം-122/5
സൽമാൻ നിസാർ (51*), രോഹൻ കുന്നുമ്മൽ (38), സഞ്ജു സാംസൺ (2*)


