പോർച്ചുഗൽ ദേശീയ ടീം ക്യാമ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകൻ ജോർജ്ജ് ജീസസും തമ്മിൽ ഉടലെടുത്ത വിവാദങ്ങളിൽ പോർച്ചുഗൽ നായകന് പരസ്യ പിന്തുണയുമായി ബ്രസീൽ ഇതിഹാസ താരം റൊമാരിയോ.
ടീം ക്യാമ്പ് വിട്ടിറങ്ങാനുള്ള റൊണാൾഡോയുടെ തീരുമാനത്തെ പൂർണ്ണമായും ന്യായീകരിച്ച 1994 ലോകകപ്പ് വിജയി കൂടിയായ റൊമാരിയോ, പോകുന്നതിന് മുൻപ് റൊണാൾഡോയ്ക്ക് ഒരു തെറ്റ് പറ്റിയതായും തുറന്നടിച്ചു.
പ്രശസ്തമായ ‘ചാർല പോഡ്കാസ്റ്റിൽ’ (Charla Podcast) സംസാരിക്കവെയാണ് റൊമാരിയോ തൻ്റെ നിലപാട് വ്യക്തമാക്കിയത്:
“തനിക്ക് അവിടെ അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും ടീമിൽ പ്രാധാന്യമില്ലെന്നും തോന്നിയതുകൊണ്ടാണ് റൊണാൾഡോ ഇറങ്ങിപ്പോയത്. നൽകിയ വാക്ക് പാലിക്കാത്ത ഒരാൾക്ക് മുന്നിൽ നാണംകെടാൻ നിൽക്കാതെ ക്യാമ്പ് വിട്ട റൊണാൾഡോയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇതുതന്നെ ചെയ്തേനെ.
എന്നാൽ അവിടുന്ന് പോകുന്നതിന് മുൻപ്, ജോർജ്ജ് ജീസസിനോട് പോയി ചാവാൻ (ചീത്തവിളിച്ച്) പറയണമായിരുന്നു! അത് ചെയ്യാതിരുന്നതാണ് റൊണാൾഡോയ്ക്ക് പറ്റിയ ഒരേയൊരു തെറ്റ്.”
ഡെന്മാർക്കിനും നോർവേയ്ക്കുമെതിരെയുള്ള യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി സാങ്കേതിക വിദഗ്ധരുമായും പരിശീലകനുമായും ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് റൊണാൾഡോ പോർച്ചുഗൽ ക്യാമ്പിൽ നിന്ന് മടങ്ങിയത്.
വരാനിരിക്കുന്ന നിർണായക മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന പോർച്ചുഗൽ ടീമിന് ഈ വിവാദങ്ങൾ വലിയ തിരിച്ചടിയായിട്ടുണ്ട്. ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ള ബന്ധം ഇനി എങ്ങോട്ട് എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
വിരമിക്കില്ലെന്ന് റൊണാൾഡോ; തുറന്നിട്ട് ജീസസും
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് 41-കാരനായ റൊണാൾഡോ വ്യക്തമാക്കിയിട്ടുണ്ട്. “ഫെഡറേഷൻ നൽകുന്ന ശിക്ഷ നേരിടാൻ ഞാൻ തയ്യാറാണ്.
ഫിറ്റ്നസോടെ തുടരുകയും ഗോളുകൾ നേടുകയും ചെയ്താൽ സസ്പെൻഷന് ശേഷം വീണ്ടും ഞാൻ ദേശീയ ടീമിനായി ലഭ്യമാകും” എന്ന് താരം സ്ഥിരീകരിച്ചു.
മറുവശത്ത്, പരിശീലകൻ ജോർജ് ജീസസും ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിട്ടുണ്ട്. അടുത്ത മത്സരങ്ങൾക്ക് മുൻപ് റൊണാൾഡോയുമായി സംസാരിക്കാൻ തയ്യാറാണെന്നും, കരിയർ എങ്ങനെ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് റൊണാൾഡോ തന്നെയാണെന്നും ജീസസ് വ്യക്തമാക്കി.
ദേശീയ ടീമിനായി 230-ലധികം മത്സരങ്ങൾ കളിച്ച പോർച്ചുഗീസ് ഐക്കണിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.


