വിശ്വാസത്തിന്റെ കരുത്തിൽ 5,000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഹജ്ജ് നിർവഹിക്കാനൊരുങ്ങുകയാണ് ജർമൻ പൗരനായ ആൻഡ്രിയാസ് ലെംകെ. ഇസ്ലാം മതം സ്വീകരിച്ചശേഷം ഉമർ എന്ന പേര് സ്വീകരിച്ച 41കാരൻ ജർമനിയിലെ ബെർലിനിൽ നിന്നാണ് സൗദി അറേബ്യയിലെ മക്കയിലേക്ക് യാത്ര തിരിച്ചത്.
ഏകദേശം അഞ്ച് മുതൽ ആറുമാസം വരെ നീളുമെന്ന് പ്രതീക്ഷിക്കുന്ന യാത്രയുടെ 88-ാം ദിവസം അദ്ദേഹം തുർക്കിയിലെ കിർക്ലറേലി പ്രവിശ്യയിലെ ബാബയെസ്കിയിലെത്തി. യാത്രയുടെ 84-ാം ദിവസം തുർക്കിയിലെ കപികുലെ അതിർത്തി കടന്ന് എദിർനെയിലെത്തിയിരുന്നു.
യാത്രയ്ക്കിടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നിട്ടും ഹജ്ജ് നിർവഹിക്കണമെന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഉമർ. ഇസ്ലാം സ്വീകരിച്ചതോടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്നും വിശ്വാസജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ തീരുമാനിച്ചതായും അദ്ദേഹം പറയുന്നു.
മുമ്പ് ബെർലിനിൽ അഭിനയരംഗത്ത് പ്രവർത്തിച്ചിരുന്ന ഉമർ പഴയ ജീവിതവും ജോലിയും ഉപേക്ഷിച്ചാണ് പുതിയ ജീവിതരീതി തിരഞ്ഞെടുത്തത്. അഞ്ചുനേരത്തെ നമസ്കാരവും നോമ്പും ഉൾപ്പെടെയുള്ള ആരാധനാകർമങ്ങൾ കൃത്യമായി പാലിച്ചുള്ള ജീവിതമാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.


