വൈഭവ് സൂര്യവംശി ഐപിഎൽ ലേലത്തിൽ പങ്കെടുത്താൽ 40 കോടി ലഭിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറാൻ വൈഭവ് സൂര്യവംശിക്ക് സാധിക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ഈ നിരീക്ഷണം നടത്തിയത്.
ആകാശ് ചോപ്രയുടെ വാക്കുകൾ
”40 കോടി ആവശ്യപ്പെടുന്ന ഒരു താരത്തെകുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഈ താരം ഐപിഎൽ ലേലത്തിൽ എത്തിയാലോ നിലനിർത്തുന്നതിനെക്കുറിച്ചുള്ള ചർച്ച വന്നാലും ഏറ്റവും വിലപിടിപ്പുള്ള താരമായി മാറും. ജസ്പ്രീത് ബുംറ, വിരാട് കോലി, രോഹിത് ശർമ്മ, കെ.എൽ രാഹുൽ, ഹർദിക് പാണ്ഡ്യ തുടങ്ങിയ വലിയ താരങ്ങൾ കളിക്കുന്ന ഐപിഎല്ലിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. അവൻ കളത്തിൽ ഇറങ്ങുന്ന ദിവസം മത്സരം തന്നെ മാറ്റിമറിക്കാൻ കഴിയും. അത്രയും കഴിവ് മറ്റാർക്കുമില്ല.
മറ്റുള്ള താരങ്ങൾ ഒരു മത്സരം വിജയിപ്പിക്കാൻ സഹായിപ്പിക്കുമ്പോൾ ഇവന് ആ മത്സരത്തെ പൂർണമായും ഏകപക്ഷീയമാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ 40 കോടി വിലമതിക്കുന്ന താരമായിരിക്കാം അവൻ. ഒരുപക്ഷെ അദ്ദേഹം ഇത്രയും തുക ആവശ്യപ്പെടില്ലായിരിക്കാം. എന്നാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായി മാറാനുള്ള കഴിവ് അവനുണ്ട്. കാരണം ചരിത്രം മാറ്റാനും പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന താരമെന്ന വിശേഷണം അദ്ദേഹത്തിന്റെ കരിയറിൽ മുഴുവനും നിലനിൽക്കും”
2026 ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസിൽ യു.എ.ക്കെതിരെ വൈഭവ് ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ആകാശ് ചോപ്രയുടെ ഈ പരാമർശം. യു.എ.ഇക്കെതിരെ 53 പന്തുകളിൽ നിന്നും 204 റൺസാനു സൂര്യവംശി സ്വന്തമാക്കിയത്. 28 കൂറ്റൻ സിക്സുകളും 7 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം. മത്സരത്തിൽ തുടക്കം മുതലേ തകർത്തടിച്ച വൈഭവ് അനായാസമാണ് സെഞ്ച്വറി തികച്ചത്. വെറും 28 പന്തുകളിൽ നിന്നുമാണ് താരം മൂന്നക്കം കടന്നത്.

യു.എ.ഇക്കെതിരെ ഇന്ത്യ 7 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വൈഭവിന്റെ കരുത്തിൽ ഇന്ത്യ വിജയം പിടിച്ചെടുത്തു.


