അൽ നസറിനൊപ്പം ഗോളടിമേളം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ സാഡിനെതിരെ 2-1നാണ് അൽ നസർ വിജയിച്ചത്. മത്സരത്തിൽ പെനാൽറ്റിയിലൂടെയാണ് റൊണാൾഡോ ഗോൾ നേടിയത്.
മുഹമ്മദ് വാദ് ആണ് അൽ സാഡിനായി ഗോൾ നേടിയത്. എന്നാൽ പോർച്ചുഗീസ് താരം ജാവോ ഫെലിക്സിന്റെ ഗോളിൽ അൽ നസർ വിജയം പിടിച്ചെടുത്തു. ഗോൾ നേടിയ മുഹമ്മദ് വാദ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തത് അൽ നസറിന് അനുകൂലമായി.
മത്സരത്തിലെ ഗോളോടെ നിലവിൽ 987 ഗോളുകൾ നേടി മുന്നേറുന്ന റൊണാൾഡോക്ക് ആയിരം ഗോളുകളിലെത്താൻ ഇനി 13 ഗോളുകൾ മാത്രമാണ് ബാക്കിയുള്ളത്.

അടുത്തിടെയാണ് റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്.
ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും പടിയിറങ്ങിയാലും റൊണാൾഡോ ഗോളുകൾ നേടി പുതിയ ചരിത്രങ്ങൾ കുറിച്ചുകൊണ്ട് മുന്നേറുകയാണ്.


