ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ പേസർ മുഹമ്മദ് സിറാജ് ഉണ്ടായിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നാവുമായിരുന്നെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. സിറാജ് ഉണ്ടായിരുന്നെങ്കിൽ ഡാരൽ മിച്ചലും ഗ്ലെൻ ഫിലിപ്സും മൂന്ന് മണിക്കൂറിലധികം ക്രിസിൽ നിൽക്കുമായിരുന്നില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
വിരേന്ദർ സെവാഗിന്റെ വാക്കുകൾ
”മുഹമ്മദ് സിറാജ് ആദ്യ ഇലവനിലുണ്ടായിരുന്നെങ്കിൽ വെല്ലിംഗ്ടൺ ടെസ്റ്റിൻ്റെ റിസൽട്ട് തന്നെ മാറുമായിരുന്നു. സിറാജിന്റെ ശക്തി അദ്ദേഹത്തിൻ്റെ സീം മുവ്മെന്റാണ്. പഴയ പന്തിൽ റിവേഴ്സ് സ്വിംഗ് പായിക്കാനും അദ്ദേഹം മിടുക്കനാണ്. ഈ റിവേഴ്സ് സ്വിംഗുകൾ അന്തിമ ദിനത്തിൽ കിവി ബാറ്റർമാരെ ഇല്ലാതാക്കുമായിരുന്നു. സിറാജിൻ്റെ പന്തുകളിൽ കിവി ബാറ്റർമാർക്ക് ഉത്തരമുണ്ടാവുമായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഡാരൽ മിച്ചലും ഗ്ലെൻ ഫിലിപ്സും മൂന്ന് മണിക്കൂറിലധികം ക്രിസിൽ നിൽക്കുമായിരുന്നില്ല. സിറാജിന്റെ ആദ്യ പന്തുകളിൽ തന്നെ മിച്ചലും ഫിലിപ്സുമെല്ലാം പുറത്താവുമായിരുന്നു. സിറാജിന് എന്ത് കൊണ്ടാണ് അവസരം നിഷേധിച്ചതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല”
ന്യൂസിലാൻഡിലെയുള്ള ഏകദിന പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് സിറാജിന് അവസരം ലഭിച്ചത്. പരമ്പരയിൽ അവസാന മത്സരത്തിൽ സിറാജ് ഇന്ത്യൻ നിരയിൽ ഉണ്ടായത്. അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് സിറാജ് തിളങ്ങിയത്. പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയ താരം ന്യൂ ബോളിൽ കൃത്യമായ നിയന്ത്രം വരുത്തി ഡോട്ട് ബോളുകൾ എറിഞ്ഞുകൊണ്ട് എതിരാളികളെ സമ്മർദ്ദത്തിലാക്കി.

സിറാജിന്റെ പന്തുകൾ കിവികളെ കടുത്ത വെല്ലുവിളിയിലാക്കി. ഫിൻ അലനെയും ടിം സൈഫർട്ടിനെയും പുറത്താക്കിയാണ് സിറാജ് കരുത്തുതെളിയിച്ചത്. ന്യൂസിലാൻഡ് അവസരം ലഭിച്ച ആദ്യ മത്സരത്തിൽ തന്നെ തന്റെ സ്ഥാനം ബെഞ്ചിൽ അല്ലെന്ന് മാനേജ്മെന്റിനോട് വിളിച്ചുപറയുന്നതായിരുന്നു സിറാജിന്റെ പ്രകടനം. എന്നിട്ടും ടെസ്റ്റിൽ താരത്തെ പരിഗണിക്കാതെ പോവുകയായിരുന്നു.

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.


