ന്യൂസിലാൻഡിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതാണ് ഇന്ത്യക്ക് തിരിച്ചടൈയായതെന്ന് മുൻ പാകിസ്ഥാൻ താരം വസീം അക്രം. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ക്ഷീണമറിയാതെ പന്തെറിഞ്ഞത് സിറാജ് ആണെന്നാണ് വസീം അക്രം പറഞ്ഞത്.
വസീം അക്രമിന്റെ വാക്കുകൾ
”മുഹമ്മദ് സിറാജിനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയത് തന്നെ ഇന്ത്യക്ക് വലിയ തിരിച്ചടിയായി. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ബേസിൻ റിസർവിലെ പച്ചപ്പും ടീം മാനേജ്മെന്റ് കാണേണ്ടിയിരുന്നു. ടെസ്റ്റ് പരമ്പരകളിലെ നിരന്തര തോൽവികളെ തുടർന്ന് കോച്ച് ഗൗതം ഗാംഭീറിൻ്റെ കസേര തന്നെ ചോദ്യം ചെയ്യപ്പെട്ട വേളയിൽ അദ്ദേഹത്തെ രക്ഷിച്ചത് സിറാജായിരുന്നില്ലേ.. ഇംഗ്ലണ്ടിനെതിരായ അഞ്ച് മൽസര പരമ്പരയിലെ എല്ലാ മൽസരങ്ങളിലും ക്ഷീണമറിയാതെ പന്തെറിയുകയായിരുന്നു സിറാജ്. പെട്ടെന്ന് എങ്ങനെയാണ് സിറാജ് ടീമിന് അനഭിമതനായി മാറിയത്…? അദ്ദേഹത്തിന് പകരക്കാരായി അവസരം നൽകിയ ബൗളർമാരാവട്ടെ ടീമിനായി ഒന്നും നൽകിയതുമില്ല.”
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. സമനിലയോടെ പോയിന്റ് പട്ടികയിൽ കുതിക്കാനുള്ള അവസരം നഷ്ടമായത് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത പ്രഹരമായി. രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കും.


