തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടി-20 ട്രോഫിയിൽ കേരളത്തെ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ സഞ്ജു സാംസൺ മറ്റൊരു ഐതിഹാസിക നാഴികക്കല്ലിന് തൊട്ടരികെ. കുട്ടിക്രിക്കറ്റിൽ (T20) 9,500 റൺസ് പൂർത്തിയാക്കാൻ മലയാളി താരത്തിന് ഇനി വേണ്ടത് കേവലം 84 റൺസ് മാത്രമാണ്. ടൂർണമെന്റിൽ നാളെ അസമിനെതിരെ നടക്കുന്ന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ സഞ്ജുവിന് ഈ ചരിത്രനേട്ടം സ്വന്തം പേരിലാക്കാം.
എലൈറ്റ് ക്ലബ്ബിലേക്ക് അഞ്ചാമനായി സഞ്ജു
ടി-20 ക്രിക്കറ്റിൽ ഇതുവരെ 9,500 റൺസ് എന്ന മാന്ത്രിക സംഖ്യ പിന്നിട്ടത് നാല് ഇന്ത്യൻ താരങ്ങൾ മാത്രമാണ്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ് എന്നിവരാണ് ഈ പട്ടികയിലുള്ളത്. 84 റൺസ് കൂടി നേടുന്നതോടെ ഈ എലൈറ്റ് ക്ലബ്ബിൽ ഇടംപിടിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി സഞ്ജു സാംസൺ മാറും.
ഇതുവരെ കളിച്ച 369 ടി-20 മത്സരങ്ങളിൽ നിന്നായി 9,416 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 8 തകർപ്പൻ സെഞ്ച്വറികളും 60 അർധ സെഞ്ച്വറികളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്.
ഇന്ത്യൻ ദേശീയ ടീമിന് പുറമെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ഫ്രാഞ്ചൈസികൾക്കും ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനുമായി കളത്തിലിറങ്ങിയാണ് സഞ്ജു ഈ റൺമല പടുത്തുയർത്തിയത്.
ടീമിനായി വിട്ടുവീഴ്ച; കന്നിക്കിരീടം ലക്ഷ്യമിട്ട് കേരളം
2026 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ മികച്ച മുന്നേറ്റമാണ് കേരളം നടത്തുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയവും രണ്ട് തോൽവിയുമായി കേരളം പോയിന്റ് പട്ടികയിൽ കരുത്തുകാട്ടുന്നു. ആറാം മത്സരത്തിൽ നാളെ അസമാണ് കേരളത്തിന്റെ എതിരാളികൾ.
ടൂർണമെന്റിൽ സഹതാരങ്ങൾക്ക് അവസരം നൽകുന്നതിനായി തന്റെ സ്ഥിരം ഓപ്പണിംഗ് സ്ഥാനം വിട്ടുനൽകിയാണ് സഞ്ജു ബാറ്റ് വീശുന്നത്.
ടീമിന്റെ ആവശ്യാനുസരണം മൂന്നാം നമ്പറിലും നാലാം നമ്പറിലും എന്തിന് ഏഴാം നമ്പറിൽ വരെ ഇറങ്ങി ബാറ്റ് ചെയ്യാൻ താരം തയ്യാറായി.
ചരിത്രത്തിൽ ഇതുവരെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചിട്ടില്ല. 2021-ലും 2023-ലും ക്വാർട്ടർ ഫൈനൽ വരെ എത്തിയതാണ് ടൂർണമെന്റിലെ കേരളത്തിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.
ഇത്തവണ നായകൻ സഞ്ജു സാംസണിന്റെ ചിറകിലേറി കേരളം കന്നിക്കിരീടം മണ്ണിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


